ഗുരുവിന്‍െറ ജാതിവര്‍ജന വിളംബരത്തില്‍ നിന്ന് ഒ.എന്‍.വിയുടെ കാവ്യശകലത്തിലേക്ക്...

തിരുവനന്തപുരം: നവോത്ഥാനകേരളത്തിന്‍െറ അടിസ്ഥാന മുദ്രാവാക്യമായ ശ്രീനാരായണഗുരുവിന്‍െറ ജാതിവര്‍ജനവിളംബരത്തില്‍ തുടങ്ങി, പ്രതിസന്ധികളിലും പ്രതീക്ഷ അര്‍പ്പിക്കുന്ന ഒ.എന്‍.വിയുടെ കവിതയില്‍ അവസാനിക്കുന്നതായിരുന്നു പിണറായി വിജയന്‍സര്‍ക്കാറിന് വേണ്ടി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ആദ്യ ബജറ്റ്. സുപ്രധാന മേഖലകളില്‍  ഗുരുവിന്‍െറ വചനങ്ങള്‍ ഉദ്ധരിച്ചാണ് പദ്ധതികള്‍ പ്രഖ്യാപിച്ചതും.
‘നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല’എന്ന് ശ്രീനാരായണ ഗുരു വിളംബരം ചെയ്തതിന്‍െറ നൂറാം വാര്‍ഷികമാണ് ഇക്കൊല്ലമെന്ന് ഓര്‍മിപ്പിച്ചാണ് ബജറ്റ് പ്രസംഗം തുടങ്ങിയത്. കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരു പ്രഖ്യാപനമാണിത്. ഇതിനെ കേരളജനത ഇന്നും പിന്തുടരുന്നു എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച ഒരു തെരഞ്ഞെടുപ്പിന്‍െറ ഫലമാണ് ഇന്നത്തെ സര്‍ക്കാര്‍. എന്നത്തെക്കാളും ശക്തിയോടെ സര്‍വസന്നാഹവുമൊരുക്കി വന്ന എല്ലാ ജാതിവര്‍ഗീയശക്തികളെയും ജനങ്ങള്‍ തള്ളിക്കളഞ്ഞ്, കേരളത്തിന്‍െറ നവോത്ഥാനപാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു.
സാമൂഹികജീവിതത്തില്‍ മാത്രമല്ല, രാഷ്ട്രീയ സാമ്പത്തിക ദര്‍ശനത്തിലും കേരളത്തിന്‍െറ നവോത്ഥാനപാരമ്പര്യത്തിന് ഒരു വീക്ഷണമുണ്ട്. വിപ്ളവാത്മകത ഏറ്റവും ഉന്നതിയിലത്തെിയ നിമിഷങ്ങളിലൊന്നാണ് താന്‍ പ്രത്യേക ജാതിയിലോ മതത്തിലോ  ഉള്‍പ്പെടുന്നില്ളെന്ന ഗുരുവിന്‍െറ പ്രഖ്യാപനം. ജാതീയ തിമിരം ബാധിച്ച ചില പ്രമാണിമാര്‍ ഇക്കാലത്താണ് ഗുരുവിനെ തിരസ്കരിച്ചതും എതിരായി കേസുപോലും ഫയല്‍ ചെയ്തതും. കേരളത്തിന്‍െറ നവോത്ഥാനപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതുമായിരിക്കും തങ്ങളുടെ സര്‍ക്കാറെന്നും ആമുഖം വ്യക്തമാക്കുന്നു.
‘അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ’ എന്ന ഗുരു പ്രാര്‍ഥന, ശിവഗിരി തീര്‍ഥാടന പ്രസംഗത്തില്‍ കൈവേലയും സാങ്കേതിക വിദ്യയും നിര്‍ദേശിച്ചത്, ‘വിദ്യാഭ്യാസം ചെയ്ത് അഭിവൃദ്ധിപ്പെടുക’ ‘വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃദ്ധി സാധിക്കില്ല’, ‘സാഹിത്യസംഘടനകളും വായനശാലകളും ഓരോരോ പ്രദേശങ്ങളില്‍ ഉണ്ടായിരിക്കേണ്ടത്’ എന്നീ 1910ലെ സന്ദേശം തുടങ്ങിയവ ബജറ്റില്‍ ഉദ്ധരിക്കുന്നു. ശിവഗിരിയില്‍ ജാതിയില്ലാ വിളംബരം ശതാബ്ദി മ്യൂസിയം സ്ഥാപിക്കാന്‍ അഞ്ചുകോടിയും ബജറ്റില്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ 2011ലെ ബജറ്റ് അവതരണത്തിന് ഒ.എന്‍.വി കുറുപ്പ് പ്രത്യേകമായി എഴുതിക്കൊടുത്ത വരികള്‍ ഓര്‍മിച്ചാണ് അദ്ദേഹത്തിന്‍െറ ‘ദിനാന്തം’ എന്ന അവസാനകാവ്യത്തിലെ
 ‘ഏതീരടി ചൊല്ലി
നിര്‍ത്തണമെന്നറിയാതെ
ഞാനെന്തിനോ കാതോര്‍ത്ത്
നില്‍ക്കവേ
നിശ്ശബ്ദരാക്കപ്പെടുന്ന
മനുഷ്യര്‍തന്‍ ശബ്ദങ്ങളെങ്ങുനിന്നോ
 കേള്‍ക്കുന്നു നമ്മള്‍ ജയിക്കും
ജയിക്കുമൊരു ദിനം
നമ്മളൊറ്റക്കല്ല നമ്മളാണീഭൂമി’.
എന്നീ വരികള്‍ ഉദ്ധരിച്ചാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത ചിത്രകാരന്‍ കെ.ജി. സുബ്രഹ്മണ്യന്‍െറ ചിത്രമായിരുന്നു ബജറ്റ് പുസ്തകത്തിന്‍െറ പുറംചട്ട.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.