കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ-കോൺഗ്രസ് സംഘർഷം

കോഴിക്കോട്: പ്രതിഷേധപ്രകടനവും ആഹ്ലാദപ്രകടനവും നടക്കുന്നതിനിടെ കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം. രാവിലെ നടത്തിയ കലക്ടറേറ്റ് മാർച്ചിനുനേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കമ്മീഷണർ ഓഫീസ് മാർച്ച്. സോളാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന വിജിലൻസ് കോടതി ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തതിനായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം.

ഇരുവിഭാഗവും മാവൂർ റോഡ് ജംഗ്ഷനിൽ മുഖാമുഖം എത്തുകയായിരുന്നു. ഇതിന് പിന്നാലെ ഉന്തും തള്ളുമുണ്ടായി. സി.പി.എമ്മിൻെറ ചില ബോർഡുകൾ കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ഡി.സി.സി പ്രസിഡൻറ് കെ.സി അബു അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രകടനത്തിൽ പങ്കെടുത്തു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റി.

രാവിലെ കലക്ടറേറ്റിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. മാർച്ച് കലക്ടറേറ്റ് കവാടത്തിൽ പൊലീസ് തടഞ്ഞു. പൊലീസ് പ്രതിരോധം മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചു. ഇത് തടയാൻ പൊലീസ് നടത്തിയ ശ്രമമാണ് ഉന്തിലും തള്ളിലും കലാശിച്ചത്. പൊലീസിന് നേരെ കല്ലേറുണ്ടായി. തുടർന്ന് സമരക്കാരെ പിരിച്ചുവിടാൻ ലാത്തി വീശി. ഗ്രനേഡും കണ്ണീർ വാതകവും  പ്രയോഗിക്കുകയും ചെയ്തു.

സംഘർഷത്തിൽ പൊലീസുകാർക്കും പ്രവർത്തകർക്കും പരിക്കേറ്റു. കലക്ടറേറ്റിന് മുന്നിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ തെരുവുയുദ്ധം തന്നെയാണ് നടന്നത്. ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ് അടക്കമുള്ളവർക്ക് പരിക്കുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.