മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് പരിസ്ഥിതി ആഘാത പഠനാനുമതി റദ്ദാക്കി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് അനുകൂലമായി നല്‍കിയ ശിപാര്‍ശ ദേശീയ വന്യജീവി ബോര്‍ഡ് റദ്ദാക്കി. സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച കേസ് നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ്  കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വന്യജീവി ബോര്‍ഡ് നേരത്തേ നല്‍കിയ അനുമതി റദ്ദാക്കിയത്.  
സുപ്രീംകോടതിയില്‍ കേസുള്ള കാര്യം പറയാതെയാണ് കേരളം നേരത്തേ വന്യജീവി ബോര്‍ഡിന് അപേക്ഷ നല്‍കിയത്. കേസ് മറച്ചുവെച്ചതില്‍ വന്യജീവി ബോര്‍ഡ് കേരളത്തെ വിമര്‍ശിക്കുകയും ചെയ്തു.    
തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ നോട്ടീസിന്‍െറ അടിസ്ഥാനത്തിലാണ് നേരത്തേ നല്‍കിയ അനുമതി ശിപാര്‍ശ റദ്ദാക്കാന്‍ ആഗസ്റ്റ് 18ന് ചേര്‍ന്ന വന്യജീവി ബോര്‍ഡ് സ്റ്റാന്‍റിങ് കമ്മിറ്റി തീരുമാനിച്ചത്. കേരളം നല്‍കിയ അപേക്ഷ പരിഗണിച്ച് 2014 ഡിസംബറിലാണ് പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് അനുകൂലമായി  ദേശീയ വന്യജീവി ബോര്‍ഡ്  തീരുമാനമെടുത്തത്. ഇതിന്‍െറ അടിസ്ഥാനത്തില്‍  പരിസ്ഥിതി ആഘാത പഠനത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്‍െറ വിദഗ്ധ സമിതി പച്ചക്കൊടി കാട്ടിയതിന് പിന്നാലെ തമിഴ്നാട് ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു. ഇതേതുടര്‍ന്നാണ് വിദഗ്ധ സമിതി കേരളത്തിന് അനുകൂലമായ നിലപാട് മാറ്റുകയും  പരിസ്ഥിതി ആഘാത പഠനവുമായി  മുന്നോട്ടുപോകരുതെന്ന് കേരളത്തോട് നിര്‍ദേശിക്കുകയും ചെയ്തത്. അതിന് പിന്നാലെയാണ് ദേശീയ വന്യജീവി ബോര്‍ഡും കേരളത്തിന് അനുകൂലമായ നിലപാട് തിരുത്തിയത്. ഇത് പുതിയ അണക്കെട്ടിനായുള്ള കേരളത്തിന്‍െറ നീക്കങ്ങള്‍ക്ക്  കനത്ത തിരിച്ചടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.