നരേന്ദ്ര മോദിയെ കാണാന്‍ വെള്ളാപ്പള്ളി ഡല്‍ഹിയില്‍

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഡല്‍ഹിയില്‍ എത്തി. കൊല്ലത്ത് ആര്‍. ശങ്കറിന്‍െറ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് ക്ഷണിക്കാനാണ് വെള്ളാപ്പള്ളി പോയതെന്നാണ് യോഗം നേതൃത്വത്തിന്‍െറ വിശദീകരണം. മാസങ്ങള്‍ക്കുമുമ്പ് ഇതേ ആവശ്യവുമായി വെള്ളാപ്പള്ളിയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഡല്‍ഹിയില്‍ എത്തിയിരുന്നെങ്കിലും അന്ന് മോദിയെ കാണാന്‍ കഴിഞ്ഞില്ല. പകരം ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമായി ചര്‍ച്ച നടത്തി മടങ്ങുകയായിരുന്നു.

എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുമെന്ന പ്രഖ്യാപനത്തിന് പിറകെയാണ് ഇത്തവണ വെള്ളാപ്പള്ളിയുടെ പോക്ക്. സി.പി.എമ്മുമായി ഏറ്റുമുട്ടലിന്‍െറ പാതയില്‍ നില്‍ക്കുന്ന യോഗം നേതൃത്വം ബി.ജെ.പി പാളയത്തിലേക്ക് ശ്രീനാരായണീയസമൂഹത്തെ ഇളക്കിവിടാന്‍ ശ്രമങ്ങളും നടത്തിവരുകയാണ്.

 ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയും നരേന്ദ്ര മോദിയും തമ്മിലെ കൂടിക്കാഴ്ചക്ക് രാഷ്ട്രീയപ്രാധാന്യം ഉള്ളതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വെള്ളാപ്പള്ളിയുടെ നാടായ കണിച്ചുകുളങ്ങരയില്‍ ബുധനാഴ്ച സി.പി.എമ്മിന്‍െറ വര്‍ഗീയവിരുദ്ധ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അതിന് തലേന്ന് വെള്ളാപ്പള്ളിയുടെ ഡല്‍ഹി യാത്ര.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.