ആറ്റിങ്ങൽ ഇരട്ടകൊലപാതകം: നിനോ മാത്യുവിന് വധശിക്ഷ; അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ട കൊലപാതക കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിന് (40) വധശിക്ഷയും കൂട്ടുപ്രതിയായ അനുശാന്തി(32)ക്ക് ഇരട്ടജീവപരന്ത്യം തടവും. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. അനുശാന്തി ഇരട്ടജീവപര്യന്തം ഒന്നിച്ചനുഭവിച്ചാൽ മതി. ഇരുവരും 50 ലക്ഷം രൂപ വീതം പിഴയടക്കണം. പിഴയിൽനിന്ന് 50 ലക്ഷം ലിജീഷിനും 30 ലക്ഷം പിതാവ് തങ്കപ്പൻചെട്ടിയാർക്കും നൽ‌കണം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി. ഷെർസിയാണ് കേസിൽ വിധി പറഞ്ഞത്.

സ്വന്തം കുഞ്ഞിനേക്കാൾ പ്രായം കുറഞ്ഞ കുട്ടിയെ കൊലപ്പെടുത്തി. കുട്ടിയേക്കാൾ നീളമുള്ള ആയുധമുപയോഗിച്ചാണ് നിനോ മാത്യു അതിക്രൂരമായി കൊലപാതകം നടത്തിയത്, പ്രതിയുടെ ആക്രമണത്തിൽ കുട്ടിയുടെ തലച്ചോറ് ചിതറിത്തെറിച്ചെന്നും കോടതി പറഞ്ഞു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതി കണക്കിലെടുത്തും സ്ത്രീയായതിനാലുമാണ് അനുശാന്തിയുടെ ശിക്ഷ ജീവപര്യന്തമാക്കിയത്. അനുശാന്തി മാതൃത്വത്തിന് തന്നെ നാണക്കേടാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മാതൃത്വത്തിന് വിലകൽപിക്കാതെ കാമപൂർത്തീകരണത്തിനായിരുന്നു അനുശാന്തി കൊലപാതകത്തിന് കൂട്ടുനിന്നതെന്നും കോടതി വ്യക്തമാക്കി. കുഞ്ഞിനെക്കൊന്ന അമ്മയെന്ന് വിധിക്കരുതെന്ന അനുശാന്തിയുടെ അപേക്ഷ കോടതി തള്ളി. ശിക്ഷകേട്ട് നിർവികാരതയോടെയായിരുന്നു പ്രതികൾ കോടതിയിൽ പെരുമാറിയത്. അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും കോടതി പ്രശംസിച്ചു

ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞതിനാൽ പ്രോസിക്യൂഷന്‍റെ എല്ലാ വാദങ്ങളും അംഗീകരിച്ച് കോടതി ഇവരെ കുറ്റക്കാരെന്ന് വിധിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങളും മൊബൈൽ ഫോട്ടോകളും പരിശോധിക്കുകയും ചെയ്തു. 

ലിജീഷ്, അനുശാന്തി, കൊല്ലപ്പെട്ട സ്വാസ്തിക
 

കേസുമായി ബന്ധപ്പെട്ട് 49 സാക്ഷികളെയാണ് വിസ്തരിച്ചത്. 41 തൊണ്ടികളും 85 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. റൂറൽ എസ്.പിയായിരുന്ന രാജ്പാൽ മീണ, ആറ്റിങ്ങൽ ഡിവൈ.എസ്.പിയായിരുന്ന ആർ. പ്രതാപൻ നായർ, ആറ്റിങ്ങൽ സി.ഐ എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത്കുമാര്‍, അഭിഭാഷകരായ അനില്‍ പ്രസാദ്, ബാബു നാഥുറാം, ചൈതന്യ കിഷോര്‍, പി. സുഭാഷ് എന്നിവര്‍ ഹാജരായി.
 
2014 ഏപ്രിൽ 16 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അനുശാന്തിയുടെ ഭർത്താവിന്‍റെ അമ്മ ആലംകോട് മണ്ണൂർഭാഗം തുഷാരത്തിൽ ഓമന(57), മകൾ സ്വസ്തിക(4) എന്നിവരെ കൊലപ്പെടുത്തിയെന്നാ‍ണ് കേസ്. ടെക്നോപാർക്കിൽ ഫിഞ്ചർ എന്ന കമ്പനിയിലെ പ്രോജക്ട് മാനേജരായിരുന്ന കുളത്തൂർ കരിമണൽ മാഗി നിവാസിൽ നിനോ മാത്യുവും ഇതേ കമ്പനിയിലെ ടീം ലീഡറായിരുന്ന അനുശാന്തിയും അടുപ്പത്തിലായിരുന്നു. ഈ അവിഹിത ബന്ധമാണ് അനുശാന്തിയുടെ മൂന്നര വയസ്സുള്ള മകളുടെയും ഭര്‍തൃ മാതാവിന്‍െറയും കൊലപാതകത്തില്‍ കലാശിച്ചത്. കാമുകനുമായി ജീവിക്കാന്‍ ഭര്‍ത്താവിനെ ഉള്‍പ്പെടെ കൊലപ്പെടുത്താനായിരുന്നു പദ്ധതി.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുന്നു- ഫയൽഫോട്ടോ
 

2014 ഏപ്രില്‍ 16ന് ഉച്ചക്ക് ഏപ്രിൽ 16ന് രാവിലെ പത്തരയോടെ കെ.എസ്.എഫ്.ഇയിൽ ചിട്ടി പിടിക്കാനെന്നു പറഞ്ഞ് നിനോ മാത്യു ഓഫീസിൽ നിന്ന് ഇറങ്ങി. കാറിൽ ഇയാൾ ലിജേഷിന്‍റെ വീട്ടിലേക്ക് തിരിച്ചു. നിനോ ഇവിടെ എത്തുമ്പോൾ ലിജേഷിന്‍റെ പിതാവ് തങ്കപ്പൻ ചെട്ടിയാർ പുതുതായി വീട് നിർമിക്കുന്ന സ്ഥലത്തായിരുന്നു. ലിജേഷ് ബാങ്കിൽ പോയിരിക്കുകയായിരുന്നു. ഓമനയും സ്വസ്തികയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. 12.15ഓടെയാണ് ഒന്നാം പ്രതി നിനോ മാത്യു, മൂന്നര വയസ്സുകാരി സ്വാസ്തികയേയും ലിജീഷിന്‍െറ മാതാവ് ഓമനയെയും തലക്കടിച്ചും വെട്ടിയും മൃഗീയമായി കൊലപ്പെടുത്തിയത്.  വെട്ടുകത്തി, പ്രത്യേകം തയാറാക്കിയ കനമുള്ള ബേസ്ബാള്‍ സ്റ്റിക്, മുളകുപൊടി, കൈയുറ എന്നിവയുമായി നിനോമാത്യു അനുശാന്തിയുടെ വീട്ടിലത്തെി. കതക് തുറന്നുവന്ന ഓമനയോട് മകന്‍ ലിജീഷിനെ ഫോണില്‍ വിളിച്ച് വരുത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അടുക്കളയില്‍ വെച്ച് ബാഗില്‍ കരുതിയിരുന്ന ബേസ്ബാള്‍സ്റ്റിക് കൊണ്ട് ഓമനയെ തലക്കടിച്ച് വീഴ്ത്തിയശേഷം കഴുത്ത് വെട്ടിമുറിച്ചു. നിലവിളികേട്ട് ഓടിയത്തെിയ സ്വാസ്തികയെ തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി.

കൊല്ലപ്പെട്ട ഒാമന, സ്വാസ്തിക
 

 അരമണിക്കൂറിന് ശേഷം വീട്ടിലത്തെിയ ലിജീഷിന്‍െറ മുഖത്തേക്ക് വാതിലിന്‍െറ മറവില്‍ നിന്ന നിനോമാത്യു മുളകുപൊടി എറിഞ്ഞു. എന്നാല്‍, ലക്ഷ്യം തെറ്റിയെന്ന് മനസ്സിലാക്കിയ ഇയാള്‍ വെട്ടുകത്തികൊണ്ട് ലിജീഷിന്‍െറ തലയില്‍ വെട്ടി. ഒറ്റ വെട്ടില്‍ ഇടതുചെവി അറ്റ് തലയില്‍ മാരക പരിക്കേറ്റു. രക്തത്തില്‍ കുളിച്ച ലിജീഷ് മുന്‍വശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെട്ടു. നിനോ മാത്യു ഫോട്ടോയിലൂടെയും വിഡിയോയിലൂടെയും മനസ്സിലാക്കിയിരുന്ന പിറകുവശത്തെ വഴിയിലൂടെ രക്ഷപ്പെട്ടു എന്നാണ് പ്രോസിക്യൂ ഷന്‍ കേസ്.കവര്‍ച്ചക്ക് വേണ്ടിയുള്ള കൊലപാതകമാണെന്ന് വരുത്താന്‍ ഇവരുടെ ശരീരത്തില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. കൊലപാതകം നടന്ന അന്നുതന്നെ ഒന്നും രണ്ടും പ്രതികളായ നിനോമാത്യുവിനെയും അനുശാന്തിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി ഒരുമിച്ച് ജീവിക്കുന്നതിന് ഇരുവരും ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.