അനധികൃത സ്വത്ത് സമ്പാദനം: മലപ്പുറം പാസ്പോര്‍ട്ട് ഓഫിസര്‍ക്കെതിരെ വീണ്ടും കേസ്

കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ മലപ്പുറം മുന്‍ പാസ്പോര്‍ട്ട് ഓഫിസര്‍ പി. രാമകൃഷ്ണനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് സി.ബി.ഐ കേസെടുത്തു. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തില്‍ രാമകൃഷ്ണന്‍ 2014 -15 കാലഘട്ടത്തില്‍ 24 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് സി.ബി.ഐ കണ്ടത്തെിയത്. നിയമവിരുദ്ധമായി പാസ്പോര്‍ട്ട് അനുവദിക്കാനായി വാങ്ങിയതാവാം ഈ പണമെന്ന് സംശയിക്കുന്നു. അന്വേഷണ ഭാഗമായി രാമകൃഷ്ണനെ അടുത്ത ദിവസങ്ങളില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.
2015 ജൂലൈയിലാണ് കൈക്കൂലി കേസില്‍ രാമകൃഷ്ണന്‍ പിടിയിലായത്. ഇയാളുടെ ഏജന്‍റ് അബ്ദുല്‍ അമീറിനെയും സി.ബി.ഐ സംഘം പിടികൂടി. അറസ്റ്റിന് പിന്നാലെ പാസ്പോര്‍ട്ട് ഓഫിസറുടെ വീട്ടിലും ഓഫിസിലും നടന്ന പരിശോധനയില്‍ വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടത്തെിയിരുന്നു. യു.എന്നില്‍ ജോലി ചെയ്യുന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സി.ബി.ഐ രാമകൃഷ്ണനെതിരെ അന്വേഷണം ആരംഭിച്ചത്.
യു.എന്‍ ഉദ്യോഗസ്ഥന്‍െറ ബംഗളൂരു വിലാസത്തിലുള്ള താല്‍ക്കാലിക പാസ്പോര്‍ട്ട് പുതുക്കി മലപ്പുറം വിലാസത്തില്‍ പാസ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയപ്പോള്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെ ഉദ്യോഗസ്ഥന്‍ സി.ബി.ഐയെ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് ഓഫിസറും സഹായിയും പിടിയിലായത്. രാമകൃഷ്ണന്‍ നിലവില്‍ സസ്പെന്‍ഷനില്‍ കഴിയുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.