മത്സ്യമേഖലയും വിദേശ വിപണിക്ക് തുറന്നുകൊടുക്കുന്നു

തിരുവനന്തപുരം: രാജ്യത്തെ മത്സ്യമേഖല വിദേശ വിപണിക്കും നിക്ഷേപത്തിനും തുറന്നുകൊടുക്കാന്‍ ലക്ഷ്യമിട്ട് ദേശീയ സമുദ്ര മത്സ്യമേഖലാ നയം കേന്ദ്രം പരിഷ്കരിക്കുന്നു. സാധാരണ കരട് നയം തയാറാക്കി സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഈ മേഖലയിലെ സംഘടനകള്‍ക്കും വിദഗ്ധര്‍ക്കും നല്‍കി അഭിപ്രായവും നിര്‍ദേശവും ആരായുകയാണ് പതിവ്.എന്നാല്‍, ഗൗരവമായി നിര്‍വഹിക്കേണ്ട നയപരിഷ്കരണം ചോദ്യാവലിയുടെ മാത്രം സഹായത്തോടെ പൂര്‍ത്തീകരിക്കാനാണ് ഇപ്പോള്‍ കേന്ദ്ര നീക്കം. ‘അതെ അല്ളെങ്കില്‍ അല്ല’ എന്ന് മാത്രം ഉത്തരം നല്‍കാന്‍ കഴിയുന്ന തരത്തിലാണ് ചോദ്യാവലി.  മേഖലയില്‍ നിര്‍ണായകമായ പരമ്പരാഗത മത്സ്യത്തൊഴിലാളി പ്രതിനിധികളെ പൂര്‍ണമായി ഒഴിവാക്കിയാണ് വിദഗ്ധ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നതും. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ അയ്യപ്പന്‍ ചെയര്‍മാനും കേന്ദ്ര കൃഷി മന്ത്രാലയം ജോയന്‍റ് സെക്രട്ടറി മെംബര്‍ സെക്രട്ടറിയുമാണ്.
വന്‍കിട വിദേശ ട്രോളറുകള്‍ക്ക് സംസ്ഥാനങ്ങളുടെ അധികാരപരിധിയായ 12 നോട്ടിക്കല്‍ മൈല്‍ സമുദ്രാതിര്‍ത്തിയില്‍ വരെ മീന്‍പിടിക്കാന്‍ സഹായകമാകുന്ന നടപടിക്ക് മാസങ്ങള്‍ക്ക് മുമ്പേ കേന്ദ്രം മുതിര്‍ന്നിരുന്നു. ഈ നിര്‍ദേശങ്ങള്‍ അടങ്ങിയ മീനാകുമാരി കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. സംസ്ഥാനങ്ങളും കേന്ദ്രവും പങ്കിടുന്നതാണ് മത്സ്യമേഖല. നയം പരിഷ്കരിക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായുകയും കൂടിയാലോചന നടത്തേണ്ടതുമാണ്. എന്നാല്‍, 600 കിലോമീറ്റര്‍ തീരമുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി കൂടിയാലോചനക്ക് തയാറായിട്ടില്ല. സംസ്ഥാന പ്രതിനിധിയെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമെന്നാണ് ആക്ഷേപം. വന്‍കിട വിദേശ കമ്പനികള്‍ ലെറ്റര്‍ ഓഫ് പെര്‍മിറ്റിന്‍െറ (എല്‍.ഒ.പി) മറവിലാണ് സമുദ്ര അതിര്‍ത്തിയില്‍ കടന്ന് മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നത്. ഇത്  അവസാനിപ്പിക്കണമെന്ന് കേന്ദ്രം നിയോഗിച്ച മുരാരി കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പുതിയ ചോദ്യാവലിയിലും ഇത് കടന്നുകൂടിയിട്ടുണ്ട്. വിദേശ ട്രോളറുകളെ സഹായിക്കാനാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദേശീയ മത്സ്യമേഖലാ നയം രൂപവത്കരിക്കുമ്പോള്‍ അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, പ്രാദേശിക ആവശ്യകതയും പ്രശ്നങ്ങളും കണക്കിലെടുത്തില്ളെന്നും ആക്ഷേപമുണ്ട്. മത്സ്യബന്ധനത്തിന് പുറമെ മത്സ്യവ്യവസായം, മത്സ്യകൃഷി, വിപണനം, ഉപഭോഗം, കയറ്റുമതി, മത്സ്യ ടൂറിസം എന്നീ ഉപമേഖലകളെ  പരിഗണിച്ചിട്ടേയില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ അംഗീകരിച്ച കരാറുകളും വ്യവസ്ഥകളും നയ പരിഷ്കരണത്തിന് കണക്കിലെടുക്കണമെന്നതും പാലിച്ചിട്ടില്ല. മത്സ്യബന്ധനരംഗം, അനുബന്ധ മത്സ്യ ഉല്‍പന്നങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ സ്വതന്ത്ര വിപണനം സാധ്യമാക്കുന്ന തരത്തില്‍ മത്സ്യമേഖല വിദേശ കുത്തകകള്‍ക്ക് തുറന്നിടുന്നത് സംബന്ധിച്ച് ലോബികള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. യു.എന്‍ മുന്നോട്ടുവെച്ച മത്സ്യബന്ധന പെരുമാറ്റച്ചട്ടങ്ങള്‍ (സി.സി.ആര്‍.എഫ്), ചെറുകിട മത്സ്യമേഖലാ സംരക്ഷണ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാനുള്ള നയ- നിയമ നടപടികള്‍ ആവിഷ്കരിക്കുന്നതിനെക്കുറിച്ചും സൂചനയില്ല.12 വര്‍ഷത്തിന് ശേഷമാണ് നയം പരിഷ്കരിക്കാന്‍ കേന്ദ്രം തയാറെടുക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.