മുല്ലപ്പെരിയാർ: ദുരന്ത നിവാരണ അതോറിറ്റിയുടെ പദ്ധതികൾ നിലച്ചു

തൊടുപുഴ: രണ്ടു വർഷം മുമ്പ് മുല്ലപ്പെരിയാറിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രൂപം കൊടുത്ത പ്രത്യേക നടപടികൾ പാതിവഴിയിൽ നിലച്ചു. സൂനാമി ദുരന്തത്തിന് ശേഷമാണ് ലോകമെമ്പാടും ദുരന്തങ്ങളിൽ പരമാവധി ജീവനും സ്വത്തിനും നഷ്ടം കുറക്കുകയെന്ന ആശയത്തിൽ ജനപങ്കാളിത്തത്തോടെ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചത്.

ഇതിെൻറ ഭാഗമായി മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകൾക്കിടയിലെ വണ്ടിപ്പെരിയാർ, കുമളി, ഉപ്പുതറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഏലപ്പാറ പഞ്ചായത്തുകളിൽ ആവിഷ്കരിച്ച കമ്യൂണിറ്റി ബേസ്ഡ് റിസ്ക് മാനേജ്മെൻറ് പദ്ധതിയാണ് സർക്കാറിെൻറ മുൻഗണനാ പട്ടികയിൽനിന്ന് പിന്തള്ളപ്പെട്ടത്.
പദ്ധതിയിൽ പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനായി പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ മേധാവികളും ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരുമടങ്ങുന്ന ദുരന്ത നിവാരണ കമ്മിറ്റികൾ രൂപവത്കരിച്ചിരുന്നു. ഓരോ പഞ്ചായത്തിലും തെരഞ്ഞെടുത്ത കോഓഡിനേറ്റർമാരും കമ്യൂണിറ്റി ഫെസിലിറ്റേറ്റർമാരും മുഖേന വാർഡുകൾ കേന്ദ്രീകരിച്ച് ജനസംഗമം നടത്തി പ്രകൃതി ദുരന്തങ്ങളിൽ അനുവർത്തിക്കേണ്ട കാര്യങ്ങളെ കുറിച്ച് അവബോധം നൽകി. തിരച്ചിലിനും രക്ഷപ്പെടുത്തലിനുമായി 501 പേർക്ക് ഫയർ ആൻഡ് റസ്ക്യൂ വിഭാഗവും പ്രഥമ ശുശ്രൂഷക്ക് 648 പേർക്ക് കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവിസസുമാണ് പ്രായോഗിക പരിശീലനം നൽകിയത്. 20 പേരുൾപ്പെടുന്ന കർമസമിതികളെ തുടർപരിശീലനങ്ങൾ നടത്താൻ ചുമതലപ്പെടുത്തി. ഇതിനെല്ലാമായി ലക്ഷങ്ങളാണ് ചെലവഴിച്ചത്.

  ഫസ്റ്റ് എയ്ഡ് കിറ്റുകളും മറ്റും അങ്കണവാടികളിൽ സൂക്ഷിച്ച് അതിെൻറ ചുമതല അവിടത്തെ അധ്യാപികമാർക്ക് നൽകുന്നതടക്കമുള്ള ആലോചനകൾവരെ നടന്നിരുന്നു. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിെൻറ സഹായത്താൽ പെരിയാർ തീരത്തുള്ള 750 വീടുകളിലെ ആളുകളുടെയും വളർത്തുമൃഗങ്ങൾ അടക്കമുള്ളവയുടെയും വിശദമായ വിവരങ്ങൾ രണ്ടു മാസംകൊണ്ട് നാൽപതോളം പേർ ശേഖരിച്ചു. ഇവ തിരുവനന്തപുരത്തെ ‘സെസി’ന് കൈമാറിയെങ്കിലും അന്നത്തെ സന്ദിഗ്ധാവസ്ഥക്ക് ശമനമുണ്ടായതോടെ പിന്നീടെല്ലാം അവസാനിക്കുകയായിരുന്നു.

ജലനിരപ്പ് ഉയർന്നാൽ താഴെ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിതമായി പാർപ്പിക്കാൻ ഉയർന്ന പ്രദേശങ്ങളുടെ മാപ്പിങ്ങും പൂർത്തിയായതാണ്. എന്നാൽ, ഈ ഇവാക്വേഷൻ ഷെൽറ്ററുകളിലേക്ക് എത്താൻ വഴിയിലുള്ള സ്വകാര്യ എസ്റ്റേറ്റുകളിലെ വേലികളും മറ്റും തടസ്സമാണ്. അടിയന്തര സാഹചര്യത്തിൽ അവ നീക്കി സുഗമമാക്കാൻ തുടർനടപടി വേണ്ടിയിരുന്നു. ദുരന്ത സാഹചര്യങ്ങളെ കണ്ടെത്തുന്നതിന് കാമറ സംവിധാനവും പൊതുജനങ്ങളെ അറിയിക്കുന്നതിന് സൈറണുകളും സ്ഥാപിക്കുന്നതും നടപ്പായില്ല. ജനം  പരിഭ്രാന്തരാകരുതെന്ന് മുന്നറിയിപ്പ് നൽകി വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത് എന്നിവിടങ്ങളിൽ ഒരു ദിവസം പരീക്ഷണാടിസ്ഥാനത്തിൽ സൈറൺ പരീക്ഷിച്ചിരുന്നു. സോഷ്യൽ വർക്കിലും ഡിസാസ്റ്റർ മാനേജ്മെൻറിലും ബിരുദാനന്തര ബിരുദമുള്ള 35ഓളം പേരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT