?????? ??????????????? ???????????? ???? ?????? ??????????

വിമലയെത്തി; പുറംലോകത്തിന്‍െറ കാഴ്ചകളിലേക്ക് ഒരിക്കല്‍ക്കൂടി

പന്തീരാങ്കാവ്: വിമല പ്രതീക്ഷിച്ചതല്ല, ഇതുപോലൊരു സന്ദര്‍ശനം. നാലു പതിറ്റാണ്ടിനിടയില്‍ വീടിനു വെളിയിലേക്കുള്ള രണ്ടാമത്തെ വരവാണിത്. അതുകൊണ്ട് കൊടല്‍നടക്കാവ് പടിഞ്ഞാത്ത് മത്തേല്‍ വിമലക്ക് (50) മാത്രമല്ല ഒളവണ്ണ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു അത്.

എല്ലുപൊട്ടുന്ന അപൂര്‍വ രോഗത്തിനിരയാണ് ഈ അമ്പതുകാരി; ഒപ്പം വളര്‍ച്ചക്കുറവും. വലുപ്പം കഷ്ടിച്ച് രണ്ടടി മാത്രം. 10ാം വയസ്സുവരെ അമ്മയുടെ മടിയില്‍ കിടന്നുള്ള ആശുപത്രി യാത്രകളായിരുന്നു അവളുടെ പുറംലോക കാഴ്ചകള്‍. സ്കൂളിന്‍െറ പടിപോലും കണ്ടിട്ടില്ലാത്ത അവള്‍ അക്ഷരം പഠിച്ചത് ചേച്ചിമാരില്‍ നിന്നാണ്. അക്ഷരങ്ങള്‍ ചേര്‍ത്തുവായിക്കാന്‍ പഠിച്ചതോടെ പുസ്തകങ്ങളോട് ആര്‍ത്തിയായി. എം.ടിയെയും ഒ.എന്‍.വിയെയുമൊക്കെ വായിച്ചുതീര്‍ത്തു.

ആ കൈകളിലൊന്ന് അമര്‍ത്തിപ്പിടിച്ചാല്‍, കിടന്ന കിടപ്പില്‍നിന്ന് ഒറ്റക്കൊന്ന് നിവരാന്‍ ശ്രമിച്ചാല്‍ അവളുടെ എല്ലുകള്‍ പൊട്ടും. പിന്നെ നീണ്ടനാളത്തെ ചികിത്സ. ഇതായിരുന്നു അഞ്ചു പതിറ്റാണ്ടായുള്ള വിമലയുടെ ജീവിതം. പുറംകാഴ്ചകള്‍ അന്യമായിട്ടും പുസ്തകങ്ങളിലൂടെ അവള്‍ കണ്ട ലോകത്തെ കടലാസുകളിലേക്ക് പകര്‍ത്തി. കവിതകളും കഥകളുമായി നോട്ടുപുസ്തകങ്ങള്‍ നിറയെ അവള്‍ തന്‍െറ നോവും പ്രതീക്ഷകളും നിറച്ചു. കൈ കുത്തിക്കിടന്ന് വരക്കാന്‍ വലുപ്പത്തിലുള്ള കടലാസ് കാന്‍വാസുകളില്‍ അവള്‍ പ്രകൃതിയെ കോറിയിട്ടു.

സമീപത്തെ കൊടല്‍ ഗവ. സ്കൂള്‍ സുവനീറിലൂടെയാണ് വിമലയുടെ കവിത വെളിച്ചംകണ്ടത്. കഥയും കവിതയും മാത്രമല്ല ഫോണിലൂടെയും അല്ലാതെയും സൗഹൃദങ്ങളുടെ പരിധിയില്ലാത്തൊരു ലോകവും തീര്‍ത്തു വിമല. ഇതിനിടയില്‍ ഒരു കവിതാസമാഹാരവും പുറത്തിറക്കി. ജനാധിപത്യ മഹിള അസോസിയേഷന്‍ പന്തീരാങ്കാവ് മേഖലാ കമ്മിറ്റിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

2010ല്‍ അഴിഞ്ഞിലം കടവ് റിസോര്‍ട്ടില്‍ തിരുവനന്തപുരം ആസ്ഥാനമായ അമൃതവര്‍ഷിനി സംഘടിപ്പിച്ച, ഇത്തരം രോഗമുള്ളവരുടെ കൂട്ടായ്മയില്‍ പങ്കെടുക്കാനാണ് 10ാം വയസ്സിനുശേഷം ആദ്യമായി പുറത്തിറങ്ങിയത്. ഫോണിലൂടെ മാത്രം പരിചയമുള്ള സുഹൃത്തുക്കളെ അവളാദ്യമായി കാണുകയായിരുന്നു. പാട്ടും ചിരിയുമായി എന്നും ഓര്‍ത്തുവെക്കാവുന്നതായിരുന്നു ആ പകല്‍.

വീണ്ടുമൊരിക്കല്‍ക്കൂടി വിമല പുറംലോകം കണ്ടു, കഴിഞ്ഞ ദിവസം സഹോദര പുത്രന്‍ പുതുതായി തുടങ്ങിയ മൊബൈല്‍ ഷോപ്പിന്‍െറ ഉദ്ഘാടകയായി വന്നപ്പോഴായിരുന്നു അത്. ചടങ്ങിലുണ്ടായിരുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. തങ്കമണിയാണ് വിമലയെ ഗ്രാമപഞ്ചായത്തിലേക്ക് ക്ഷണിച്ചത്. സ്ട്രെച്ചറില്‍ ഓഫിസിനകത്തത്തെിയ വിമലയെ പ്രസിഡന്‍റ് കെ. തങ്കമണി, സെക്രട്ടറി അബ്ദുസ്സലാം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ടി.പി. സുമ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. അംഗപരിമിതര്‍ക്ക് കയറാവുന്നവിധം ഈയിടെ നിര്‍മിച്ച റാമ്പ് ഓഫിസിനകത്തേക്ക് കയറാന്‍ അവര്‍ക്ക് സഹായകമായി.

സന്ദര്‍ശനത്തിന്‍െറ ഓര്‍മക്കായി വെള്ളക്കടലാസില്‍ ഒരു ചിത്രവും വരച്ചുനല്‍കിയാണ് വിമല തിരിച്ചുപോയത്. പോകുമ്പോള്‍ രണ്ട് ആഗ്രഹങ്ങള്‍കൂടി അവള്‍ ബാക്കിവെച്ചിട്ടുണ്ട്; തന്‍െറ കവിത പുറംലോകത്തത്തെിച്ച സ്കൂള്‍ ഒന്ന് കാണണം. പലപ്പോഴായി വരച്ച ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം ആര്‍ട്ട് ഗാലറിയില്‍ ഒരുക്കണം. ഏറെ വൈകാതെ രണ്ട് ആഗ്രഹങ്ങളും നിറവേറ്റുമെന്ന ഉറപ്പുനല്‍കിയിട്ടുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. തങ്കമണി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.