പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സും സ്വകാര്യ കാലിത്തീറ്റ നിര്‍മാതാക്കളും കാലിത്തീറ്റയുടെ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ മില്‍മയുടെ 50 കിലോ ഒരു ചാക്ക് കാലിത്തീറ്റക്ക് 35 രൂപ കൂടി സബ്സിഡി നല്‍കാന്‍ തീരുമാനിച്ചതായി മലബാര്‍ മേഖലാ ക്ഷീരോല്‍പാദക യൂനിയന്‍ ചെയര്‍മാന്‍ കെ.എന്‍. സുരേന്ദ്രന്‍ നായരും എം.ഡി. കെ.ടി. തോമസും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 21 മുതല്‍ 2016 മാര്‍ച്ച് 31 വരെ മലബാര്‍ മേഖലയിലെ ക്ഷീരോല്‍പാദക സംഘങ്ങളിലൂടെ ക്ഷീര കര്‍ഷകര്‍ വാങ്ങുന്ന മില്‍മ കാലിത്തീറ്റക്കാണ് 35 രൂപ സബ്സിഡി നല്‍കുക. 2015 സെപ്റ്റംബര്‍ 21ന് ചാക്കൊന്നിന് 50 രൂപ സബ്സിഡി മേഖലാ യൂനിയന്‍ നല്‍കിയിരുന്നു. ഇതോടെ 50 കിലോ ചാക്കൊന്നിന് 85 രൂപ സബ്സിഡിയായി ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും. ഈയിനത്തില്‍ ആകെ നാലര കോടി രൂപയുടെ ബാധ്യതയാണ് മില്‍മക്കുണ്ടാവുക.
വേനല്‍ക്കാലമായതിനാല്‍ പാലുല്‍പാദനത്തെ ബാധിക്കാതിരിക്കാനാണ് കാലിത്തീറ്റക്ക് സബ്സിഡി നല്‍കാന്‍ തീരുമാനിച്ചത്. അതിര്‍ത്തി പ്രദേശത്തെ ക്ഷീരസംഘങ്ങളിലൂടെ തമിഴ്നാട്ടില്‍ നിന്ന് പാല്‍ വാങ്ങി മില്‍മക്ക് വിതരണം ചെയ്യുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.