മണിക്കൂറുകള്‍ക്കകം അറസ്റ്റ്, 83 ദിവസത്തിനുള്ളില്‍ കുറ്റപത്രം

തിരുവനന്തപുരം: കൃത്യം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികള്‍ പിടിയിലായി, 83 ദിവസത്തിനുള്ളില്‍ കുറ്റപത്രം, കൃത്യം രണ്ടുവര്‍ഷം പിന്നിടവേ വിധിയും. ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസ് വിധി പൊലീസിനും പ്രോസിക്യൂഷനും അഭിമാനിക്കാന്‍ വക നല്‍കുന്നതായി. ഒപ്പം വഴിവിട്ട ജീവിതത്തിനുവേണ്ടി കുരുന്നുജീവനെപ്പോലും കൊലക്കത്തിക്കിരയാക്കുന്നവര്‍ക്ക് താക്കീതും.
അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ് ഉള്‍പ്പെടെ 49 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. ഒപ്പം 41 തൊണ്ടിമുതലുകളും 85 അനുബന്ധരേഖകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.
 2014 ഏപ്രില്‍ 16ന് ഉച്ചക്ക് 1.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം. ആലംകോട് തുഷാരം വീട്ടില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ ഓമന (60), ഇവരുടെ മകനും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനുമായ ലിജീഷിന്‍െറ മകള്‍ മൂന്നര വയസ്സുള്ള സ്വാസ്തിക  എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. 16ന് ഉച്ചക്ക് 12.15 ഓടെയാണ് കേസിലെ ഒന്നാംപ്രതി നിനോ മാത്യു ഓമനെയെയും സ്വാസ്തികയെയും തലക്കടിച്ചും വെട്ടിയും മൃഗീയമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ലിജീഷിന് മാരക മുറിവേറ്റെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. സംഭവദിവസം, വെട്ടുകത്തി, പ്രത്യേകം തയാറാക്കിയ കനമുള്ള സ്റ്റിക്, മുളക്പൊടി, കൈയുറ എന്നിവയുമായാണ് നിനോ മാത്യു ലിജീഷിന്‍െറ വീട്ടിലത്തെിയത്.  കതകുതുറന്ന് വന്ന ഓമനയോട് മകന്‍ ലിജീഷിനെ വിളിച്ചുവരുത്താന്‍ ആവശ്യപ്പെട്ടു. ലിജീഷിന്‍െറ സുഹൃത്താണെന്നും വിവാഹം ക്ഷണിക്കാന്‍ വന്നതാണെന്നുമാണ് പറഞ്ഞത്. തുടര്‍ന്ന് അടുക്കളയില്‍വെച്ച് ബാഗില്‍ കരുതിയിരുന്ന ബേസ്ബാള്‍ സ്റ്റിക് കൊണ്ട് ഓമനയെ  തലക്കടിച്ചുവീഴ്ത്തിയ ശേഷം കഴുത്തില്‍ തുടരെ വെട്ടി. നിലവിളികേട്ട് ഓടിയത്തെിയ സ്വാസ്തിക എന്ന പിഞ്ചുകുഞ്ഞിനെയും ഇതേവിധം തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ ലിജീഷ് വീട്ടിലത്തെിയപ്പോള്‍ വാതിലിന് പിറകില്‍ പതുങ്ങിയിരുന്ന നിനോ മാത്യു ലിജീഷിന്‍െറ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞു. ലക്ഷ്യം തെറ്റിയതായി മനസ്സിലാക്കിയ പ്രതി വെട്ടുകത്തി കൊണ്ട് ലിജീഷിന്‍െറ തലയില്‍ വെട്ടി. ഇടതുചെവി രണ്ടായി അറ്റ് തലക്ക് മാരക മുറിവേറ്റു. രക്തത്തില്‍ കുളിച്ച് മുന്‍വശത്തെ വാതിലിലൂടെ ലിജീഷ് പുറത്തേക്കോടി രക്ഷപ്പെട്ടു.
കൃത്യം മോഷണത്തിനാണെന്ന് പൊലീസിനെയടക്കം തെറ്റിദ്ധരിപ്പിക്കാന്‍ കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നിനോ മാത്യു ചെയ്തത്. കൃത്യം നടത്തിയ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും കവര്‍ന്നിരുന്നു. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ ആക്രമിക്കുന്നതിനുമുമ്പ് മുളകുപൊടിയെറിഞ്ഞതും കൃത്യമായ ആസൂത്രണത്തോടെയാണ്. ആക്രമണത്തിന് അനുകൂല സാഹചര്യമൊരുക്കുക എന്നതിനൊപ്പം മോഷണവേളകളില്‍ മുളകുപൊടി വിതറി തെളിവ് നശിപ്പിക്കാറുള്ള കുപ്രസിദ്ധ മോഷ്ടാക്കളുടെ രീതി പിന്തുടര്‍ന്ന് അന്വേഷണസംഘത്തെ വഴിത്തെറ്റിക്കലായിരുന്നു ലക്ഷ്യം. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന്‍െറ മൊഴിയാണ് പ്രതിയെ തിരിച്ചറിയാന്‍ വഴിയൊരുക്കിയത്.
കൊലപാതകം നടന്ന ദിവസം തന്നെ ഒന്നാംപ്രതി നിനോ മാത്യുവിനെയും രണ്ടാംപ്രതി അനുശാന്തിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതി നിനോ മാത്യു വലയിലായത്. വീട്ടിലത്തെി വസ്ത്രം മാറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. പിന്നാലെ അനുശാന്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.