ബംഗളൂരു: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി.പരമേശ്വരൻ, ഫാദര്‍ അലവി എന്നിവരെ വധിക്കാൻ ശ്രമിച്ച കേസിൽ കേരള പൊലീസ് മഅ്ദനിയിൽ നിന്ന് മൊഴിയെടുത്തു. പി.പരമേശ്വരന്‍ ഫാദര്‍ അലവി എന്നിവരെ വധിക്കാൻ മഅ്ദനി ഗൂഢാലോചന നടത്തിയെന്ന പരാതിയിലാണ് എറണാകുളം ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി ബിജു സ്റ്റീഫന്‍റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ടി.ജി മോഹൻദാസ് ഹൈകോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ബംഗളൂരുവിലെ ആശുപത്രിയിലെത്തിയാണ് ക്രൈബ്രാഞ്ച് സംഘം മഅ്ദനിയുടെ മൊഴിയെടുത്തത്. എന്നാല്‍ ഈ കേസുകളില്‍ തനിക്ക് പങ്കില്ലെന്ന് മദനി പറഞ്ഞു. തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ്. കേസിലെ രണ്ടാം പ്രതിയെന്നു പറയുന്ന മാറാട് അഷ്‌റഫിനെ തനിക്ക് നേരത്തെ പരിചയമില്ല. ആദ്യമായി അഷ്‌റഫിനെ കാണുന്നത് കോയമ്പത്തൂരില്‍ ജയിലില്‍വെച്ചാണെന്നും മദനി പോലീസ് സംഘത്തോട് പറഞ്ഞു.
ഇതേ ആവശ്യമുന്നയിച്ച് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലും ടി.ജി.മോഹൻദാസ് നേരത്തേ പരാതി നൽകിയിരുന്നു. കോടതിയുടെ നിർദേശ പ്രകാരം എറണാകുളം നോർത് പൊലീസ് അന്വേഷണം നടത്തി പരാതിയിൽ കഴമ്പില്ലെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പരമേശ്വരനെയും ഫാദര്‍ അലവിയെയും വധിക്കുന്നതിന് മഅ്ദനി തന്നെ ഏല്‍പ്പിച്ചിരുന്നുവെന്ന് മാറാട് കേസില്‍ അറസ്റ്റിലായ അഷ്‌റഫ് പറഞ്ഞതായി മുഹമ്മദാണ് മൊഴി നൽകിയത്. പി. പരമേശ്വരനെ വധിക്കുന്നതിനായി താന്‍ കന്യാകുമാരി വരെ പോയിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.