സമസ്തയുടെ മുതിര്‍ന്ന നേതൃത്വത്തിന്‍െറ അവസാന കണ്ണി

കോഴിക്കോട്: സ്വപ്രയത്നത്താല്‍ കര്‍മശാസ്ത്ര പാണ്ഡിത്യത്തിന്‍െറ കൊടുമുടിയിലത്തെിയ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തോടെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് നഷ്ടമായത് മുതിര്‍ന്ന നേതൃത്വത്തിന്‍െറ അവസാന കണ്ണി. സമസ്തയുടെ മണ്‍മറഞ്ഞ സാരഥികളായിരുന്ന കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കൂറ്റനാട് കെ.വി. മുഹമ്മദ് മുസ്ലിയാര്‍, കെ.ടി. മാനുമുസ്ലിയാര്‍, കെ.കെ. അബൂബക്കര്‍ ഹസ്രത്ത്, സി.എച്ച്. ഹൈദ്രോസ് മുസ്ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ അസ്ഹരി തങ്ങള്‍ എന്നിവര്‍ക്കൊപ്പം തോളോടുചേര്‍ന്ന് പ്രവര്‍ത്തിച്ച സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തോടെ സമസ്തക്ക് മുതിര്‍ന്ന പണ്ഡിതശ്രേണിയുടെ പട്ടികയാണ് അവസാനിക്കുന്നത്.

മലപ്പുറം കൊണ്ടോട്ടി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസവും മഞ്ചേരി, ചാലിയം എന്നീ പള്ളി ദര്‍സുകളിലെ ഗുരുകുല വിദ്യാഭ്യാസവും മാത്രമാണ് അടിസ്ഥാന യോഗ്യതയെങ്കിലും സ്വപ്രയത്നംകൊണ്ട് പാണ്ഡിത്യത്തിന്‍െറ മികവ് തെളിയിക്കാനായി എന്നതാണ് സൈനുദ്ദീന്‍ മുസ്ലിയാരുടെ പ്രത്യേകത. കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഇദ്ദേഹത്തെ വെല്ലാന്‍ അധികമാരും ഉണ്ടായിരുന്നില്ല.

1980ല്‍ സമസ്ത മുശാവറയില്‍ (പരമോന്നത കൂടിയാലോചന സഭ) അംഗമായതുമുതല്‍ കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട ഏതു പ്രശ്നങ്ങളും ചര്‍ച്ചക്കു വന്നാല്‍ സൈനുദ്ദീന്‍ മുസ്ലിയാരെയായിരുന്നു മറുപടിക്കായി മുശാവറ ഏല്‍പിച്ചിരുന്നത്. സമസ്തയുടെ ഫത്വ ബോര്‍ഡിന്‍െറ ചെയര്‍മാന്‍കൂടിയായിരുന്നു കാലങ്ങളായി ചെറുശ്ശേരി. കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട മതവിധി ചോദിച്ചാല്‍ പ്രസ്തുത വിഷയം പരാമര്‍ശിച്ച ഗ്രന്ഥങ്ങളുടെ പേരും പേജ് നമ്പറും സഹിതം ആധികാരികമായി ഉടന്‍ മറുപടി നല്‍കാന്‍ അനിതരസാധാരണമായ കഴിവായിരുന്നു ഇദ്ദേഹത്തിന്.

സ്വത്ത് വീതംവെക്കല്‍, അനന്തരാവകാശം, കുടുംബപ്രശ്നം തുടങ്ങി ഏത് വിഷയത്തിലും കൃത്യമായി മറുപടിയും ഫത്വയും ഇദ്ദേഹത്തില്‍നിന്ന് ലഭിക്കുമായിരുന്നു. ഇസ്ലാമിലെ നാല് മദ്ഹബുകളിലെയും (ചിന്താധാര) കര്‍മശാസ്ത്ര വിധികള്‍ ഒരേപോലെ ഹൃദിസ്ഥമായിരുന്നു. സമസ്ത ഫത്വ ബോര്‍ഡ് ചേരുമ്പോള്‍ നാടിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നും മഹല്ലുകളില്‍നിന്നും മതവിധി ആവശ്യപ്പെട്ടുള്ള കത്തുകള്‍ക്ക് മറുപടി നല്‍കിയതും സൈനുദ്ദീന്‍ മുസ്ലിയാരായിരുന്നു. മതവിധി ആവശ്യപ്പെട്ട് എത്തുന്ന ആരെയും സാവകാശം ചോദിച്ച് അദ്ദേഹം മടക്കിയിരുന്നില്ല. ചോദ്യത്തിന് ആധികാരിക ഗ്രന്ഥങ്ങളുദ്ധരിച്ച് അപ്പോള്‍ തന്നെ മറുപടി നല്‍കും. ഉത്തരമെഴുതി നല്‍കണമെന്ന് അഭ്യര്‍ഥിച്ചാല്‍ ചോദ്യമെഴുതി നല്‍കാന്‍ ആവശ്യപ്പെടും. രേഖാമൂലം ലഭിക്കുന്ന ചോദ്യത്തിന് അപ്പോള്‍തന്നെ മറുപടിയും എഴുതി നല്‍കും. ആധികാരിക ഗ്രന്ഥങ്ങളുടെ പേരും വിഷയം പ്രതിപാദിച്ച പേജ് നമ്പറും വരെ ആ മറുപടിയിലുണ്ടാകും.

കര്‍മനിരതനായിരിക്കത്തെന്നെയാണ് സൈനുദ്ദീന്‍ മുസ്ലിയാരുടെ അന്ത്യവുമുണ്ടായത്. ജനുവരി നാലിന് താന്‍ പ്രോ ചാന്‍സലറായ ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ക്ക് ഹദീസ് പഠനക്ളാസ് പൂര്‍ത്തിയാക്കി (സഹീഹ് മുസ്ലിം) മുറിയിലത്തെി വിശ്രമിക്കുമ്പോള്‍, തിരൂരങ്ങാടി മഹല്ലില്‍നിന്ന് മതവിധി തേടിയത്തെിയവരോട് സംസാരിക്കവെ ക്ഷീണിതനാവുകയായിരുന്നു. കൊണ്ടോട്ടി ആശുപത്രിയില്‍നിന്ന് കോഴിക്കോട്ടെ  സൂപ്പര്‍ സ്പെഷാലിറ്റിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്കാഘാതം ഗുരുതരാവസ്ഥയിലായിരുന്നു. മാസത്തോളം ഐ.സിയുവില്‍ കഴിഞ്ഞ മുസ്ലിയാരെ ഏതാനും ദിവസംമുമ്പ് മുറിയിലേക്ക് മാറ്റിയെങ്കിലും സംസാരശേഷി നഷ്ടപ്പെട്ടു. വ്യാഴാഴ്ച വെളുപ്പിന് തസ്ബീഹ് മാലയില്‍ ദിക്റ് ചൊല്ലിക്കൊണ്ടിരിക്കെയായിരുന്നു അന്ത്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.