സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയാല്‍ ആന പീഡനം കുറയും

തൃശൂര്‍: ഉത്സവങ്ങള്‍ക്കും മറ്റും ആനകളെ എഴുന്നള്ളിക്കുന്നതു സംബന്ധിച്ച് സുപ്രീംകോടതി കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നടപ്പാക്കിയാല്‍ ആനപീഡനം വന്‍തോതില്‍ കുറയുമെന്ന് വിലയിരുത്തല്‍. 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ കേരള നാട്ടാന പരിപാലന നിയമത്തിന് രൂപംനല്‍കുകയും 2013മാര്‍ച്ച് 20ന് നടപ്പാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. നിയമം അതേപടി നടപ്പാക്കാനാണ് സുപ്രീംകോടതി നിര്‍ദേശമെന്ന് തൃശൂര്‍ ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സ് യോഗം ചൂണ്ടിക്കാട്ടി.

2013ല്‍ തൃശൂര്‍ പൂരത്തിന് നിയമത്തിലെ ചട്ടങ്ങള്‍ മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. ഇതുമൂലം 2013, 2014, 2015 വര്‍ഷങ്ങളില്‍ ഉത്സവ സംഘാടകരും ആന കരാറുകാരും നിയമം പാലിച്ചില്ല. ഇത്തരം പരസ്യ നിയമലംഘനത്തിന് കടുത്ത ശിക്ഷ നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ പുതിയ നിര്‍ദേശം. കേരളത്തിലെ ശേഷിക്കുന്ന നാട്ടാനകളെ രക്ഷിക്കാനുള്ള വഴിയാണെന്നാണ് ഇത് വിലയിരുത്തപ്പെടുന്നത്.

2012ലെ നിയമ പ്രകാരം കലക്ടര്‍ ചെയര്‍മാനായ ജില്ലാതല നാട്ടാന പീഡന നിവാരണ സമിതിയില്‍ പൊലീസ് സൂപ്രണ്ട്, ചീഫ് വെറ്ററിനറി ഓഫിസര്‍, ഡി.എഫ്.ഒ എന്നിവരും ആന ഉടമ സംഘം, ആന ഉടമസ്ഥ ഫെഡറേഷന്‍, കേരള ഉത്സവ കോഓഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ ഓരോ അംഗവും രണ്ട് പാപ്പാന്‍ സംഘടനകളുടെ ഓരോ പ്രതിനിധിയും അംഗങ്ങളാണ്.

ഉദ്യോഗസ്ഥരേക്കാള്‍ പ്രാതിനിധ്യം ആന പീഡനത്തിന് കൂട്ട് നില്‍ക്കുന്നവര്‍ക്കായിരുന്നു. എന്നാല്‍, സമിതിയില്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്‍െറ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് ആനകളെ പീഡിപ്പിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സഹായിക്കും.
കോടതി വിധിയോടെ ഉടമാവകാശ സര്‍ട്ടിഫിക്കറ്റില്ലാത്ത ആന ഉടമകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറിന് നടപടിയെടുക്കേണ്ടി വരും. ആനയെ കൈവശം വെക്കുന്നവര്‍ എല്ലാ വിവരവും രേഖാമൂലം കലക്ടര്‍ക്ക് നല്‍കണമെന്നാണ് കോടതി ഉത്തരവ്. ഓരോ ജില്ലയിലെയും ആരാധനാലയങ്ങളില്‍ ഏതൊക്കെ ദിവസം എത്ര ആനകളെ വീതം എഴുന്നള്ളിക്കണമെന്ന് ബന്ധപ്പെട്ടവര്‍ കലക്ടറെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തില്‍ ഇനി കലക്ടറുടെ അനുമതിയില്ലാതെ ആനകളെ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാകുമെന്നും ടാസ്ക് ഫോഴ്സ് ഭാരവാഹികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.