അടൂര്‍ കോളജിലെ ഓണാഘോഷം: വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

പത്തനംതിട്ട: അടൂര്‍ എന്‍ജിനീയറിങ് കോളജിലെ ഓണാഘോഷ പരിപാടികള്‍ അതിരുകടന്ന സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. ഫയര്‍ഫോഴ്സ് വാഹനത്തിന്‍്റെ മുകളില്‍ കയറി ആഘോഷപ്രകടനം നടത്തിയതിനും മാര്‍ഗതടസം സൃഷ്ടിച്ചതിനുമാണ് അടൂര്‍ പൊലീസ് കേസെടുത്തത്. ആഘോഷകമ്മറ്റി കണ്‍വീനറും വിദ്യാര്‍ഥിനികളും ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെയാണ് കേസ്.

ഘോഷയാത്രയില്‍ ഫയര്‍ എന്‍ജിന്‍, കെ.എസ്.ആര്‍.ടി.സി ബസ്, ജെ.സി.ബി, ക്രെയിന്‍, ട്രാക്ടര്‍ എന്നിവയും തുറന്ന ജീപ്പുകളും ഉണ്ടായിരുന്നു. കോളജിനു പുറത്ത് അടൂരില്‍നിന്ന് കൊല്ലത്തേക്ക് പോകുന്ന റോഡിലായിരുന്നു ഘോഷയാത്ര. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ കാഴ്ചക്കാരാക്കി, വെള്ളം ചീറ്റുന്ന പൈപ്പും പിടിച്ച് വിദ്യാര്‍ഥികള്‍ നൃത്തംവെച്ചു. ഫയര്‍ഫോഴ്സ് വാഹനത്തിന്‍െറ മുകളിലും കുട്ടികള്‍ സ്ഥാനം പിടിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ബസും ഫയര്‍ എന്‍ജിനും വാടകക്ക് എടുക്കുകയായിരുന്നു.

ആഘോഷത്തിന് ഫയര്‍ഫോഴ്സ് വാഹനം അനുവദിച്ചതുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സ്റ്റേഷന്‍ ഓഫിസര്‍ ടി. ഗോപകുമാര്‍, ലീഡിങ് ഫയര്‍മാന്‍മാരായ ബി. യേശുദാസന്‍, പി.ടി. ദിലീപ്, എസ്. സോമരാജന്‍, എന്‍. രാജേഷ്, കെ.ശ്യാംകുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗതാഗത നിയന്ത്രണത്തിന് ചുമതലപ്പെടുത്തിയിരുന്ന ഹോംഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.