ജോണിന്‍റെ ആത്മഹത്യ: കെ.പി.സി.സി അംഗങ്ങൾക്ക് നേരെ കരിഓയിൽ പ്രയോഗം

കൽപ്പറ്റ: ഡി.സി.സി ജനറൽ സെക്രട്ടറി പി.വി ജോണിന്‍റെ ആത്മഹത്യ കുറിപ്പിൽ പരാമർശിച്ചിട്ടുള്ള കെ.പി.സി.സി അംഗങ്ങൾക്ക് നേരെ കരിഓയിൽ പ്രയോഗം. ഇതേതുടർന്ന് ആത്മഹത്യ സംബന്ധിച്ച് കെ.പി.സി.സി നിയോഗിച്ച അന്വേഷണസമിതി യോഗത്തിലും സംഘർഷമുണ്ടായി.  

അതേ സമയം, കെ.പി.സി.സി അന്വേഷണസമിതി അംഗങ്ങൾ തെളിവെടുപ്പിന്‍റെ ഭാഗമായി ജോണിന്‍റെ വീട് സന്ദർശിച്ചു. ഡി.സി.സി പ്രസിഡന്‍റായ കെ.എൽ പൗലോസ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും മാനന്തവാടി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ സില്‍വി തോമസ് എന്നിവർക്കെതിരെയാണ് ജോണിന്‍റെ ഭാര്യ മറിയാമ്മ ജോൺ പ്രധാനമായും പരാതി ഉന്നയിച്ചത്. ജോണിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനായി ഇവർ നിരന്തരം ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ജോൺ മത്സരിച്ചപ്പോൾ വിമതനെ നിർത്തുകയും ഇയാൾക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. തോറ്റ ജോണിനോട് 'തനിക്ക് ഇനിയെങ്കിലും പോയി ചത്തൂടേ' എന്നു ചോദിച്ചു എന്നീ ആരോപണങ്ങളാണ് മറിയാമ്മ ഉന്നയിച്ചിട്ടുള്ളത്.

ഇന്ന് രാവിലെ ഡി.സി.സി പ്രസിഡന്‍റിനെതിരെ കൽപ്പറ്റ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പി.വി ജോണിന്‍റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നും പ്രസിഡന്‍റ് കെ.എൽ പൗലോസ് രാജിവെക്കണമെന്നുമായിരുന്നു സേവ് കോൺഗ്രസ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലെ ആവശ്യം.

തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ മനംനൊന്താണ് പി.വി ജോൺ ഡി.സി.സി ഒാഫീസിനുള്ളിൽ ആത്മഹത്യ ചെയത്. മാനന്തവാടി നഗരസഭ പുത്തന്‍പുര 34ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ പി.വി. ജോണ്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. യു.ഡി.എഫ് വിമതനാണ് രണ്ടാംസ്ഥാനത്തെത്തിയത്. ആത്മഹത്യക്ക് തൊട്ടുമുമ്പ് നവംബര്‍ എട്ടിന് ജോണ്‍ എഴുതിയ കത്തിൽ കെ.എൽ പൗലോസ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും മാനന്തവാടി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ സില്‍വി തോമസ് അടക്കമുള്ളവരാണ് പരാജയത്തിന് കാരണക്കാരെന്ന് പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.