മണ്ണിലും മനസ്സിലും കണ്ണീർമഴ; ഈ മെഡൽ പൊന്നുംകുടങ്ങൾക്ക്

തേഞ്ഞിപ്പലം: സംസ്ഥാന സ്കൂൾ ഗെയിംസിൽ പങ്കെടുത്ത എറണാകുളം ജില്ലാ ജൂനിയർ ഹാൻഡ്ബാൾ ടീമിലെ 16ൽ 15 പേരും തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങിയപ്പോൾ കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽതന്നെ തങ്ങിയ നിവേദിന് സഹതാരങ്ങളുടെ ആകസ്മിക വേർപാട് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഹാൻഡ്ബാൾ കോർട്ടിൽ നിവേദിനൊപ്പമുണ്ടായിരുന്നവരിൽ മൂന്നുപേരാണ് തിങ്കളാഴ്ച രാത്രി എടപ്പാളിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ദു$ഖഭാരവുമായി ചൊവ്വാഴ്ച സീനിയർ വിഭാഗം മത്സരത്തിനിറങ്ങിയ എറണാകുളം ടീം തിരുവനന്തപുരത്തെ പരാജയപ്പെടുത്തി സ്വർണം നേടി. ജൂനിയർ ടീമിന് സ്വന്തമാക്കാനാവാതിരുന്ന നേട്ടം കൊയ്ത് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുകയായിരുന്നു ഇവർ.

കോച്ചിെൻറ നിർബന്ധം മൂലമാണ് പോവാതിരുന്നതെന്ന് നിവേദ് പറയുന്നു. ഏഴുപേർ വൈകീട്ടും എട്ട് താരങ്ങൾ രാത്രിയും യാത്ര തിരിച്ചു. തിരക്കുണ്ടാവുമെന്ന് കരുതി ട്രെയിൻ യാത്ര റദ്ദാക്കി രണ്ടാമത്തെ സംഘം കൂട്ടത്തിൽപ്പെട്ട ബിജോയുടെ ബന്ധുവീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. അമൽ കൃഷ്ണ, സുധീഷ്, അതുൽരാജ് എന്നിവരാണ് മരിച്ച കായികതാരങ്ങൾ. സുധീഷും സീനിയർ ടീം അംഗമായ ലിബിനും എറണാകുളം എസ്.ആർ.വി എച്ച്.എസ്.എസ് വിദ്യാർഥികളാണ്.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് പോയ കുട്ടികൾ അപകടത്തിൽപ്പെട്ടെന്ന വിവരമാണ് ഉറക്കത്തിനിടെ ആദ്യം വന്നത്. ആർക്കാണ് അപകടം പറ്റിയതെന്ന് അന്വേഷിച്ചുള്ള വിളികളായിരുന്നു പിന്നെ. താരങ്ങൾക്കും അധ്യാപകർക്കും ഒഫീഷ്യൽസിനും ആശങ്കയുടെ മണിക്കൂറുകളായിരുന്നു. ജൂനിയർ ബോയ്സ് ക്വാർട്ടറിൽ കണ്ണൂരിനോട് പരാജയപ്പെട്ടതിനാലാണ് ആദ്യദിനം തന്നെ ഇവർക്ക് മടങ്ങേണ്ടിവന്നത്.

ചൊവ്വാഴ്ച വൈകീട്ട് കനത്ത മഴയെ അവഗണിച്ച് കളിച്ച സീനിയർ ടീം തിരുവനന്തപുരത്തെ പരാജയപ്പെടുത്തുകയായിരുന്നു. പ്രിയ കൂട്ടുകാരെ അവസാനമായി ഒരുനോക്ക് കാണാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ ഓർമകൾക്ക് മുന്നിൽ ഒരു സ്വർണമെഡൽ സമർപ്പിക്കാൻ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കുകയാണ് താരങ്ങളും സീനിയർ ടീം കോച്ച് ജസ്റ്റസും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.