തിരുവനന്തപുരം: 650 കോടി രൂപയുടെ ക്ഷേമപെന്‍ഷനുകള്‍ ആഗസ്റ്റ് 21നു മുമ്പ് വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നു ഗഡുക്കളാണ് ഒരുമിച്ച് വിതരണം ചെയ്യുന്നത്. 30 ലക്ഷം (30,034,37) ഗുണഭോക്താക്കളാണുള്ളത്. ഓണത്തിനുള്ള യു.ഡി.എഫ് സര്‍ക്കാരിന്‍്റെ സമ്മാനമാണിത്.
ഐ.ഇ.ഡി റിസോഴ്സ് ടീച്ചര്‍മാര്‍ക്ക് 5 കോടി
അഞ്ചു കോടി രൂപ സംസ്ഥാന വിഹിതമായി വകയിരുത്തി എസ്.എസ്.എയുടെ കീഴില്‍ ഐ.ഇ.ഡി റിസോഴ്സ് ടീച്ചര്‍മാരായി നിലവിലുള്ള 1286 പേരെയും നിലനിര്‍ത്താന്‍ തീരുമാനിച്ചു. ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ടീച്ചര്‍മാരുടെ എണ്ണം 795 ആയി വെട്ടിക്കുറക്കുകയും കേന്ദ്രസര്‍ക്കാരിന്‍്റെ ഫണ്ട് അതനുസരിച്ച് കുറക്കുകയും ചെയ്തിരുന്നു. ഇപ്രകാരം പുറത്തായ 491 പേരെ പുനര്‍നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം കണ്ടെത്തേണ്ട സാഹചര്യത്തിലാണ് അഞ്ചു കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്.
വാഹനാപകടത്തില്‍ ധനസഹായം
ജൂണ്‍ 7ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ചു പേര്‍ക്കും പരിക്കേറ്റ ഏഴുപേര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചു.
ഹോസ്ദുര്‍ഗ് ഗവ. കോളേജിന് ഭൂമി
കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ പനയാല്‍ വില്ളേജിലെ 7.50 ഏക്കര്‍ റവന്യൂ ഭൂമി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് സ്ഥാപിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് നല്‍കും. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനായിരിക്കും.
വൈദ്യുത പദ്ധതികള്‍ അനുവദിച്ചു
പാലക്കാട് ജില്ലയിലെ അഗളി ഗ്രാമപഞ്ചായത്തിലെ കൂടം (4.5 മെഗാവാട്ട്), കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ചെമ്പുകട്ടി (6.5 മെഗാവാട്ട്) എന്നീ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പാലക്കാട് ജില്ലാ പഞ്ചായത്തിന് അനുവദിച്ചു. നയരേഖയില്‍ പരാമര്‍ശിക്കുന്ന തറവില (മിനിമം അപ്ഫ്രണ്ട് പ്രീമിയം തുക) ഉത്തരവ് തീയതി മുതല്‍ 20 തുല്യ മാസത്തവണകളായി അടക്കുവാനും അനുമതി നല്‍കി.
വാട്ടര്‍ അതോറിറ്റിയില്‍ 316 എന്‍.എം.ആര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും
കേരള വാട്ടര്‍ അതോറിറ്റിയില്‍ 316 എന്‍.എം.ആര്‍. ജീവനക്കാരെ, അഞ്ചുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ തീയതി കണക്കാക്കി റഗുലര്‍ എസ്റ്റാബ്ളിഷ്മെന്‍്റില്‍ ഉള്‍പ്പെടുത്തും. ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതി മുതല്‍ മാത്രമേ സാമ്പത്തികാനുകൂല്യത്തിന് അര്‍ഹതയുണ്ടാകൂ. സ്ഥിരപ്പെടുത്തുന്ന തീയതി മുതല്‍ മറ്റ് ആനുകൂല്യങ്ങളും നല്‍കും.
കെ.എസ്.ആര്‍.ടി.സിക്ക് 316 കോടിയുടെ സൗജന്യ ഭൂമി
എറണാകുളം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സിയുടെ കൈവശമിരിക്കുന്ന എറണാകുളം ബസ് സ്റ്റേഷനിലെ 1.93 ഹെക്ടര്‍ സ്ഥലവും കാരിക്കാമുറിയില്‍ 1.40 ഹെക്ടര്‍ സ്ഥലവും തേവര പെരുമാനൂര്‍ ബോട്ട് യാര്‍ഡിലെ 2.63 ഹെക്ടര്‍ സ്ഥലവും ഉള്‍പ്പെടെ 14 ഏക്കര്‍ 7 സെന്‍്റ് ഭൂമി കെ.എസ്.ആര്‍.ടി.സിക്ക് സൗജന്യമായി പതിച്ചുനല്‍കാന്‍ തീരുമാനിച്ചു. ഇതിന് 316.54 കോടി രൂപ കമ്പോളവിലയുണ്ട്.
ടെന്‍ഡര്‍ അംഗീകരിക്കാന്‍ അനുമതി
തിരുവനന്തപുരം ജില്ലയിലെ നെയ്യാറിന് കുറുകെയുള്ള പാഞ്ചിക്കാട്ട് കടവ് പാലം നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് നിരക്കിനേക്കാള്‍ 7.92 ശതമാനം വര്‍ധന അനുവദിച്ചു കൊണ്ട് ടെന്‍ഡര്‍ അംഗീകരിക്കുതിന് അനുമതി നല്‍കി.
എസ്.ആര്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്സ്
തൃശൂര്‍ ജില്ലയിലെ എസ്.ആര്‍.വി മ്യൂസിക് സ്കൂളിനെ എസ്.ആര്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്സ് ആയി ഉയര്‍ത്തും. കോളജ് നിര്‍മാണത്തിന് 60 ലക്ഷം രൂപ അനുവദിച്ചു.
മൂന്ന് ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യും
2015ലെ കേരള ടൗണ്‍ ആന്‍്റ് കണ്‍ട്രി പ്ളാനിങ് ഓര്‍ഡിനന്‍സ്, 2015ലെ കേരള റിയല്‍ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും) ഓര്‍ഡിനന്‍സ്, 2015ലെ മുന്നാക്ക വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷന്‍ ഓര്‍ഡിനന്‍സ് എന്നീ ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരപ്പെടുത്തുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
നോര്‍ക്ക വകുപ്പില്‍ ഡ്രൈവര്‍ തസ്തിക
നോര്‍ക്ക വകുപ്പില്‍ പുതിയ ഒരു ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.