കോഴിക്കോട് പിടിച്ചെടുത്ത ചീഞ്ഞമുട്ടകൾ 

കോഴിക്കോട് 16,794 ചീഞ്ഞമുട്ടകൾ പിടിച്ചെടുത്തു; നൽകുന്നത് ബേക്കറികൾക്ക്; സൂക്ഷിച്ചത് എ.സി മുറികളിൽ

കോഴിക്കോട്: ബേക്കറികളിൽ വിൽക്കാൻ സൂക്ഷിച്ച ഉപയോഗയോഗ്യമല്ലാത്ത 16,794 ചീഞ്ഞ മുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു. കുന്ദമംഗലം ഫുഡ് സേഫ്റ്റി സർക്കിളിന് കീഴിൽ മാവൂർ ഗ്വാളിയർ റയൺസ് മേഖലയിലെ രണ്ട് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് പൊട്ടിയതും ചീഞ്ഞതും പുഴുക്കൾ നിറഞ്ഞതുമായ മുട്ടകൾ കണ്ടെത്തിയത്. ഇവ നശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

പുനത്തിൽ, പി.യു എഗ്സ്റ്റോൾ എന്നീ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നല്ല മുട്ടകൾക്കൊപ്പം ഉപയോഗയോഗ്യമല്ലാത്ത മുട്ടകളും ബേക്കറി നിർമാണ യൂണിറ്റുകൾക്ക് വിൽപന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇത്തരം മുട്ടകൾ എ.സി സൗകര്യത്തിലും അല്ലാതെയും സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. രണ്ട് സ്ഥാപനങ്ങൾക്കും കൂടി പ്രതിദിനം ഏകദേശം രണ്ടേമുക്കാൽ ലക്ഷം രൂപയുടെ വിറ്റുവരവുണ്ടെന്നാണ് വിവരം.

പൊട്ടിയതും ചീഞ്ഞതുമായ മുട്ടകൾ കേക്കും ബേക്കറി ഉൽപന്നങ്ങളും നിർമിക്കാനാണ് ഉപയോഗിക്കുന്നത്. കുറഞ്ഞ വിലയ്ക്കാണ് ഇവ വിൽപന നടത്തുന്നത്. ഒരുബേക്കറിയിൽ നടത്തിയ പരിശോധനയിൽ ചീഞ്ഞ മുട്ട കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിതരണ ഏജൻസിയെ കുറിച്ച് വിവരം ലഭിച്ചത്. ഇന്ന് പുലർച്ചെ മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ തമ്പടിച്ച് കട തുറന്ന ഉടൻ മുട്ടകൾ പിടിച്ചെടുക്കുകയായിരുന്നു. എ.സി മുറിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയത് ഗുരുതരമായ നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം നടപടികളും ആരംഭിക്കും.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസ്, കുന്ദമംഗലം ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. അനു എ.പി, എലത്തൂർ ഫുഡ് സേഫ്റ്റി ഓഫിസർ വിമൽ സി.എ, അസിസ്റ്റന്റ് ബിജിത എന്നിവർ പങ്കെടുത്തു.

Tags:    
News Summary - 16,794 rotten eggs seized in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.