വിമതന്‍ ഇടതിനെ കൈവിട്ടു; കണ്ണൂരില്‍ സ്ഥിരം സമിതികള്‍ യു.ഡി.എഫിന്

കണ്ണൂര്‍: മേയര്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തുണച്ച കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷിന്‍െറ പിന്തുണയോടെ കണ്ണൂര്‍ കോര്‍പറേഷനിലെ ആകെയുള്ള എട്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളില്‍ ഏഴും യു.ഡി.എഫ് പിടിച്ചു. ഒരു സ്ഥിരം സമിതിയില്‍ എല്‍.ഡി.എഫിന് അധ്യക്ഷ സ്ഥാനം ലഭിക്കും. സ്ഥിരം സമിതികള്‍ പിടിച്ചെടുക്കുന്നതിനിടയില്‍ ഡെപ്യൂട്ടി മേയര്‍ക്ക് നിജപ്പെടുത്തിയ ധനകാര്യ സമിതിയിലേക്കുള്ള മുഴുവന്‍ അംഗങ്ങളും ഇടതുമുന്നണിയില്‍ നിന്നായി. ഇതോടെ ധനകാര്യ കമ്മിറ്റിയില്‍ മുസ്ലിംലീഗിന്‍െറ ഡെപ്യൂട്ടി മേയര്‍ ഒറ്റപ്പെടും. ധനകാര്യ ബില്‍ പാസാക്കുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ ഡെപ്യൂട്ടി മേയറായ അധ്യക്ഷനും അംഗങ്ങളും തമ്മില്‍ സ്വരച്ചേര്‍ച്ചയുണ്ടാകില്ളെന്നുറപ്പായതോടെ കോര്‍പറേഷനില്‍ ഭരണപ്രതിസന്ധി ഉറപ്പായി.  ആറുമാസത്തിനകം അവിശ്വാസം വരുമെന്ന് ഉറപ്പിക്കാവുന്ന വിധം വിമതനുമായി കോണ്‍ഗ്രസ് ധാരണയിലായെന്ന് വ്യക്തമാവുന്നതാണ് ഇന്നലെ നടന്ന തെരഞ്ഞെടുപ്പ്.  
മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്ത രാഗേഷ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെ മുസ്ലിംലീഗ് നറുക്കെടുപ്പില്‍ ജയിച്ചിരുന്നു. സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിനു തലേന്ന് അര്‍ധരാത്രി കഴിഞ്ഞും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് രാഗേഷിന്‍െറ പിന്തുണ കോണ്‍ഗ്രസ് ഉറപ്പിച്ചത്. ഇതിനായി കണ്ണൂര്‍ സഹകരണ ജോയന്‍റ് രജിസ്ട്രാറെയും ടൗണ്‍ എസ്.ഐ സനല്‍ കുമാറിനെയും സ്ഥലം മാറ്റുകയും രാഗേഷിന്‍െറയും കൂടെയുള്ളവരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തു.  
രാഗേഷ് ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ പിന്നീട് നടക്കുമെന്ന് ഡി.സി.സി ഭാരവാഹികള്‍ പറഞ്ഞു. രാഗേഷിന്‍െറ പിന്തുണ ഇല്ലാതായതോടെ എല്‍.ഡി.എഫിന് ഭരണത്തിലിരിക്കുന്നതിനുള്ള ഭൂരിപക്ഷമില്ളെങ്കിലും മേയര്‍ പദവി രാജിവെക്കില്ളെന്ന് ഇ.പി. ലത പറഞ്ഞു. ആറുമാസം വരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സാധ്യതകളില്ലാത്തതിനാല്‍ അതുവരെ എല്‍.ഡി.എഫ് ഭരണത്തില്‍ തുടരും. വികസനം, ആരോഗ്യം, പൊതുമരാമത്ത്, നഗരാസൂത്രണം, വിദ്യാഭ്യാസം, നികുതി ആന്‍ഡ് അപ്പീല്‍ എന്നീ സമിതികളിലാണ് യു.ഡി.എഫിന് മേല്‍ക്കൈ.  ക്ഷേമകാര്യ സമിതിയാണ് എല്‍.ഡി.എഫിനു ലഭിച്ചത്. ക്ഷേമകാര്യ സമിതിയിലേക്കുള്ള വനിതാ സംവരണ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുമ്പോള്‍ യു.ഡി.എഫിന്‍െറ ഒരു വോട്ട് അസാധുവായതാണ് എല്‍.ഡി.എഫിന് നേട്ടമായത്. ക്ഷേമകാര്യത്തില്‍ പറ്റിയ പിഴവില്ലായിരുന്നുവെങ്കില്‍ യു.ഡി.എഫ് വിജയം സമ്പൂര്‍ണമാകുമായിരുന്നു. ഇത് കണക്കുകൂട്ടിയാണ് ധനകാര്യത്തില്‍ മുഴുവന്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ വന്നാലും  പ്രശ്നമില്ളെന്ന നിലയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പിന് അംഗങ്ങളെ ഒരുക്കിയത്. സ്ഥിരം സമിതി അംഗങ്ങള്‍ യോഗം ചേര്‍ന്ന് അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശ പ്രകാരം പിന്നീട് നടക്കും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.