കുറ്റിയറ്റ് കഴുകന്മാര്‍; കേരളത്തില്‍ ഇനി 50ല്‍ താഴെ മാത്രം

കല്‍പറ്റ: ചത്ത മൃഗങ്ങളുടെ ശരീരം ഭക്ഷിച്ച് നാടിനെ വെടിപ്പാക്കിയിരുന്ന കഴുകന്മാര്‍ നിലനില്‍പിനുള്ള വഴികള്‍ അടഞ്ഞതോടെ ഇല്ലാതാകുന്നു. 1930-35 കാലഘട്ടത്തില്‍ നൂറുകണക്കിന് കഴുകന്മാര്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇനി അവശേഷിക്കുന്നത് 50ല്‍ താഴെ. അതും വയനാട് വന്യജീവി സങ്കേതത്തില്‍മാത്രം. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലെ ആദ്യ ശനിയാഴ്ച ലോകം അന്താരാഷ്ട്ര കഴുകന്‍ ദിനമായി ആചരിക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച കേരളത്തില്‍ ഇതിനോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നിരുന്നു. ചുട്ടിക്കഴുകന്‍, കാതിലക്കഴുകന്‍, തവിട്ടുകഴുകന്‍ എന്നീ മൂന്ന് വര്‍ഗമാണ് സംസ്ഥാനത്തുള്ളത്. 1930-35ല്‍ ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ സാലിം അലി നടത്തിയ പഠനത്തില്‍ കേരളത്തില്‍ ആകെ 338 വര്‍ഗങ്ങളിലായി 77,547 പക്ഷികളെ കണ്ടത്തെിയിരുന്നു. നാല് ഇനത്തില്‍പെടുന്ന 300ഓളം കഴുകന്മാരെയും കണ്ടത്തെി. എന്നാല്‍, 70-80 കാലഘട്ടങ്ങളില്‍ തന്നെ ഇവ കുറഞ്ഞുവന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. കാട്ടില്‍ മേക്കാനായി വിടുന്ന കന്നുകാലികളുടെ ദേഹത്ത് വന്യമൃഗങ്ങളെ ഒഴിവാക്കാനായി ഡൈക്ളോഫിനാക് എന്ന വിഷം തേക്കുന്നത് പതിവായിരുന്നു.
 വന്യമൃഗങ്ങള്‍ കൊല്ലുന്ന കാലികളുടെ ഇറച്ചി തിന്ന കഴുകന്മാര്‍ വിഷം ഉള്ളില്‍ ചെന്ന് ചാകാന്‍ തുടങ്ങി. 90കളുടെ അവസാനത്തില്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ കഴുകന്മാര്‍ വ്യാപകമായി ചത്തുവെന്ന് പ്രമുഖ പക്ഷിഗവേഷകനായ നാഷനല്‍ സെന്‍റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലെ സി.കെ. വിഷ്ണുദാസ് പറയുന്നു. പശുക്കളുടെയും മറ്റും അവശിഷ്ടങ്ങള്‍ തിന്നാന്‍ കിട്ടാതായതും ഇവ ഇല്ലാതാകാന്‍ പ്രധാന കാരണമായി.  സലിം അലിയുടെ പഠനത്തിന് ശേഷം 2009, 11, 13 വര്‍ഷങ്ങളില്‍ വനം വകുപ്പിന്‍െറ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രത്യേക സര്‍വേ നടന്നിരുന്നു. 2009ലെ പഠനത്തില്‍ കഴുകന്മാരെ കണ്ടത്തൊനായില്ല.  13ല്‍ വയനാട് വന്യജീവി സങ്കേതത്തില്‍ നടത്തിയ സര്‍വേയില്‍ മാത്രമാണ് കണ്ടത്തൊന്‍ കഴിഞ്ഞത്. ഒടുവിലത്തെ കണക്കുപ്രകാരം വയനാട്ടില്‍ 35 ചുട്ടിക്കഴുകനെയും പത്തില്‍ താഴെ  കാതിലക്കഴുകനെയും കണ്ടത്തെി. വംശനാശം സംഭവിച്ച തവിട്ടുകഴുകന്‍ ഇനത്തില്‍പ്പെട്ട നാലെണ്ണത്തെയും കണ്ടത്തൊനായത് അദ്ഭുതമായിരുന്നു. കൂടുകളുടെ എണ്ണം നോക്കിയാണ് കണക്കെടുക്കുന്നത്.
വന്യമൃഗങ്ങളുടെ മൃതദേഹത്തില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങള്‍ ഇല്ലാതാക്കാനും കഴുകന്മാര്‍ സഹായിച്ചിരുന്നു. ഏറ്റവും പുതിയ പഠനത്തിലും വയനാട്ടിലെ കഴുകന്മാരുടെ എണ്ണം കുറയാതെ നിലനില്‍ക്കുന്നത് പ്രതീക്ഷയുളവാക്കുന്നുണ്ട്. കടുവ, പുള്ളിപ്പുലി എന്നിവ വേട്ടയാടുന്ന വന്യമൃഗങ്ങളുടെ ഇറച്ചി ഭക്ഷിക്കാന്‍ കിട്ടുന്നതുകൊണ്ടാണ് ഇവിടങ്ങളില്‍ കഴുകന്മാര്‍ ഇപ്പോഴും അതിജീവിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.