സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ധവളപത്രം

തിരുവനന്തപുരം: സംസ്ഥാനം അതിരൂക്ഷ സാമ്പത്തികപ്രതിസന്ധി നേരിടുകയാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രത്തില്‍ പറയുന്നു. നികുതിവരുമാനവളര്‍ച്ച കുത്തനെ ഇടിഞ്ഞതും ചെലവ് അനിയന്ത്രിതമായി ഉയര്‍ന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ സര്‍ക്കാറിന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം വരും വര്‍ഷങ്ങളിലുണ്ടാകും. പൂര്‍ണമായ ട്രഷറിസ്തംഭനമാണ് യു.ഡി.എഫ് ഭരണത്തിന്‍െറ ബാക്കിയായി പുതിയ സര്‍ക്കാറിന് ലഭിച്ചത്. പാവങ്ങളുടെ ആനുകൂല്യം കുറക്കാതെതന്നെ 20-25 ശതമാനം നികുതിപിരിവ് വര്‍ധിപ്പിച്ചും ചെലവ് നിയന്ത്രിച്ചും ബജറ്റിന് പുറത്ത് പണം സമാഹരിച്ച് പൊതുനിക്ഷേപം ഉയര്‍ത്തിയും പ്രതിസന്ധിയെ നേരിടുമെന്ന് ധനമന്ത്രി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സാമ്പത്തിക മുരടിപ്പാണ് വരുമാനം കുറയാന്‍ കാരണമെന്ന് പറയാനാകില്ല. അഴിമതിയും കെടുകാര്യസ്ഥതയുമാണ് നികുതിവളര്‍ച്ചയുടെ ഇടിവിന് കാരണം. നികുതിഭരണത്തില്‍ അഴിമതി ലക്ഷ്യംവെച്ചുള്ള അനധികൃത ഇടപെടലുണ്ടായെന്നും ധവളപത്രത്തില്‍ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ മാര്‍ച്ച് 31ന് 1643.99 കോടി ട്രഷറിയില്‍ മിച്ചമുണ്ടെങ്കിലും അത് കൃത്രിമമാണെന്ന് ധവളപത്രം കുറ്റപ്പെടുത്തുന്നു. 1800 കോടി നല്‍കുന്നത് തടഞ്ഞുവെച്ച ശേഷമാണ് ഈ മിച്ചം. ഇത് നല്‍കിയിരുന്നെങ്കില്‍ 173.46 കോടി കമ്മിയാണ് ഉണ്ടാവുക. കഴിഞ്ഞ ഇടത്സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പേള്‍ 146.72 കോടിയായിരുന്ന മിച്ചം ഇടത്കാലത്ത് ക്രമേണ വര്‍ധിച്ച് 2011ല്‍ 3513.72 കോടിയിലത്തെിയിരുന്നു. യു.ഡി.എഫ് ഭരണത്തില്‍ ഇത് കുറഞ്ഞ് ഇപ്പോള്‍ 173.46 കോടി കമ്മിയിലത്തെി. സര്‍ക്കാര്‍ അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ട ബാധ്യത 10,000 കോടിയുടേതാണ്. ഇതില്‍ 6,302 കോടി അടിയന്തരമായി നല്‍കേണ്ടതും 4,326 കോടി ബജറ്റില്‍ വിഹിതമില്ലാത്ത കാര്യങ്ങള്‍ക്ക് നല്‍കേണ്ടതുമാണ്. ധവളപത്രത്തില്‍ പറയുന്ന മറ്റു കാര്യങ്ങള്‍:

•പൊതുകടം 2010-11ലെ 78673.24 കോടിയില്‍ നിന്ന് ഇപ്പോള്‍ 155389.33 കോടിയായി വര്‍ധിച്ചു
•വായ്പ ഉപയോഗിച്ചത് റവന്യൂകമ്മി നേരിടാന്‍
•നികുതിവരുമാനവളര്‍ച്ച 2011ല്‍ 23.98 ശതമാനമായിരുന്നത് യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് 2016ല്‍ 10.13 ശതമാനമായി കുറഞ്ഞു
•കഴിഞ്ഞ മൂന്ന്വര്‍ഷം നികുതിവരുമാനത്തിലെ വളര്‍ച്ച സംസ്ഥാനത്തിന്‍െറ മൊത്ത വളര്‍ച്ചനിരക്കിനെക്കാള്‍ താഴെ
•പ്രതിസന്ധിയുടെ കാരണങ്ങള്‍: ചെലവിലെ ക്രമാതീത വര്‍ധന, ലഭ്യമായ വരുമാനത്തെക്കാള്‍ ഉയര്‍ന്ന അടങ്കല്‍ പ്രഖ്യാപിക്കുക, പണം വകയിരുത്താതെ ബജറ്റുകളില്‍ 1000 കോടി വീതം വരുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുക, ബജറ്റില്‍ ഇല്ലാത്ത പണം സ്ഥാപനങ്ങള്‍ക്കും സ്കീമുകള്‍ക്കും തസ്തികകള്‍ക്കും മന്ത്രിസഭ തീരുമാനിച്ച് നല്‍കുക തുടങ്ങിയവ
•ശമ്പളം, പെന്‍ഷന്‍ പലിശ ഒഴികെ പദ്ധതിയിതര ചെലവിലെ വര്‍ധന 30 ശതമാനമായി ഉയര്‍ന്നു.
•ധനകമ്മിയും റവന്യൂകമ്മിയും നിയന്ത്രിക്കാനായില്ല. യു.ഡി.എഫ് സര്‍ക്കാര്‍ ചെലവ് ചുരുക്കുകയോ വരുമാനം കൂട്ടുകയോ ചെയ്തില്ല.
•2015ല്‍ റവന്യൂകമ്മി 13795.96 കോടിയായി വര്‍ധിച്ചു. എന്നാല്‍, അനിവാര്യമായ ചെലവുകള്‍ പിറ്റേ വര്‍ഷത്തേക്ക് മാറ്റിവെച്ചത് മൂലം 2016ല്‍ ഇത് കുറഞ്ഞ് 8199.14 കോടിയായി.

അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ട ബാധ്യതകള്‍
ഇലക്ട്രോണിക് ലഡ്ജര്‍ സമ്പ്രദായം വഴി-1431 കോടി നിത്യനിദാനചെലവ് -450 കോടി, ട്രഷറി ചെക്കുകള്‍ -100 കോടി സാമൂഹിക സുരക്ഷാപെന്‍ഷന്‍ -806 കോടി ബാങ്കുകള്‍ക്കും കരാറുകാര്‍ക്കും നല്‍കാന്‍ -1632 കോടി വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള നിക്ഷേപം -1365 കോടി ഭൂമി ഏറ്റെടുക്കലിന്‍െറ ബാധ്യത -250 കോടി കര്‍ഷക-മത്സ്യത്തൊഴിലാളി പോലെ മറ്റ് പെന്‍ഷനുകള്‍ -268 കോടി

ബജറ്റില്‍ പറയാത്ത പദ്ധതികള്‍ക്ക് നല്‍കേണ്ട തുക
പതാകനൗക റോഡ് പദ്ധതി -1620 കോടി ബജറ്റ് വിഹിതത്തിനപ്പുറം ഭരണാനുമതി നല്‍കിയത് -1199 കോടി സര്‍വകലാശാല-കോളജ് അധ്യാപകര്‍ പോലെയുള്ളവര്‍ക്ക് ശമ്പളപരിഷ്കരണ കുടിശ്ശിക -500 കോടി നെല്ല് സംഭരണ കുടിശ്ശിക -471 കോടി വിപണി ഇടപെടല്‍ -536 കോടി റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങി നടന്നുവരുന്ന അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്ക് -15,000 കോടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.