ഡീസല്‍ വാഹന നിരോധം: ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് ഭാഗിക സ്റ്റേ

കൊച്ചി: 2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കരുതെന്ന, ഏറെ വിവാദമുണ്ടാക്കിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈകോടതി രണ്ടുമാസത്തേക്ക് സ്റ്റേചെയ്തു. അതേസമയം, പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ കേരളത്തിലെ നഗരറോഡുകളില്‍ ഓടാന്‍ അനുവദിക്കരുതെന്ന ട്രൈബ്യൂണല്‍ ഉത്തരവിന്‍െറ മറ്റൊരു ഭാഗം അതേപടി നിലനില്‍ക്കും. ഹരിത ട്രൈബ്യൂണല്‍ ഉത്തരവും അതിന്‍െറ അടിസ്ഥാനത്തില്‍ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നിര്‍ത്തിവെച്ചതും ചോദ്യംചെയ്ത് പ്രമുഖ വാഹന ഡീലറായ നിപ്പോണ്‍ മോട്ടോര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ ബാബു മൂപ്പന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്‍െറ ഉത്തരവ്.

ഡീസല്‍ വാഹനങ്ങള്‍ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നെന്നും മാരക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകരുടെ പാരിസ്ഥിതിക സംഘടനയായ ലോയേഴ്സ് എന്‍വയണ്‍മെന്‍റ് അവയര്‍നസ് ഫോറം (ലീഫ്) നല്‍കിയ ഹരജിയിലാണ് ഈ മാസം 23ന് ജസ്റ്റിസ് സ്വതന്ദര്‍ കുമാര്‍ അധ്യക്ഷനായ  ഹരിത ട്രൈബ്യൂണല്‍ ഉത്തരവുണ്ടായത്. ലൈറ്റ്, ഹെവി വ്യത്യാസമില്ലാതെ പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള എല്ലാ ഡീസല്‍ വാഹനങ്ങളും സംസ്ഥാനത്തെ ആറ് പ്രധാന നഗരങ്ങളില്‍ നിരോധിച്ചുകൊണ്ടുള്ളതായിരുന്നു ഈ ഉത്തരവിലെ പ്രധാന ഭാഗം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലാണ് പഴയ ഡീസല്‍ വാഹനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധമേര്‍പ്പെടുത്തിയത്. 30 ദിവസം കൂടി കഴിഞ്ഞാല്‍ ഈ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കരുതെന്നായിരുന്നു നിര്‍ദേശം.

പൊതു ഗതാഗതത്തിനും തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യത്തിനുമുള്ളവയൊഴികെ 2000 സി.സിക്ക് മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍  ചെയ്ത് നല്‍കരുതെന്നാണ് ഉത്തരവിലെ മറ്റൊരു ഭാഗം. ഈ രണ്ട് ഭാഗങ്ങളില്‍ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ തടഞ്ഞ ഉത്തരവിനാണ് സ്റ്റേ. അതേസമയം, പത്തുവര്‍ഷം പഴക്കമുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഹൈകോടതി ഇടപെട്ടില്ല. ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സ് കമ്പനിയുടെ ഡീലറായി പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനത്തെുടര്‍ന്ന് വാഹനകൈമാറ്റം നടത്തനാകുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. 1363 പുതിയ ഡീസല്‍ വാഹനങ്ങള്‍ തങ്ങളുടെ സ്ഥാപനം മുഖേന ബുക് ചെയ്തിരുന്നു.  465 എണ്ണം വിതരണത്തിനും തയാറായതാണ്. എന്നാല്‍, ട്രൈബ്യൂണല്‍ ഉത്തരവോടെ വാഹനങ്ങള്‍ കൈമാറ്റം ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. മോട്ടോര്‍ ബില്‍ഡിങ് പോളിസിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഡീസല്‍ വാഹനങ്ങളുടെ നിര്‍മാണവും വില്‍പനയും നടക്കുന്നത്.  കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധിച്ച ശേഷമാണ് ഇവ വില്‍പനക്ക് വരുന്നത്. എന്നാല്‍, ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയാണ് ട്രൈബ്യൂണല്‍ ഉത്തരവ്. ഈ സാഹചര്യത്തില്‍ ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കണമെന്നും പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍  ചെയ്യാന്‍ അനുമതി നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവായതിനാല്‍ ഇതിനെതിരായ ഹരജി ഹൈകോടതികളില്‍ നിലനില്‍ക്കില്ളെന്ന് ട്രൈബ്യൂണലിന്‍െറ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും  ഈ വാദം കോടതി തള്ളി. ഭരണഘടനാ കോടതികളുടെ അധികാരം തടയരുതെന്നാണ് വിധികളില്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. പുക പരിശോധന മറികടക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ള ഫോക്സ് വാഗണിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനത്ത് ഡീസല്‍ വാഹനങ്ങളുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നം പഠിച്ചശേഷം ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷക സംഘടന ട്രൈബ്യൂണലിനെ സമീപിച്ചത്.
എന്നാല്‍, ആവശ്യവുമായി ബന്ധപ്പെട്ടല്ല ഉത്തരവുണ്ടായത്.  അന്തിമ വിധിയുടെ സ്വഭാവത്തിലുള്ള ഇടക്കാല ഉത്തരവാണ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.