വസ്ത്ര നിര്‍മാണ മേഖലക്ക് 6,000 കോടിയുടെ പാക്കേജ്

ന്യൂഡല്‍ഹി: വസ്ത്രനിര്‍മാണ, കയറ്റുമതി മേഖലക്ക് 6,000 കോടി രൂപയുടെ ഇളവടങ്ങുന്ന പാക്കേജ് കേന്ദ്രമന്ത്രിസഭ പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ് കമ്പനികളെ സഹായിക്കുന്നതിന് 10,000 കോടി രൂപയുടെ പ്രത്യേക നിധി രൂപവത്കരിക്കും. ഖജനാവിലേക്ക് 5.66 ലക്ഷം കോടി രൂപയുടെ വരുമാനം ലക്ഷ്യമിടുന്ന വന്‍കിട ടെലികോം സ്പെക്ട്രം ലേലത്തിനും മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഒൗഷധരംഗത്തെ നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്താന്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍നിന്ന് പിന്‍വലിച്ച് പുതിയത് കൊണ്ടുവരും.

വസ്ത്രനിര്‍മാണ മേഖലക്ക് പ്രഖ്യാപിച്ച പാക്കേജ് വഴി അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 3000 കോടി ഡോളറിന്‍െറ കയറ്റുമതി വര്‍ധനയും മൂന്നു വര്‍ഷം കൊണ്ട് 74,000 കോടിയുടെ നിക്ഷേപവുമാണ് ലക്ഷ്യം.  നികുതി, നിര്‍മാണ ഇളവുകള്‍ക്കു പുറമെ തൊഴില്‍ നിയമങ്ങളിലും ഇളവു വരുത്തി. വസ്ത്രനിര്‍മാണ മേഖലയിലെ പുതിയ തൊഴിലാളികളില്‍ പ്രതിമാസം 15,000 രൂപയില്‍ താഴെ വേതനമുള്ളവരുടെ ഇ.പി.എഫ് തൊഴിലുടമാ വിഹിതമായ 12 ശതമാനം മൂന്നു വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ അടക്കും. ഇപ്പോള്‍ 8.33 ശതമാനം തൊഴിലുടമാ വിഹിതം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 15,000 രൂപയില്‍ താഴെ വേതനം പറ്റുന്നവര്‍ക്ക് ഇ.പി.എഫ് നിര്‍ബന്ധമാക്കില്ല.

വസ്ത്രനിര്‍മാണ മേഖലയില്‍ ആഴ്ചയില്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം അനുവദിക്കില്ല. സീസണ്‍ അനുസരിച്ച്, നിശ്ചിത കാലാവധിക്ക് തൊഴില്‍ നല്‍കുന്ന രീതി കൊണ്ടുവരും. സംസ്ഥാനതല നികുതികള്‍ പുതിയ പദ്ധതിയിന്‍ കീഴില്‍ കേന്ദ്രം തിരിച്ചുകൊടുക്കും. ഇതുവഴി ഖജനാവിന് 5500 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടാകും. വിദേശ വിപണികളില്‍ നിരക്കിന്‍െറ കാര്യത്തില്‍ മത്സരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. ആദായ നികുതി വ്യവസ്ഥകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷം സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് 600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 500 കോടി രൂപ നല്‍കിയിരുന്നു. 15ാം ധനകമീഷന്‍െറ കാലാവധി വരെ ഇപ്പോള്‍ അനുവദിച്ച തുക വിനിയോഗിക്കും. ഇതുവഴി 18 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
ടെലികോം സ്പെക്ട്രത്തിന്‍െറ കാര്യത്തില്‍, ഇതുവരെ നടന്നതില്‍വെച്ച് ഏറ്റവും വലിയ തുകയുടെ ലേലമാണ് നടക്കാന്‍ പോവുന്നത്. ഇതിന് ജൂലൈ ഒന്നിന് അപേക്ഷ ക്ഷണിച്ചേക്കും. 2300, 700 മെഗാഹെട്സ് സ്പെക്ട്രമാണ് ലേലം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത്. 2014-15 സാമ്പത്തിക വര്‍ഷം ടെലികോം സേവന വ്യവസായികള്‍ക്ക് കിട്ടിയ മൊത്തം വരുമാനത്തിന്‍െറ ഇരട്ടിയാണ് സ്പെക്ട്രം വില്‍പനയിലൂടെ സമാഹരിക്കുന്ന തുക.

2013ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമഭേദഗതി ബില്ലാണ് പാര്‍ലമെന്‍റില്‍നിന്ന് പിന്‍വലിക്കുന്നത്. ബില്ലിലെ വ്യവസ്ഥകളില്‍ പാര്‍ലമെന്‍റ് സമിതി നിരവധി ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു. നിലവിലെ നിയമവ്യവസ്ഥകള്‍ അവലോകനം ചെയ്ത് വ്യവസായ നടത്തിപ്പ് ലളിതമാക്കാനും ഉല്‍പന്ന ഗുണമേന്മ വര്‍ധിപ്പിക്കാനും പാകത്തില്‍ പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
കോശ ഗവേഷണം, ക്ളിനിക്കല്‍ പരീക്ഷണം തുടങ്ങി വിവിധ രംഗങ്ങളിലെ ശാസ്ത്രീയ മുന്നേറ്റങ്ങള്‍കൂടി പരിഗണിച്ചാണ് പുതിയ ബില്‍ കൊണ്ടുവരുന്നതെന്നും, മോദി സര്‍ക്കാറിന്‍െറ ‘ഇന്ത്യയില്‍ നിര്‍മിക്കാം’ പരിപാടിപ്രകാരം വ്യവസായ നടത്തിപ്പ് ലളിതമാകുമെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.