മൂന്നാര്‍: കണ്ണന്‍ദേവന്‍ കമ്പനിക്കെതിരെ മൂന്നാറിലെ തോട്ടം വനിതാ തൊഴിലാളികള്‍  ബോണസ്, ശമ്പള വര്‍ധന ആവശ്യപ്പെട്ട് മൂന്നു ദിവസമായി നടത്തിവന്ന സമരം തിങ്കളാഴ്ച അക്രമാസക്തമായി. രാവിലെ പത്തോടെ ടൗണിലത്തെിയ തൊഴിലാളി സ്ത്രീകള്‍ കൊച്ചി-ധനുഷ്കോടി, കൊച്ചി-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതകള്‍ ഉപരോധിച്ചു.
തിങ്കളാഴ്ച രാവിലെ 11ന് മൂന്നാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കണ്ണന്‍ദേവന്‍ കമ്പനി എം.ഡി മാത്യു എബ്രഹാമിനെ ദേവികുളം ആര്‍.ഡി.ഒ രാജീവന്‍ വിളിച്ചുവരുത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. ചര്‍ച്ച വിജയമാകാത്തതിനെ തുടര്‍ന്ന് വനിതാ തൊഴിലാളികള്‍ ഇവരെ പൂട്ടിയിട്ടു. ബോണസ് വര്‍ധനയില്‍ ചൊവ്വാഴ്ച ലേബര്‍ കമീഷണറുമായി ചര്‍ച്ചനടത്തി തീരുമാനിക്കാമെന്നാണ് എം.ഡി ഉറപ്പുനല്‍കിയത്. ശമ്പള വര്‍ധന 26ന് പ്ളാന്‍േറന്‍ ലേബര്‍ വര്‍ക്കേഴ്സും സര്‍ക്കാറുമായും നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമെടുക്കാമെന്നും പറഞ്ഞെങ്കിലും തൊഴിലാളികള്‍ അംഗീകരിച്ചില്ല. ഇതിനിടെ തൊഴിലാളികള്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് പ്രകടനവുമായത്തെിയ ബി.എം.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ തൊഴിലാളികള്‍ ആക്രമിച്ചു. പ്രകടനക്കാരുടെ കൊടികള്‍ തല്ലിയുടച്ചെറിഞ്ഞ തൊഴിലാളികള്‍ പ്രവര്‍ത്തകരായ അഞ്ചുപേരെ വളഞ്ഞിട്ട് മര്‍ദിച്ചു.
മൂന്നാര്‍ ടൗണിലെ ഐ.എന്‍.ടി.യു.സി ഓഫിസ് തൊഴിലാളികള്‍ തല്ലിത്തകര്‍ത്ത് നേതാക്കളെ കൈയേറ്റം ചെയ്തു. ബഹളത്തിനിടയില്‍ എം.ഡിയെ പൊലീസ് പഞ്ചായത്തിന് മുകളിലെ ഫോറസ്റ്റ് ഐ.ബിയിലേക്ക് മാറ്റിയത് പ്രശ്നം വഷളാക്കി. തൊഴിലാളികള്‍ ഐ.ബി തല്ലിത്തകര്‍ത്തു. അല്‍പനേരത്തിന് ശേഷം മൂന്നാര്‍ ഡിവൈ.എസ്.പിയുടെ വാഹനത്തില്‍ പൊലീസ് സംരക്ഷണത്തില്‍ കമ്പനി എം.ഡിയെ ഹാളില്‍ തിരിച്ചത്തെിച്ചെങ്കിലും പിരിഞ്ഞുപോകുന്നതിന് തൊഴിലാളികള്‍ വിസമ്മതിച്ചു. ഹാളിന് മുന്നിലത്തെിയ പ്രവര്‍ത്തകര്‍ ചര്‍ച്ചക്കത്തെിയ ആര്‍.ഡി.ഒയടക്കമുള്ളവരെ പുറത്തിറക്കാതെ ബന്ദിയാക്കി.
മാധ്യമ പ്രവര്‍ത്തകരെയും ഹാളില്‍നിന്ന് പുറത്തുപോകാന്‍ അനുവദിച്ചില്ല. സമരക്കാര്‍ക്ക് ഓട്ടോതൊഴിലാളികള്‍ ഉച്ചഭക്ഷണം തയാറാക്കി നല്‍കി. യൂനിയനുകളുടെ സഹായമില്ലാതെ മൂന്നാറിലത്തെിയ പതിനായിരക്കണക്കിന് തൊഴിലാളികളുടെ അക്രമങ്ങള്‍ കണ്ടുനില്‍ക്കാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ പൊലീസിനായില്ല. മതിയായ വനിതാ പൊലീസിന്‍െറ കുറവാണ് പൊലീസിനെ വലച്ചത്.
കറുത്ത കൊടികളേന്തി റാലിയായത്തെി ഹാളില്‍ കയറാന്‍ ശ്രമിച്ച തൊഴിലാളികളെ കവാടത്തിന് 100 മീറ്റര്‍ അകലെ പൊലീസ് തടഞ്ഞു. ചര്‍ച്ചക്കായി മുപ്പതിലധികം സ്ത്രീകളെ ഹാളിലേക്ക് കയറ്റിവിട്ടു. ഐ.ആര്‍ മാനേജര്‍ പ്രിന്‍സ് തോമസ്, മൂന്നാര്‍ ഡിവൈ.എസ്.പി പ്രഭുല്ലചന്ദ്രന്‍, ജില്ലാ ലേബര്‍ ഓഫിസര്‍ സതീഷ്കുമാര്‍, തഹസില്‍ദാര്‍ ഗ്രിഗറി എന്നിവര്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേട്ടു. സ്ത്രീതൊഴിലാളികളായ വിജയ, സമുദ്രകനി, ഗോമതി തുടങ്ങിവര്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കണ്ണന്‍ദേവന്‍ കമ്പനി ആശുപത്രി സൗകര്യം ഒരുക്കുന്നില്ളെന്ന് പരാതി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.