സി.ഇ.ടി വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവം; പ്രതികള്‍ക്കെതിരെ നരഹത്യക്ക് കേസ്

കഴക്കൂട്ടം: തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. സിവില്‍ എന്‍ജിനീയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയിലെ കുന്നത്ത് പുല്ലാഞ്ചേരി വീട്ടില്‍ ബഷീറിന്‍െറ മകള്‍ തസ്നിയാണ് (21) വ്യാഴാഴ്ച രാത്രി 11.30 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ചായിരുന്നു അപകടം. സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന 12 പേര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു.

വ്യാഴാഴ്ച കോളജ് ഹോസ്റ്റല്‍ യൂനിയന്‍െറ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്‍െറ മുന്നോടിയായി ബുധനാഴ്ച നടന്ന ഘോഷയാത്രക്കിടെയായിരുന്നു അപകടം. ഘോഷയാത്രക്ക് ഒപ്പമുണ്ടായിരുന്ന ജീപ്പിടിച്ച് നടന്നുപോവുകയായിരുന്ന തന്‍സിക്ക് പരിക്കേല്‍ക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കോളജ് ജീവനക്കാര്‍ എം.ടെക് അഡ്മിഷന്‍െറ തിരക്കിലായിരുന്നു. ഡി.സി.പി സഞ്ജയ് കുമാര്‍, ശംഖുംമുഖം എ.സി  ജവഹര്‍ ജനാര്‍ദ് എന്നിവര്‍ സ്ഥലത്തത്തെി അധ്യാപകരുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി.

കണ്‍ട്രോള്‍ റൂം സി.ഐ പ്രസാദിനാണ് അന്വേഷണച്ചുമതല. സംഭവത്തില്‍ 12 പേരെ സസ്പെന്‍ഡ് ചെയ്തതായി കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഡേവിഡ് അറിയിച്ചു. സസ്പെന്‍ഡ് ചെയ്തവര്‍ ഓണാഘോഷ പരിപാടിയുടെ സംഘാടകരാണ്. അപകടസമയം 10ഓളം പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് സൂചന. സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസ് പകര്‍ത്തിയിട്ടുണ്ട്. വാഹനം ബുധനാഴ്ച രാത്രി കാര്യവട്ടത്ത് ഒതുക്കിയിട്ടനിലയില്‍ കണ്ടത്തെി. സംഭവത്തത്തെുടര്‍ന്ന് കോളജില്‍ വ്യാഴാഴ്ച സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ കോളജ് ഉപരോധിച്ചു.

തനൂജാ പുന്നപ്പാലയാണ് തന്‍സിയുടെ മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് റാഫി, ഫാത്തിമ റാഹില, അമീന്‍. മൃതദേഹം വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സ്വദേശത്തേക്കു കൊണ്ടുപോകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.