ഉള്ളി വില കുതിക്കുന്നു

കോഴിക്കോട്: ഉള്ളിവില വിപണിയില്‍ കുത്തനെ ഉയരുന്നു. വ്യാഴാഴ്ച കിലോക്ക് 55 രൂപയാണ് വലിയ ഉള്ളിയുടെ (സവാള) മൊത്ത വിപണിയിലെ വില. ഇത് ചില്ലറ വ്യാപാരികളിലത്തെുമ്പോള്‍ നാലു  മുതല്‍ ഏഴു രൂപയുടെ വരെ വര്‍ധനയുണ്ടാകും. വലിയ ഉള്ളി വ്യാപകമായി എത്തുന്ന മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞത് ഉള്ളികൃഷിക്ക് തിരിച്ചടിയായെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ഈദുല്‍ ഫിത്റിനോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ കിലോക്ക് 36 രൂപയായിരുന്നതാണ് ഇപ്പോള്‍ കുതിച്ചുയര്‍ന്ന് 50 രൂപ കടന്നിരിക്കുന്നത്. മൊത്തവിപണിയില്‍ 55 രൂപയാകുമ്പോഴും ഉള്‍പ്രദേശങ്ങളിലേക്കും മറ്റിടങ്ങളിലേക്കും പോകുമ്പോള്‍ വില 60 കടക്കും. ചൊവ്വാഴ്ച 49 രൂപയായിരുന്നത് ബുധനാഴ്ച 52 രൂപയായി വര്‍ധിച്ചു.  
കഴിഞ്ഞയാഴ്ച മൊത്തവിപണിയില്‍ കിലോക്ക് 43 രൂപയായിരുന്ന ഉള്ളിവിലയാണിപ്പോള്‍ 12 രൂപ വര്‍ധിച്ച് 55ലത്തെിയത്. ഓരോ ദിവസവും വലിയ ഉള്ളിയുടെ വില മുന്നോട്ടുതന്നെയാണ് കുതിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് സമയം കഴിഞ്ഞതും  ഉള്ളിയുടെ വരവിനെ സാരമായി ബാധിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലും മറ്റു സംസ്ഥാനങ്ങളിലും വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ നടക്കുന്നത് ഉള്ളിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും, അത്  വില കൂടാന്‍ കാരണവുമായിട്ടുണ്ടെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു.
അതേസമയം, തമിഴ്നാട്ടില്‍നിന്നും മറ്റും വരുന്ന ചെറിയ ഉള്ളിയുടെ മൊത്തവില 30-32 രൂപയില്‍ തുടരുകയാണ്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.