കാഥിക ആയിഷ ബീഗം അന്തരിച്ചു

ആലപ്പുഴ: കഥാപ്രസംഗ കലയിലെ ആദ്യ മുസ് ലിം വനിതകളിലൊരാളായ ആയിഷ ബീഗം (72) അന്തരിച്ചു. പുലര്‍ച്ചെ പുന്നപ്ര നന്ദിക്കാട്ട് വെളി 'മാനസി'യില്‍ മകന്‍ അന്‍സാറിന്‍െറ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതയായിരുന്നു. കഷ്ടപാടും ദുരിതവും നിറഞ്ഞ ജീവിതത്തിലും കഥാപ്രസംഗ കലയെ നെഞ്ചോടു ചേര്‍ത്തു പിടിച്ച കലാകാരിയാണ് ആയിഷ ബീഗം. കേരളത്തിന് അകത്തും പുറത്തും മൂവായിരത്തോളം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ പലതും സഹൃദയ ലോകം ആദരവോടെ സ്വീകരിച്ചു.

1943ലാണ് ആയിഷ ബീഗത്തിന്‍െറ ജനനം. മുഹമ്മദുകണ്ണ് -ഫാത്തിമ ദമ്പതികളുടെ മകളായ ആയിഷയുടെ കുടുംബം ചെറുപ്പകാലത്ത് തന്നെ ആലപ്പുഴയിലേക്ക് കുടിയേറി. കഥാപ്രസംഗ വേദികളില്‍ ഭര്‍ത്താവ് എ.എം ശെരീഫ് പ്രോത്സാഹനവും പ്രചോദനവും നല്‍കി. 1998ല്‍ അദ്ദേഹം മരിച്ചു.

മൂന്ന് പതിറ്റാണ്ടോളം മാപ്പിള^സാമൂഹ്യ പശ്ചാത്തലമുള്ള കഥകള്‍ വിവിധ വേദികള്‍ ആയിഷ ബീഗം അവതരിപ്പിച്ചു. 'ധീര വനിത' എന്ന കഥ ആലപ്പുഴ വട്ടപ്പള്ളിയിലെ വേദിയില്‍ അവതരിപ്പിച്ചായിരുന്നു കഥാപ്രസംഗ രംഗത്തേക്ക് ആയിഷ ബീഗം കടന്നുവന്നത്. മുസ് ലിം വനിതകള്‍ പരസ്യമായി വേദികളില്‍ കഥ പറയാന്‍ മടിച്ചിരുന്ന കാലഘട്ടത്തില്‍ തന്നിലുള്ള പ്രതിഭയെ അടക്കി നിര്‍ത്താന്‍ ആയിഷക്കായില്ല.

ജനങ്ങളില്‍ നിന്നു ലഭിച്ച ആദരവും പ്രോത്സാഹനവും ഉള്‍ക്കൊണ്ട് മാപ്പിള സാഹിത്യത്തില്‍ ഒമ്പതോളം കഥകളും മറ്റിതര സാമൂഹ്യ വിഷയങ്ങളില്‍ പതിനഞ്ചോളം കഥകളും ആയിഷ ബീഗം അവതരിപ്പിച്ചു. മക്കള്‍: അന്‍സാര്‍ (ഗള്‍ഫ്), പരേതനായ നൗഷാദ്. ഖബറടക്കം ഉച്ചക്ക് രണ്ട് മണിക്ക് പുന്നപ്രയിലെ പള്ളിയില്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.