തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍ സംസ്ഥാന സര്‍വിസുകളില്‍ തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തുന്ന ‘ഫ്ളക്സി ഫെയര്‍’ സംവിധാനം ഈ മാസം 10ഓടെ നിലവില്‍ വരും. ഇതുസംബന്ധിച്ച് മാനേജ്മെന്‍റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. ഉത്സവ സീസണുകളിലടക്കം തിരക്കുള്ള സമയങ്ങളില്‍ 10 ശതമാനം വരെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ സംവിധാനം സാധാരണ യാത്രക്കാര്‍ക്ക് തിരിച്ചടിയാവും. നിലവില്‍ അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ക്ക് സീസണ്‍ വ്യത്യാസമില്ലാതെ ഒരേ നിരക്കാണ് കെ.എസ്.ആര്‍.ടി.സി ഈടാക്കുന്നത്.
കര്‍ണാടക ആര്‍.ടി.സിയുടെ ചുവടുപിടിച്ചാണ് കെ.എസ്.ആര്‍.ടി.സിയും ഫ്ളക്സി ടിക്കറ്റിലേക്ക് മാറുന്നത്്. അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ കൂടുതല്‍ ലാഭകരമാക്കി നഷ്ടം കുറക്കാനാണ് കോര്‍പറേഷന്‍െറ തീരുമാനം. എന്നാല്‍, കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന വാദം അധികൃതര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.
തിരക്കുള്ള അവസരങ്ങളിലേ നിരക്ക് കൂട്ടൂവെന്നും സീസണല്ലാത്ത സമയങ്ങളില്‍ 15 ശതമാനം വരെ നിരക്ക് കുറക്കുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ യാത്രക്കാര്‍ അധികമുള്ള സമയങ്ങളും അല്ലാത്ത സമയങ്ങളും വേര്‍തിരിച്ചാകും നിരക്ക് നിശ്ചയിക്കുക.
ഇതനുസരിച്ചാണ് നിരക്ക് സംബന്ധിച്ച പട്ടിക തയാറാക്കുന്നത്. ആദ്യഘട്ടം ബംഗളൂരു സര്‍വിസുകളിലാണ് ഫ്ളക്സി ടിക്കറ്റ് ഏര്‍പ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.