കോട്ടയം: ശമനമില്ലാത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ ഏഴു ജില്ലകളില്‍ കാര്‍ഷിക വിളകള്‍ക്കുണ്ടായ നഷ്ടം ഏകദേശം 30 കോടിയോളമെന്ന് കൃഷിവകുപ്പിന്‍െറ റിപ്പോര്‍ട്ട്. തിരുവനന്തപുരം, കാസര്‍കോട്, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ നെല്ല്, വാഴ, നാളികേരം, റബര്‍, കുരുമുളക്, ഏലം തുടങ്ങി 1478 ഹെക്ടറിലെ കൃഷി പൂര്‍ണമായും നശിച്ചതായി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജില്ലാതലത്തില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പഠനത്തിന്‍െറ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോര്‍ട്ട്. വാഴ-നെല്‍ കര്‍ഷകര്‍ക്കാണ് ഭീമമായ നഷ്ടം. വിലയിടിവില്‍ നട്ടംതിരിയുന്ന കാര്‍ഷിക മേഖലക്കുണ്ടായ നഷ്ടം പലയിടത്തും കര്‍ഷകരുടെ ദൈനംദിന ജീവിതത്തെപ്പോലും ബാധിച്ചിട്ടുണ്ടെന്നും അടിയന്തര ധനസഹായം ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കനത്ത ചൂടില്‍ പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മാത്രം 450 ഹെക്ടറിലെ നെല്‍കൃഷി നശിച്ചുവെന്നും സംസ്ഥാനതലത്തില്‍ ഇത് 700 ഹെക്ടറിലധികം വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 70-80 ഹെക്ടറിലെ വാഴകൃഷി പൂര്‍ണമായും നശിച്ചപ്പോള്‍ 160 ഹെക്ടറിലെ നാളികേരവും കുരുമുളക് കൃഷിയും ഉണങ്ങിപ്പോയെന്നും റിപ്പോര്‍ട്ടിലുണ്ട്. റബര്‍ വിലയില്‍ അടുത്തിടെയായി നേരിയ വര്‍ധന ഉണ്ടായെങ്കിലും ഉല്‍പാദനം കുറഞ്ഞതോടെ കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല. പലയിടത്തും ടാപ്പിങ് നിര്‍ത്തിവെച്ചത് ഉല്‍പാദന ഇടിവിന് കാരണമായി.കടുത്തവേനലില്‍ കാര്‍ഷിക മേഖലക്കുണ്ടായ നഷ്ടം ഇവയുടെ വിലവര്‍ധനക്കും ഇടയാക്കും. ഏറെ പ്രതീക്ഷയോടെ നാളികേര കര്‍ഷകര്‍ കണ്ടിരുന്ന നീരയുടെ ഉല്‍പാദനത്തെപ്പോലും കനത്ത ചൂട് പ്രതിസന്ധിയിലാക്കിയെന്നും നാളികേര-റബര്‍-നെല്‍കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.
അതേസമയം, തെരഞ്ഞെടുപ്പായതിനാല്‍ റിപ്പോര്‍ട്ടിന്മേല്‍ ഉടന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകാന്‍ സാധ്യതയുമില്ല. അതിനാല്‍ നഷ്ടപരിഹാരത്തിന് കര്‍ഷകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.