മാമലക്കണ്ടം വിദ്യാര്‍ഥി സമരം: അധ്യാപകരെ നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം

കോതമംഗലം: മാമലക്കണ്ടം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളായ സന്ധ്യയും യദുകൃഷ്ണനും ആരംഭിച്ച നിരാഹാര സമരം ഫലം കണ്ടു. സ്കൂളില്‍ അധ്യാപകരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ആര്‍.എം.എസ്.എ സ്കൂളുകളില്‍ അധ്യാപകരുടെ അധിക തസ്തിക അനുവദിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അധ്യാപക നിയമനം സംബന്ധിച്ച് 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഡി.ഡി അടക്കമുള്ളവര്‍ പറഞ്ഞെങ്കിലും രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലായിരുന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും. വിദ്യാര്‍ഥികളെ സമരത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ പലവിധ സമ്മര്‍ദം ചെലുത്തിയെങ്കിലും ഇവര്‍ കൂട്ടാക്കിയിരുന്നില്ല. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിദ്യാര്‍ഥികളെ പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചിരുന്നു.

ആദിവാസി കുടിയേറ്റ മേഖലയായ മാമലക്കണ്ടത്ത് 2014ലാണ് യു.പി  സ്കൂള്‍, ഹൈസ്കൂളാക്കി ഉയര്‍ത്തിയത്. ഹൈസ്കൂളിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ച വിദ്യാഭ്യാസ മന്ത്രി തസ്തിക നിര്‍ണയം ചെയ്ത് വേണ്ടത്ര അധ്യാപകരെ നിയമിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.  എന്നാല്‍, ഒരു അധ്യയനവര്‍ഷത്തിന് ശേഷവും വിദ്യാര്‍ഥി അനുപാതത്തിനനുസരിച്ച് അധ്യാപകരെ നിയമിക്കാന്‍  നടപടി സ്വീകരിച്ചില്ല. അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട്  വിദ്യാര്‍ഥികളും പി.ടി.എ അംഗങ്ങളും നാട്ടുകാരും ആറുതവണ മുഖ്യമന്ത്രിയെ കണ്ടെങ്കിലും നടപടിയായില്ല. താല്‍ക്കാലികമായി നിയമിച്ച  അധ്യാപകര്‍ക്ക് നാട്ടുകാര്‍ പിരിവെടുത്ത് ശമ്പളം നല്‍കേണ്ട സാഹചര്യവുമുണ്ടായി. ശമ്പളം മുടങ്ങിയതോടെ കലക്ടര്‍, പി. രാജീവ് എം.പി തുടങ്ങിയവര്‍ 25,000 രൂപ വീതം നല്‍കി. അധ്യയനവര്‍ഷം ആരംഭിച്ച് മൂന്നുമാസം പിന്നിട്ടിട്ടും നിയമനം നടക്കാത്തതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കോതമംഗലം ഡി.ഇ.ഒ ഓഫിസ് ഉപരോധത്തിന് തയാറെടുത്തുവരുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.