മാവോവാദി നേതാവ് രൂപേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

അഗളി: മാവോവാദി നേതാവ് രൂപേഷിനെ അട്ടപ്പാടിയില്‍ അഗളി ഡിവൈ.എസ്.പി എസ്. ഷാനവാസിന്‍െറ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യല്‍ ഞായാറാഴ്ച പൂര്‍ത്തിയാക്കി. രൂപേഷിനെ തിങ്കളാഴ്ച രാവിലെ 11ന് പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

ഊരുകളിലെ ആദിവാസികളടക്കമുള്ള സാക്ഷികള്‍ രൂപേഷിനെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രൂപേഷിനെ അഗളി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. സൈലന്‍റ്വാലി റെയ്ഞ്ച് ഓഫിസ് ആക്രമണകേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാവിലെ 11ന് മുക്കാലിയില്‍ എത്തിച്ച് തെളിവെടുത്തു. കനത്ത സുരക്ഷ ഒരുക്കിയാണ് തെളിവെടുപ്പ് നടത്തിയത്. മാവോവാദികള്‍ വിതരണം ചെയ്ത ലഘുലേഖ, പോസ്റ്റര്‍ എന്നിവ അച്ചടിച്ച പ്രസിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഡിവൈ.എസ്.പി പറഞ്ഞു.

അഗളി സി.ഐ കെ.എ. ദേവസ്യ, അഗളി എസ്.ഐ ബോബന്‍ മാത്യു, ഷോളയൂര്‍ എസ്.ഐ ജെ. മാത്യു, സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് എസ്.ഐ ഡോളി രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

വിവിധ രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസങ്ങളില്‍ രൂപേഷിനെ ചോദ്യം ചെയ്തു. കോയമ്പത്തൂരില്‍ ജയിലില്‍ കഴിഞ്ഞിരുന്ന രൂപേഷിനെ കഴിഞ്ഞ 21 നാണ് പാലക്കാട് ജില്ലാ സെഷന്‍സ് കോടതി 26 വരെ അഞ്ച് ദിവസത്തേക്ക് അഗളി പൊലീസിന്‍െറ കസ്റ്റഡിയില്‍ വിട്ടത്. ആനവായ് ചെറുനാലിപൊട്ടിയില്‍ ആദിവാസി യുവാവ് ദ്വരരാജിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നതാണ് കേസ്. സുരക്ഷാ കാരണങ്ങളാല്‍ ചെറുനാലിപൊട്ടിയിലേക്ക് രൂപേഷിനെ കൊണ്ടുപോയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.