പി.വി ജോണിന്‍റെ ആത്മഹത്യ: വയനാട് ഡി.സി.സി പ്രസിഡന്‍റിനെതിരെ പോസ്റ്ററുകൾ

കൽപ്പറ്റ: ജനറൽ സെക്രട്ടറി പി.വി ജോണിന്‍റെ ആത്മഹത്യ സംബന്ധിച്ച് കെ.പി.സി.സി അന്വേഷണസമിതി തെളിവെടുക്കാനിരിക്കെ ഡി.സി.സി പ്രസിഡന്‍റിനെതിരെ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പി.വി ജോണിന്‍റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നും പ്രസിഡന്‍റ് കെ.എൽ പൗലോസ് രാജിവെക്കണമെന്നുമാണ് ആവശ്യം. സേവ് കോൺഗ്രസ് എന്ന പേരിൽ കൽപ്പറ്റ നഗരത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് അഭിവാദ്യമർപ്പിച്ച് ജോണിന്‍റെ വീടായ പുതിയടത്ത് സേവ് കോൺഗ്രസിന്‍റെ പേരിൽ ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു.  

ചൊവ്വാഴ്ച ജോണിന്‍റെ ബന്ധുക്കളെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ സന്ദർശിച്ചിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇടപെടണമെന്നും പാർട്ടി തലത്തിലും നിയമപരമായും നടപടി ഉണ്ടാവണമെന്നും വി.എസ് ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടർന്ന് വ്യാഴാഴ്ച നടത്താനിരുന്ന അഡ്വ. പി.എം സുരേഷ് ബാബു അധ്യക്ഷനായ കെ.പി.സി.സി സമിതിയുടെ സന്ദർശനം ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ മനംനൊന്താണ് പി.വി ജോൺ ഡി.സി.സി ഒാഫീസിനുള്ളിൽ ആത്മഹത്യ ചെയത്. മാനന്തവാടി നഗരസഭ പുത്തന്‍പുര 34ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ പയ്യമ്പള്ളി പുതിയിടം പടിയറ പി.വി. ജോണ്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. യു.ഡി.എഫ് വിമതനാണ് രണ്ടാംസ്ഥാനത്തെത്തിയത്. ആത്മഹത്യക്ക് തൊട്ടുമുമ്പ് നവംബര്‍ എട്ടിന് ജോണ്‍ എഴുതിയ കത്തിൽ കെ.എൽ പൗലോസ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും മാനന്തവാടി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ സില്‍വി തോമസ് അടക്കമുള്ളവരാണ് പരാജയത്തിന് കാരണക്കാരെന്ന് പറഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.