അധ്യയനത്തിന് തടസ്സം നില്‍ക്കുന്ന സമരക്കാരെ നീക്കം ചെയ്യാം -ഹൈകോടതി

കൊച്ചി: അധ്യയനത്തിന് തടസ്സം നില്‍ക്കുന്ന പഠിപ്പ് മുടക്ക് സമരക്കാരെ കാമ്പസില്‍നിന്ന് പൊലീസിന് നീക്കം ചെയ്യാമെന്ന് ഹൈകോടതി. ക്ളാസില്‍ കയറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ തടയുകയോ അധ്യയനത്തിന് തടസ്സമുണ്ടാക്കുകയോ ചെയ്താല്‍ പ്രിന്‍സിപ്പലിന്‍േറയോ വകുപ്പ് മേധാവിയുടേയോ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസിന് ഇടപെടാന്‍ ബാധ്യതയുണ്ടെന്ന്  ജസ്റ്റിസ് വി. ചിദംബരേഷ് ഉത്തരവിട്ടു. ഇതിന് പുറമെ അധ്യയനം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കോളജ് അധികൃതരും കര്‍ശനമായ അച്ചടക്ക നടപടിയെടുക്കണം.

ക്ളാസില്‍ ഒരു കുട്ടിയെങ്കിലുമുണ്ടെങ്കില്‍ പഠിപ്പിക്കാന്‍ അധികാരപ്പെട്ടവരാണ് അധ്യാപകരെന്നും ഉന്നത വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലീകാവകാശമാണെന്ന് പറയാനാവില്ളെങ്കിലും വ്യക്തിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ഘടകമെന്ന നിലയില്‍ മനുഷ്യാവകാശമാണെന്നും കോടതി വ്യക്തമാക്കി. മതിയായ ക്ളാസ് പൂര്‍ത്തിയാക്കാതെ പരീക്ഷ നടത്തുന്നത് ചോദ്യം ചെയ്ത് കൊച്ചി സര്‍വകലാശാല സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് സിംഗ്ള്‍ബെഞ്ചിന്‍െറ വിധി.

ഹരജിയില്‍ മറ്റ് വിദ്യാര്‍ഥികളെയും കക്ഷി ചേര്‍ത്തിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്കര്‍ഷിച്ചിട്ടുള്ള വിധം കൃത്യമായി അധ്യയനം നടത്താതെയാണ് പരീക്ഷ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ലിയോ ലൂക്കോസ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. നവംബര്‍ 11 മുതല്‍ നടക്കേണ്ടിയിരുന്ന ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് സെമസ്റ്റര്‍ പരീക്ഷകള്‍ ഹരജിയെ തുടര്‍ന്ന് കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. പരീക്ഷകള്‍ സംബന്ധിച്ച കോടതി ഉത്തരവുകളും ബാര്‍ കൗണ്‍സില്‍ നിബന്ധനകളും പാലിക്കാതെയാണ് ബി.ബി.എ എല്‍.എല്‍.ബി, ബി. കോം എല്‍.എല്‍.ബി കോഴ്സില്‍ സര്‍വകലാശാല പരീക്ഷകള്‍ ക്രമീകരിച്ചതെന്നായിരുന്നു ഹരജിയിലെ വാദം. ബാര്‍ കൗണ്‍സിലിന്‍െറ നിയമ വിദ്യാഭ്യാസ നിയമ പ്രകാരം നിയമ ബിരുദ കോഴ്സിനെ സെമസ്റ്റര്‍ സമ്പ്രദായത്തിലാക്കി മാറ്റുകയും നിശ്ചിത തോതില്‍ പഠനം നടന്നിരിക്കണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി.

നിയമ പഠനത്തിന്‍െറ നിലവാരം ഉയര്‍ത്തുന്നതിന്‍െറ ഭാഗമായാണ് പ്രത്യേക നിബന്ധനകള്‍ ബാര്‍ കൗണ്‍സില്‍ കൊണ്ടുവന്നത്. ആഴ്ചയില്‍ 36 മണിക്കൂര്‍ എന്ന രീതിയില്‍ 18 ആഴ്ചകളിലായി 648 മണിക്കൂര്‍ ക്ളാസുകളാണ് ഒരു സെമസ്റ്ററില്‍ നടക്കേണ്ടത്. ലെക്ചര്‍ ക്ളാസ്, സെമിനാര്‍, മൂട്ട് കോര്‍ട്ട്, ട്യൂട്ടോറിയല്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ മണിക്കൂര്‍ നിബന്ധന വെച്ചിരിക്കുന്നത്. ബാര്‍ കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ പാലിച്ചാവണം ക്ളാസുകള്‍ നടക്കേണ്ടത്. എന്നാല്‍, കൊച്ചി സര്‍വകലാശാലയില്‍ ഹോസ്റ്റല്‍ സമരം, യുവജനോത്സവം എന്നിവയുടെ പേരില്‍  പകുതി ക്ളാസുകള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. മുമ്പ് രണ്ട് തവണ തീയതി നിശ്ചയിച്ചശേഷം 2016  ജനുവരി 28 നാണ് പരീക്ഷ നടത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. സര്‍വകലാശാലയില്‍ മികച്ച അധ്യാപകരാണുള്ളതെങ്കിലും ക്ളാസുകള്‍ വിവിധ കാരണങ്ങളാല്‍ തടസ്സപ്പെടുകയാണുണ്ടായതെന്ന് കോടതി വ്യക്തമാക്കി.

ആറാം കേന്ദ്ര ശമ്പള കമീഷന്‍ ശിപാര്‍ശ പ്രകാരം അധ്യാപകരുടെ ശമ്പളം ഉയര്‍ത്തണമെന്ന നിയമ വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റിയുടെ ശിപാര്‍ശയും അംഗീകരിക്കണം.വിദ്യാഭ്യാസമെന്നത് ഉള്‍ക്കൊള്ളല്‍, കൈവശപ്പെടുത്തല്‍, പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന പ്രക്രിയയാണ്. സമരം ചെയ്യുന്നവര്‍ക്ക് മറ്റ് വിദ്യാര്‍ഥികളുടെ പഠിപ്പ് മുടക്കാന്‍ അവകാശമില്ളെന്ന വിജയകുമാര്‍ കേസില്‍ മുന്‍ ഉത്തരവ് കോടതി ഉദ്ധരിച്ചു. പഠിപ്പ് മുടക്കില്‍ പങ്കെടുക്കാത്തവര്‍ക്ക് തടസ്സമില്ലാതെ അധ്യയനം നടത്താനുള്ള അവകാശമുണ്ട്. സമരത്തില്‍ പങ്കെടുക്കാതിരിക്കല്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന്‍െറ ഭാഗമാണ്. അതിനാല്‍, കാമ്പസിനകത്ത് ധര്‍ണ, പ്രകടനം എന്നിവ പാടില്ളെന്ന് മുന്‍ ഉത്തരവില്‍ പറയുന്നുണ്ട്. അധ്യയനത്തെ ബാധിക്കരുത് എന്ന് വ്യക്തമാക്കിയിരിക്കെ കാമ്പസിനകത്ത് സമരം നടത്തുന്നത് അനുവദിക്കാനാവില്ല. ക്യത്യമായി ക്ളാസുകള്‍ നടത്തി പരീക്ഷ എഴുതാനുള്ള സാഹചര്യമുണ്ടാകുമ്പോഴാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്‍െറ സുരക്ഷിതത്വം ലഭ്യമാകുക. ഹാജറിന്‍െറ കാര്യത്തില്‍ വരുംവരായ്കകള്‍ സംബന്ധിച്ച് സ്വന്തം ഉത്തരവാദിത്തത്തില്‍ സമരം ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് ക്ളാസ് വിട്ടുപോകാം.

എന്നാല്‍, ക്ളാസിലിരിക്കാന്‍ താല്‍പര്യപ്പെടുന്നവരെ തടസ്സപ്പെടുത്തരുത്. ക്ളാസില്‍ ഒരാളാണെങ്കില്‍ പോലും അധ്യാപനത്തിന് വേണ്ടിയുള്ള ഈ സമയം അധ്യാപകരെ സംബന്ധിച്ച് ഏറെ വിലപ്പെട്ടതും അവഗണിക്കാനാവാത്തതുമാണ്. അതിനാല്‍, ബാര്‍ കൗണ്‍സില്‍ അനുശാസിച്ചിട്ടുള്ള വിധം ലെക്ചര്‍ ക്ളാസ്, സെമിനാര്‍, മൂട്ട് കോര്‍ട്ട്, ട്യൂട്ടോറിയല്‍ എന്നിവക്കായി ഈ സമയം ഉപയോഗപ്പെടുത്തണം. അധ്യയന വര്‍ഷവുമായി ബന്ധപ്പെട്ട നടപടികളുടെ സമയക്രമം പാലിക്കാനായി കോളജ് അധികൃതര്‍ സ്വീകരിക്കുന്ന നടപടി വിദ്യാഭ്യാസത്തിന്‍െറ ഗുണനിലവാരം തകര്‍ക്കുന്നുണ്ട്. ഇത് വിദ്യാര്‍ഥികളില്‍ മാനസിക സമ്മര്‍ദമുണ്ടാക്കുന്നതായും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.