സിസ്റ്റര്‍ അമല കൊലക്കേസ് പ്രതി മറ്റൊരു കന്യാസ്ത്രീയെയും കൊലപ്പെടുത്തി

കോട്ടയം: ഈരാറ്റുപേട്ട ചേറ്റുതോട് തിരുഹൃദയ മഠത്തിലെ സിസ്റ്റര്‍ ജോസ്മരിയ ഇരുപ്പക്കാട്ടിനെ (81) ആറു മാസം മുമ്പ് തലക്കടിച്ച് കൊന്നത് താനാണെന്ന് സിസ്റ്റര്‍ അമല കൊലക്കേസ് പ്രതി സതീഷ് ബാബു സമ്മതിച്ചു.  2015 ഏപ്രില്‍ 17നാണ് സിസ്റ്റര്‍ ജോസ്മരിയ കൊല്ലപ്പെട്ടത്. മരണത്തില്‍ അസ്വഭാവികത ഇല്ളെന്ന് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ തെരേസ അറിയിച്ചതിനാല്‍ പൊലീസ് കൂടുതല്‍ അന്വേഷണമോ പോസ്റ്റ്മോര്‍ട്ടമോ നടത്താതെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.

സിസ്റ്റര്‍ അമല കൊലക്കേസിലെ ചോദ്യംചെയ്യലിനിടയില്‍ പ്രതി സതീഷ്ബാബു ചേറ്റുതോട് കൊലക്കുറ്റം ഏറ്റതിനാല്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതായി ദക്ഷിണമേഖലാ എ.ഡി.ജി.പി കെ. പത്മകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും. തലക്ക് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലാണ് മഠത്തിലെ മുറിയില്‍ സിസ്റ്റര്‍ ജോസ് മരിയയുടെ മൃതദേഹം കണ്ടത്. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദിവസങ്ങള്‍ക്കകം മരിച്ചു. 81 വയസ്സുള്ള സിസ്റ്റര്‍ മരിയ തെന്നിവീണ് പരിക്കേറ്റതാകാമെന്ന് മദര്‍ സൂപ്പീരിയര്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ തുടര്‍നടപടി ഉണ്ടായില്ല.

ചേറ്റുതോട് മഠത്തില്‍നിന്ന് 75000 രൂപയും ഈരാറ്റുപേട്ട എഫ്.സി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍നിന്ന് ആറു ലക്ഷവും മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു. പുറമെ നിരവധി മഠങ്ങളില്‍ നടന്ന കവര്‍ച്ചകളും ആക്രമണങ്ങളും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എട്ടോളം മഠങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെന്ന വിവരവും വെളിപ്പെടുത്തി. ഇതെല്ലാം പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാനാണ് നിര്‍ദേശം. ഏഴു ദിവസത്തേക്ക് പാലാ കോടതി കസ്റ്റഡിയില്‍ വിട്ട പ്രതിയുമായി ചൊവ്വാഴ്ച പൊലീസ് പാലാ ലിസ്യൂ കോണ്‍വെന്‍റില്‍ എത്തി തെളിവെടുത്തു. 

മഠത്തിന്‍െറ പോര്‍ച്ചില്‍ കയറി അതുവഴി രണ്ടാംനിലയില്‍ സിസ്റ്റര്‍ അമലയുടെ മുറിയിലത്തെിയതും കൊലപാതകം നടത്തിയതും പ്രതി വിശദീകരിച്ചു. ഇളങ്ങുളം ഇരുപ്പക്കാട്ട് പരേതനായ ജോസഫിന്‍െറ മകളായിരുന്നു സിസ്റ്റര്‍ ജോസ് മരിയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.