കാന്തപുരം മാതൃത്വത്തെപ്പോലും അടച്ചാക്ഷേപിക്കുന്നു –വി.എസ്

തിരുവനന്തപുരം: സ്ത്രീകളെ മാത്രമല്ല, സ്വന്തം മാതൃത്വത്തെപ്പോലും അടച്ചാക്ഷേപിക്കുന്നതാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.  പ്രസ്താവന പിന്‍വലിച്ച് കാന്തപുരം സ്ത്രീകളോട്  മാപ്പുപറയണമെന്നും വി.എസ് ആവശ്യപ്പെട്ടു.
കാന്തപുരത്തിന്‍െറ മനസ്സിലിരിപ്പ് തീവ്രഹിന്ദുത്വത്തിന്‍െറ അസംബന്ധ ചിന്തകളും പ്രയോഗങ്ങളും ഒരുളുപ്പുമില്ലാതെ അവതരിപ്പിക്കുന്ന ആര്‍.എസ്.എസ്-സംഘ്പരിവാര്‍ ശക്തികളുടെ നിലപാട് പോലെ തന്നെ ജനാധിപത്യവിരുദ്ധമാണ്. ആധുനിക സമൂഹത്തിന് ഒരു തരത്തിലും യോജിക്കാവുന്നതല്ല ഈ നിലപാട്. സമൂഹം പുരോഗതിയിലേക്ക് സഞ്ചരിക്കുകയും സ്ത്രീ-പുരുഷ സമത്വം എല്ലാ മേഖലകളിലും കൈവരിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി മുന്നേറുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് അപരിഷ്കൃതരീതിയില്‍ പ്രസ്താവന നടത്തിയിരിക്കുന്നത്.  കാന്തപുരത്തിന്‍െറ അത്യന്തം വൈകൃതം നിറഞ്ഞ പ്രസ്താവനക്കെതിരെ ജനാധിപത്യസമൂഹം ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും വി.എസ് പറഞ്ഞു.

ഇസ്ലാമില്‍ ലിംഗസമത്വമുണ്ട്; അനാവശ്യ
പ്രസ്താവന നടത്തി സമുദായത്തെ താറടിക്കരുത്- എം.ഇ.എസ്

കോഴിക്കോട്: ഇസ്ലാമില്‍ ലിംഗസമത്വമുണ്ടെന്നും അനാവശ്യ പ്രസ്താവന നടത്തി സമുദായത്തെ താറടിക്കരുതെന്നും എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍. ഒരു മതപണ്ഡിതനും സമുദായത്തില്‍ പ്രത്യേകാധികാരമില്ളെന്നും വേണ്ടാത്ത വിഷയങ്ങള്‍ കുത്തിപ്പൊക്കി സംഘ്പരിവാറിന് ആയുധം നല്‍കുകയാണ് കാന്തപുരം പോലുള്ളവര്‍ ചെയ്യുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

മുസ്ലിം സമുദായം പുരോഗതിയുടെ പാതയിലാണ്. റസിയ സുല്‍ത്താനയെ പോലുള്ളവര്‍ രാജ്യം ഭരിച്ചതാണ് ചരിത്രം. രാജ്യാന്തരതലത്തില്‍ ഇപ്പോഴും ഒട്ടേറെ ഭരണാധികാരികളായ മുസ്ലിം വനിതകളെ കാണാം. യാഥാര്‍ഥ്യമിതായിരിക്കെ സ്ത്രീകള്‍ക്കെതിരെ വേണ്ടാത്ത വിവാദമാണ് ഇവര്‍ പടച്ചുവിടുന്നത്. ഇത്തരം അഭിപ്രായപ്രകടനങ്ങളെ മുസ്ലിം സമുദായത്തിലെ മറ്റ് സംഘടനകളാണ് കാര്യമായി എതിര്‍ക്കേണ്ടത്. ‘തിരുകേശ വിവാദ’ത്തില്‍ കാണിച്ച ആര്‍ജവം ഇക്കാര്യത്തിലും എല്ലാവരും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  മദ്റസകളില്‍ പീഡനമുണ്ടെങ്കില്‍ ബന്ധപ്പെട്ട വേദിയിലാണ് ഉന്നയിക്കേണ്ടത്. ഇത്തരം മനോരോഗങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ പ്രതികരിക്കുന്നതിനോട് യോജിപ്പില്ല. സുന്നി മദ്റസയുടെ പേര് പരാമര്‍ശിച്ചാല്‍ പോസ്റ്റിട്ടയാളുടെ സംഘടനയും ചര്‍ച്ചചെയ്യപ്പെടുന്നത് സ്വാഭാവികമാണെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ഫസല്‍ ഗഫൂര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് സി.ടി. സക്കീര്‍ ഹുസൈനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ന്യായീകരിക്കാനാവാത്ത സ്ത്രീവിരുദ്ധ നിലപാട്  -പന്ന്യന്‍
ആറ്റിങ്ങല്‍: കാന്തപുരത്തിന്‍െറ സ്ത്രീവിരുദ്ധ നിലപാട് ഒരിക്കലും ന്യായീകരിക്കാനാവില്ളെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. അഭിധരംഗസാഹിത്യവീഥിയുടെ നേതൃത്വത്തില്‍ ആറ്റിങ്ങലില്‍ സംഘടിപ്പിച്ച കവി ആര്‍. മനോജ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുവിന്‍െറ വാക്കുകള്‍ 21ാം നൂറ്റാണ്ടില്‍ പുരോഹിതരുടെ വേഷത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. പഴയകാലം തിരിച്ചുകൊണ്ടുവരാനാണ് ശ്രമം. നാടിന്‍െറ വളര്‍ച്ചയെ ഇവര്‍ കണ്ടില്ളെന്ന് നടിക്കുകയാണ്. ഇത് പുരോഗതിയെ പിന്നോട്ടടിക്കും. സ്ത്രീകളെ രണ്ടാംതരക്കാരായി കാണാന്‍ എങ്ങനെയാണ് പുരോഹിതര്‍ക്ക് കഴിയുന്നത്. സ്ത്രീകളുടെ മാന്യത സംരക്ഷിക്കപ്പെടേണ്ടതാണ്. അതുകൊണ്ട് മാന്യമായ ശൈലി പ്രയോഗിക്കേണ്ടതുണ്ട്. ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ്. ഇതില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ല. ആ സമുദായത്തില്‍നിന്ന് തന്നെ തെറ്റ് ചൂണ്ടിക്കാണിക്കപ്പെടുകയും തിരുത്തുകയും വേണം. പന്ന്യന്‍ പറഞ്ഞു.


ഇരുണ്ടയുഗത്തിലേക്കുള്ള മടക്കം -പു.ക.സ
തിരുവനന്തപുരം: അറയ്ക്കല്‍ ബീവിമാര്‍ നാടുഭരിച്ചിരുന്ന മലബാറില്‍ ജീവിക്കുന്ന കാന്തപുരം നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവന മഹത്തായ ഇസ്ലാമിക പാരമ്പര്യത്തിനുതന്നെ യോജിക്കാത്തതാണെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി. സ്ത്രീകള്‍ കുട്ടികളെ പ്രസവിച്ച് വീട്ടിലിരുന്നാല്‍ മതി എന്നുപറഞ്ഞ ഹിറ്റ്ലറുടെ വാക്കുകളാണ് കാന്തപുരം ഓര്‍മപ്പെടുത്തുന്നത്. സൗദിയില്‍പോലും സ്ത്രീകള്‍ക്ക് വോട്ടവകാശവും പൊതുയിടങ്ങളും അനുവദിച്ചുകൊണ്ടിരിക്കെ കാന്തപുരം സ്ത്രീകള്‍ക്കെതിരെ എടുത്തിരിക്കുന്ന നിലപാട് രാജ്യത്ത് ആധിപത്യം ചെലുത്താന്‍ ശ്രമിക്കുന്ന മതവര്‍ഗീയശക്തികള്‍ക്ക് പിന്തുണയാകുകയാണ്. മുസ്ലിംവനിതകള്‍ക്ക് ഉന്നത വിദ്യാഭ്യാസവും സാമൂഹികമായ പദവിയും ലഭിക്കുന്ന നാടാണ് കേരളം. അതിനെതിരേയുള്ള കാന്തപുരത്തിന്‍െറ നീക്കം മധ്യകാല  അടിമയുഗത്തിലേക്കുള്ള മടക്കയാത്രയാണ്. കാന്തപുരം ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്താവന പിന്‍വലിച്ച് മുസ്ലിംസ്ത്രീകളുടെ ജനാധിപത്യാവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കാന്‍ തയാറാകണമെന്നും പു.ക.സ  ആവശ്യപ്പെട്ടു.


കാന്തപുരം സാമൂഹിക വിപത്ത് -മീനാക്ഷി തമ്പാന്‍
തൃശൂര്‍: പ്രാചീനകാലത്തെ ഇരുണ്ട മനസ്ഥിതിയുമായി ജീവിക്കുന്ന സ്ത്രീവിരുദ്ധനും സമൂഹം ചെറുത്തുതോല്‍പിക്കേണ്ട വിപത്തുമാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെന്ന് കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്‍റ് മീനാക്ഷി തമ്പാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്ത്രീ പുരുഷ സമത്വം ഉറപ്പുവരുത്തുന്ന ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണയില്‍ ഇരുന്ന് നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ ദേശവിരുദ്ധവും സാമൂഹിക വിരുദ്ധവുമാണ്. അസഹിഷ്ണുതാ വിവാദം കത്തിനില്‍ക്കുന്ന കാലത്ത് ദേശതാല്‍പര്യവും സാമൂഹിക നന്മയും ഇച്ഛിക്കുന്ന എല്ലാ സംഘടനകളും സ്ത്രീ സമൂഹത്തോടുള്ള ഈ അസഹിഷ്ണുതക്ക് എതിരെ ശക്തമായി മുന്നോട്ട് വരുമെന്ന് പ്രത്യാശിക്കുന്നു. ഇസ്ലാം സമൂഹത്തിലെ രാഷ്ട്രീയ, സാമൂഹിക, സ്ത്രീ സംഘടനകള്‍ ഇത്തരം സമൂഹത്തെ പിന്നോട്ട് കൊണ്ടുപോകുന്നവരെ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ഇടപെടണമെന്നും മഹിളാസംഘം സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെട്ടു.


കാന്തപുരത്തിന്‍േറത് താലിബാനിസം -ശോഭാ സുരേന്ദ്രന്‍
തിരുവനന്തപുരം: മതനിയമത്തിന്‍െറ അടിസ്ഥാനത്തില്‍ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു വിലങ്ങിടാനും സ്ത്രീ പുരുഷ സമത്വത്തെ നിഷേധിക്കാനുമുള്ള സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നീക്കം താലിബാനിസത്തിന് സമാനമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍. സ്ത്രീ പുരുഷ സമത്വം ഒരിക്കലും സാധ്യമല്ല എന്ന കാന്തപുരത്തിന്‍െറ നിലപാട് മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ക്കുനേരെ കാന്തപുരം അടക്കമുള്ള ചിലര്‍ അടിച്ചേല്‍പിക്കുന്ന താലിബാന്‍ മതനിയമങ്ങളുടെ സൂചനയാണ് നല്‍കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
മതനിയമങ്ങളെ തെറ്റായി വ്യാഖ്യാനം ചെയ്താണ് കാന്തപുരത്തെപ്പോലുള്ളവര്‍ ഇതു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സ്ത്രീ പുരുഷന്‍െറ അടിമയാണെന്ന കാന്തപുരത്തിന്‍െറ വിചിത്രമായ വാദം രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളെയും ഭരണഘടനയെ തന്നെയും വെല്ലുവിളിക്കുന്നതാണ്. സ്ത്രീ മുഖ്യധാരയിലേക്ക് വന്നാല്‍ പുരുഷന്മാര്‍ വിഹരിക്കുന്ന ഇടങ്ങള്‍ അവര്‍ക്ക് നഷ്ടമാകുമെന്ന ഭയമാണ് ഇത്തരക്കാര്‍ക്കുള്ളത്. തങ്ങള്‍ വഴിവിട്ടും അല്ലാതെയും അനുഭവിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും അധികാരവും നഷ്ടമാകുമോ എന്ന ഭയമാണ് കാന്തപുരത്തിനും മറ്റുമുള്ളതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.