യുവതിയുടെ മതം മാറ്റം: മഞ്ചേരിയിലെ സ്ഥാപനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

കൊച്ചി: ഇസ്ലാമില്‍ ആകൃഷ്ടയായ യുവതി മതപഠനത്തിന് ചേര്‍ന്ന മഞ്ചേരിയിലെ സ്ഥാപനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈകോടതി ഉത്തരവ്. യുവതി രണ്ട് മാസത്തെ മതപഠന കോഴ്സിന് താമസിക്കുന്ന സത്യസരണിയെക്കുറിച്ച് അന്വേഷിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ നിര്‍ദേശം. മതം മാറിയ മകള്‍ തീവ്രവാദ സംഘടനയില്‍ ചേരാന്‍ സിറിയയിലേക്ക് പോകാന്‍ ഒരുങ്ങുന്നതായി ആരോപിച്ച് പിതാവ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഹരജിക്കാരന്‍െറ 24കാരിയായ മകള്‍ക്ക് പാസ്പോര്‍ട്ടുണ്ടോയെന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ച് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.
ചൊവ്വാഴ്ച സഹായിയായ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനി സൈനബക്കൊപ്പം ഹൈകോടതിയിലത്തെിയ യുവതി മാതാപിതാക്കളോടൊപ്പം പോകില്ളെന്ന് വ്യക്തമാക്കിയെങ്കിലും സൈനബക്കൊപ്പം വിടാന്‍ കോടതി തയാറായില്ല. യുവതിയെ ഒരുമാസമായി കാണാനില്ലായിരുന്നെന്ന പൊലീസിന്‍െറ റിപ്പോര്‍ട്ട് പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് അവരെ എറണാകുളത്തെ ഹോസ്റ്റലില്‍ പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. മാതാപിതാക്കളല്ലാതെ മറ്റാരും യുവതിയെ സന്ദര്‍ശിക്കാന്‍ പാടില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ളെന്ന് ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. വീണ്ടും കേസ് പരിഗണിക്കുന്ന സെപ്റ്റംബര്‍ ഒന്നിന് യുവതിയെ ഹാജരാക്കണം. മാതാപിതാക്കള്‍ക്കൊപ്പം പോകാനാവില്ളെന്ന് അവരുമായി ഏറെ നേരം സംസാരിച്ചശേഷവും യുവതി ഉറച്ച നിലപാട് സ്വീകരിച്ചതോടെ അന്തിമ തീരുമാനമെടുക്കാതെ കോടതി വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.സേലത്ത് ഹോമിയോ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്തിരുന്ന യുവതി ഹോസ്റ്റലിലെ കൂട്ടുകാരികളുടെ പ്രേരണയിലാണ് മതം മാറിയതെന്ന് പിതാവ് ഹരജിയില്‍ ആരോപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.