‘സ്വധര്‍മം മറന്ന് മതേതരമേന്മ നടിക്കുന്നത് ഹൈന്ദവസംഘടനകളെ അപകടത്തിലാക്കും’

കോട്ടയം: സ്വധര്‍മം മറന്ന് മതേതരമെന്ന് മേന്മ നടിക്കുന്നത് ഹൈന്ദവ സംഘടനകളെ അപകടത്തിലാക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍.  യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തില്‍ നവോത്ഥാനം പദ്ധതി  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച മുദ്രാബാങ്ക് പദ്ധതി സമുദായത്തിന് ഗുണകരമായി വിനിയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാന്തിക്കാരുടെ ഗ്രേഡ് ഉയര്‍ത്തണമെന്ന ആവശ്യം ദേവസ്വം മന്ത്രിയുടെയും ബോര്‍ഡിന്‍െറയും ശ്രദ്ധയില്‍പെടുത്തുമെന്ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത ജോസ് കെ. മാണി എം.പി പറഞ്ഞു.
സംസ്ഥാന പ്രസിഡന്‍റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം വൈസ്ചാന്‍സലര്‍ പി.എന്‍. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഉപസഭകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള നവോത്ഥാനം പദ്ധതിയുടെ വിശദീകരണം രാജുനാരായണന്‍ നമ്പൂതിരി നിര്‍വഹിച്ചു.
 പ്രഫ. എന്‍.ഇ. കേശവന്‍ നമ്പൂതിരി രചിച്ച ‘മന്ത്രശാസ്ത്രവും മോഡേണ്‍ സയന്‍സും’ പുസ്തകം  രവി ഡി.സി പ്രകാശനം ചെയ്തു. തന്ത്രിമാരായ കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി, മോനോട് കൃഷ്ണന്‍ നമ്പൂതിരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
അഖില കേരള തന്ത്രി സമാജം വൈസ് പ്രസിഡന്‍റ് എ.ബി. കുബേരന്‍ നമ്പൂതിരിപ്പാട്, തന്ത്രിമണ്ഡലം പ്രസിഡന്‍റ് എസ്. നീലകണ്ഠന്‍ പോറ്റി, കൃഷ്ണന്‍ കാരക്കാട്, വി.എസ്. മണിക്കുട്ടന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.