കഴക്കൂട്ടം: കവിയും നിരൂപകനും അധ്യാപകനുമായിരുന്ന ഡോ. തോന്നയ്ക്കല്‍ വാസുദേവന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.45ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 31 വര്‍ഷക്കാലം കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപകനായിരുന്ന തോന്നയ്ക്കല്‍ വാസുദേവന്‍ തിരുവനന്തപുരം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ പ്രിന്‍സിപ്പലായാണ് വിരമിച്ചത്.1951ല്‍ തോന്നയ്ക്കല്‍ കുന്നുംപുറത്ത് വീട്ടില്‍ കൃഷ്ണക്കുറുപ്പിന്‍െറയും ഗൗരിക്കുട്ടിയുടെയും മകനായി ജനിച്ചു. 1972ല്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍നിന്ന് എം.എ ഒന്നാംറാങ്കോടെയാണ് പാസായത്.
നൂറുകണക്കിന് കവിതകള്‍ വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു. കിളിപ്പാട്ട് മാസികയില്‍ വന്ന ‘പെയ്ത്ത്’ ആണ് അവസാനമായി പ്രസിദ്ധീകരിച്ച കവിത. ‘മാധ്യമം’ ദിനപത്രത്തില്‍ 2016ല്‍ രാമായണ മാസത്തില്‍ രാമായണകഥാസാരം എഴുതിയിരുന്നു. നിരവധി നിരൂപണ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വില്യം വേഡ്സ്വര്‍ത്തിന്‍െറ ലിറിക്കല്‍ ബാലഡ്സിന്‍െറ ആമുഖം വിവര്‍ത്തനം ചെയ്തു. നിരൂപകനും മാര്‍ക്സിസ്റ്റ് സാഹിത്യ വിമര്‍ശകനുമായിരുന്ന എം.എന്‍. വിജയന്‍െറ ആത്മമിത്രമായിരുന്നു. എം.എന്‍. വിജയന്‍ ‘പാഠം’ മാസികയിലൂടെ ഇടതുപക്ഷ വിമര്‍ശം നടത്തിയപ്പോള്‍ ആ നിലപാടുകള്‍ക്കൊപ്പം തോന്നയ്ക്കല്‍ വാസുദേവനുമുണ്ടായിരുന്നു. ‘എം. എന്‍. വിജയന്‍- ചരിത്രത്തിന്‍െറ ആല്‍മരം’ എന്ന ലേഖനം ഏറെ പ്രശസ്തമാണ്.
സ്വര്‍ഗത്തിന്‍െറ താക്കോല്‍, യുങ്ങിന്‍െറ മന$ശാസ്ത്രം, മലയാള സാഹിത്യ വിമര്‍ശം, സ്വാതന്ത്ര്യം നിര്‍വചിക്കപ്പെടുമ്പോള്‍, മലയാളത്തിന്‍െറ വീരഗാഥകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യം സംഘം കണ്ണൂര്‍ ജില്ലാസെക്രട്ടറി , തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക ഭരണ സമിതിയംഗം, എം. എന്‍. വിജയന്‍ സാംസ്കാരിക വേദി അധ്യക്ഷന്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു.
പരേതയായ ശ്രീകലയാണ് ഭാര്യ. നൊവിന്‍ വാസുദേവ് (ഫ്ളവേഴ്സ് ചാനല്‍), ചേതന്‍ വാസുദേവ് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഷെമി മാര്‍ട്ടിന്‍, നീതു ഹരി. പരേതനായ കവി തോന്നയ്ക്കല്‍ നാരായണന്‍ സഹോദരനാണ്.
സംസ്കാരം തോന്നയ്ക്കലിലെ വീടായ കാവ്യത്തില്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.