തെരുവുനായ്ക്കള്‍ക്ക് പരിശീലനം നല്‍കാന്‍ പൊലീസ് ഒരുങ്ങുന്നു

തിരുവനന്തപുരം: തെരുവുനായ്ക്കളെ ദത്തെടുത്ത് പരിശീലനം നല്‍കാന്‍ കേരള പൊലീസിന്‍െറ നീക്കം. ഇതിനായി, ജനങ്ങള്‍ക്ക് ഭീഷണിയായി തെരുവുകളില്‍ കറങ്ങുന്ന നായ്ക്കളെ പിടിച്ച് സന്നദ്ധസംഘടനകള്‍ക്ക് കൈമാറാനുള്ള പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് മുമ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യം വീണ്ടും സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയത്. മാസങ്ങള്‍ക്കുമുമ്പ് എ.ഡി.ജി.പി ആര്‍. ശ്രീലേഖ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പൊടിതട്ടിയെടുക്കുന്നത്. തെരുവുനായ്ക്കളെ കൊല്ലുന്നതുകൊണ്ട് പ്രയോജനമില്ളെന്ന നിഗമനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ശ്രീലേഖ ‘മാധ്യമ’ത്തോട് പറഞ്ഞു.

അപകടകാരികളായ നായ്ക്കളെ പിടികൂടാന്‍ സാധിക്കില്ല. സാധുക്കളായ നായ്ക്കളെ കൊന്നതുകൊണ്ട് ഭീഷണി ഒഴിയില്ല. ഈ സാഹചര്യത്തില്‍ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ നായ്ക്കളെ പിടികൂടി പ്രത്യേക കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കണം. തുടര്‍ന്ന് അവക്ക് പരിശീലനം നല്‍കണം. ഇത്തരം കേന്ദ്രങ്ങളില്‍ ദത്തെടുക്കല്‍ സൗകര്യം ഏര്‍പ്പാടാക്കണം. മണംപിടിക്കല്‍ ഉള്‍പ്പെടെ കാര്യങ്ങളില്‍ വൈദഗ്ധ്യം തെളിയിക്കുന്ന നായ്ക്കളെ പൊലീസിന്‍െറ ഭാഗമാക്കണം. പല വിദേശരാജ്യങ്ങളിലും ഇത്തരം പദ്ധതി നടപ്പാക്കുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ബാധ്യത പൊലീസിനാണ്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.