പരസ്യമായി പോരടിച്ച് ലോകായുക്തയും ഉപലോകായുക്തയും

തിരുവനന്തപുരം: ലോകായുക്തയും ഉപലോകായുക്തയും തമ്മിലെ അഭിപ്രായ വ്യത്യാസം തുറന്ന കോടതിയില്‍ മറനീക്കി. ലോകായുക്തയുടെ നിര്‍ദേശപ്രകാരം കോടതി ജീവനക്കാര്‍തന്നെ രണ്ടാം തരക്കാരനായി കണക്കാക്കുന്നതായും ഈ രീതിയില്‍ മുന്നോട്ട് പോകാനാവില്ളെന്നും ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ തുറന്നടിച്ചു.എന്നാല്‍, ഉപലോകായുക്ത സഹകരിച്ചില്ളെങ്കില്‍ ഒന്നും സംഭവിക്കില്ളെന്നും അഭിപ്രായം പറയേണ്ടത് തുറന്ന കോടതിയിലല്ളെന്നും ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് പ്രതികരിച്ചു. 10 മിനിറ്റോളം നീണ്ട വാഗ്വാദങ്ങള്‍ക്ക് ശേഷമാണ് കോടതി നടപടികള്‍ ആരംഭിക്കാനായത്.

രാവിലെ ഡിവിഷന്‍ ബെഞ്ച് സിറ്റിങ് ആരംഭിച്ച ഉടനായിരുന്നു ഉപലോകായുക്തയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ഫയലുകളുടെ പകര്‍പ്പ് നല്‍കാത്തതിനെ തുടര്‍ന്ന് ഉപലോകായുക്ത നടത്തിയ പരാമര്‍ശം പ്രതിഷേധത്തിനിടയാക്കിയിരുന്നു.പരാമര്‍ശത്തിനിടയാക്കിയ സാഹചര്യം ഉപലോകായുക്തതന്നെ വിശദീകരിച്ചു. തുറന്ന കോടതിയില്‍ ഇക്കാര്യം പറയേണ്ടതില്ളെന്ന ലോകായുക്തയുടെ അഭിപ്രായം ഉപലോകായുക്ത കണക്കിലെടുത്തില്ല. ഒരു സമുദായത്തെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും മതേതരവാദിയായ തന്‍െറ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും  ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ വ്യക്തമാക്കി. കുറച്ചു നാളുകളായി തനിക്ക് നല്‍കുന്ന ഫയലുകളില്‍ മുഴുവന്‍ രേഖകളില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പ്രധാന കേസുകളിലെ രേഖകള്‍ തന്‍െറ ഫയലില്‍ ഉള്‍പ്പെടുത്താത്തത് ലോകായുക്തയുടെ നിര്‍ദേശ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഫയലുകളില്‍ രേഖകള്‍ ഉള്‍പ്പെടുത്തിയില്ളെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കോടതി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഉപലോകായുക്ത ഈ വിധത്തില്‍ മുന്നോട്ട് പോകാനാകില്ളെന്നും വ്യക്തമാക്കി.
ഇതോടെ ഇടപെട്ട ലോകായുക്ത, ഉപലോകായുക്ത സഹകരിച്ചില്ളെങ്കില്‍ ഒന്നും സംഭവിക്കാനില്ളെന്നും കോടതി നടപടികള്‍ സുഗമമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി. ഉപലോകായുക്തക്ക് നല്‍കുന്ന ഫയലുകളില്‍ മുഴുവന്‍ രേഖകളും ഉള്‍പ്പെടുത്തണമെന്ന് ലോകായുക്ത കോടതി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് വാക് പോര് അവസാനിച്ചത്.

അതേസമയം, പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ വിവാദ ഫ്ളാറ്റുകള്‍ക്ക് പണം നല്‍കിയവരുടെ പട്ടിക ആര്‍ടെക് ബില്‍ഡേര്‍സ് ഹാജരാക്കി. എന്നാല്‍, പട്ടികയുടെ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന ഹൈകോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പട്ടിക ചേംബറില്‍ പരിശോധിക്കാന്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു. ഡിസംബര്‍ നാലിന് കേസ് വീണ്ടും പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.