റിലയന്‍സ് വിദ്യാഭ്യാസ വായ്പത്തുക പിരിക്കുന്നതിന് സ്റ്റേ

കൊച്ചി: എസ്.ബി.ടിയില്‍നിന്ന് എടുത്ത വിദ്യാഭ്യാസ വായ്പ റിലയന്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി തിരിച്ചുപിടിക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ജാഫര്‍ ഖാന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖിന്‍െറ ഉത്തരവ്.

പരാതിക്കാരന്‍ മകളുടെ പഠനാവശ്യത്തിന് എസ്.ബി.ടി വളയന്‍ചിറങ്ങര ശാഖയില്‍നിന്ന് വായ്പയെടുത്തിരുന്നു. എന്നാല്‍, അടുത്തിടെ എസ്.ബി.ടി വിദ്യാഭ്യാസ വായ്പകള്‍ റിലയന്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് പിരിച്ചെടുക്കാനുള്ള അവകാശത്തോടെ വിറ്റതായി ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. വായ്പത്തുക തിരിച്ചുപിടിക്കാന്‍ കമ്പനി നടത്തുന്ന നടപടി ബ്ളേഡ്-ഗുണ്ട മാഫിയയുടേതിന് സമാനമാണ്.

നിയമാനുസൃത നോട്ടീസ് പോലും നല്‍കാതെ നിരന്തരം ഫോണ്‍ കോളിലൂടെ  റിലയന്‍സ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചതെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. എതിര്‍ കക്ഷിയായ റിലയന്‍സ് കമ്പനിക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.