ആറാംക്ലാസ് യോഗ്യതയുള്ള ഹൈടെക് കള്ളന്‍

കൊല്ലം: പഠിക്കുന്ന സമയത്ത് മോഷണം, ഒടുവിലത്തെിയത് ദുര്‍ഗുണപരിഹാരപാഠശാലയില്‍. അവിടെ നിന്നിറങ്ങിയശേഷം ഹൈടെക് മോഷ്ടാവായി മാറി. ആട് ആന്‍റണിയുടെ മോഷണകഥകള്‍ സൂപ്പര്‍ഹിറ്റ് സിനിമകളെയും വെല്ലുന്നതാണ്. ആറാംക്ളാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂവെങ്കിലും മോഷണരീതികളിലെ പരിജ്ഞാനം സാങ്കേതികതകളെ കടത്തിവെട്ടുന്നതായിരുന്നു.

40 വര്‍ഷത്തിനിടെ കേരളത്തിലും തമിഴ്നാട്ടിലുമായി കവര്‍ന്നത് ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ്. ആന്‍റണിക്ക് എട്ടുവയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. പറമ്പിലെ തേങ്ങ മോഷണം ഉള്‍പ്പെടെ നടത്തിയ ആന്‍റണി വൈകാതെ പൊലീസ് പിടിയിലായി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കൊല്ലത്തെ ദുര്‍ഗുണപരിഹാരപാഠശാലയിലാക്കി. അവിടെ നിന്നിറങ്ങിയതോടെ മോഷണം കൂടുതല്‍ ശക്തമാക്കി. മോഷണം നിര്‍ത്തി നന്നാവട്ടേയെന്ന് കരുതി സഹോദരന്‍ ഗള്‍ഫില്‍ കൊണ്ടുപോയെങ്കിലും രക്ഷയുണ്ടായില്ല. മൂന്നുമാസം മാത്രമാണ് അവിടെ നിന്നത്.

തൃശൂരിലെ ലോഡ്ജില്‍ താമസിക്കുമ്പോള്‍ പരിചയപ്പെട്ട റൂംബോയിയുടെ സഹോദരിയെ വിവാഹം കഴിച്ചു. അംഗീകൃതമായി ആന്‍റണിയുടെ ഏക വിവാഹവും ഇതാണ്. വിവിധ പരിചയത്തിലായി 17 സ്ത്രീകളെ പിന്നീട് വിവാഹം കഴിച്ചു. മോഷണം നടത്താനും ഒളിവില്‍ കഴിയാനും പല പേരുകളും അതിനനുസരിച്ച് വേഷവിധാനവും സ്വീകരിച്ചു. ഉള്ളൂര്‍ പ്രശാന്ത്നഗറിലും ചെന്നൈ മാധവപുരത്തും രാജേഷ് എന്ന പേരിലാണ് താമസിച്ചത്.

മണിയന്‍പിള്ളയെ കൊലപ്പെടുത്തിയശേഷം മുംബൈക്കടുത്തുള്ള ഷിര്‍ദിയില്‍ താമസമാക്കിയപ്പോള്‍ വെങ്കിടേശ്വന്‍ മകന്‍ ശ്രീനിവാസന്‍ എന്നായിരുന്നു പേര്. ഇവിടെ പൊലീസ് സംഘം അന്വേഷിച്ചത്തെിയപ്പോള്‍ 200 കിലോമീറ്റര്‍ അകലെ പോയി സംഘത്തെ തെറ്റിദ്ധരിപ്പിച്ചു. സംഘം ഇവിടേക്ക് തിരിച്ചപ്പോള്‍ ആന്‍റണി തിരികെ ഷിര്‍ദിയിലേക്കും മടങ്ങി. തമിഴ്നാട്ടിലെ തിരുപ്പൂരും ധാരാപുരത്തും താമസമാക്കിയപ്പോള്‍ സെല്‍വരാജ് എന്നായിരുന്നു പേര്.

പാലക്കാട് കരുമാണ്ട കൗണ്ടന്നൂരുള്ള യുവതിയെ  വിവാഹം കഴിക്കാന്‍ കണ്ണൂര്‍ സ്വദേശിയായ നായരായി അഭിനയിച്ചു. ബിസിനസ് എക്സിക്യൂട്ടിവ്, സിനിമാനിര്‍മാതാവ് ഉള്‍പ്പെടെ നിരവധി വേഷങ്ങള്‍ ആന്‍റണി കെട്ടിയാടി. നീലച്ചിത്രം നിര്‍മിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതുള്‍പ്പെടെ നിരവധി കേസുകളില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി കേസുകളിലായി എട്ട് വര്‍ഷത്തോളമാണ് നേരത്തേ ജയിലില്‍ കഴിഞ്ഞത്.

ഇനി പുറത്തിറങ്ങിയാലല്ലേ മോഷ്ടിക്കാന്‍ കഴിയൂ...

‘ഇനി പുറത്തിറങ്ങാന്‍ കഴിയില്ലല്ളോ, പിന്നെയെങ്ങനെ മോഷ്ടിക്കാനാ...’ കോടതിവിധി വന്നശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍െറ ചോദ്യത്തിന് മറുപടിയായി ആന്‍റണി പറഞ്ഞതാണിത്. ഇനിയെങ്കിലും മോഷണവും അക്രമവും നിര്‍ത്തിക്കൂടെയെന്നാണ് അദ്ദേഹം ചോദിച്ചത്. ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവിധമുള്ള ശിക്ഷയാണെന്ന് മനസ്സിലാക്കിയാണ് ആന്‍റണിയുടെ പ്രതികരണം. ജയിലില്‍നിന്ന് ചാടാന്‍ ശ്രമിക്കുമോയെന്ന ചോദ്യത്തിനും മറുപടി രസകരമായിരുന്നു. തന്‍െറ കൂടെ കിടക്കുന്നത് ആലുവ വധശ്രമക്കേസിലെ ആന്‍റണിയാണെന്ന് പറഞ്ഞു. ഇങ്ങോട്ട് വരുമ്പോള്‍ പോയി വാങ്ങിച്ചോണ്ട് വരാന്‍ പറഞ്ഞാ വിട്ടതെന്നും ആന്‍റണി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.