1. ഹെയ്തി സാദിയ

മൗനമായ് അനന്യ അരങ്ങിൽ, തേങ്ങലടക്കി ഹെയ്തി

ഓർമയില്ലേ അനന്യയെ...വേദനയേറെ തിന്ന് കൊച്ചിയിലെ ഫ്ലാറ്റിൽ തൂങ്ങിമരിക്കേണ്ടിവന്ന ട്രാൻസ്ജെൻഡർ; കലോത്സവ വേദിയിൽ നടക്കാവ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥികളിലൂടെ അനന്യ ഇന്നലെ വീണ്ടും വേദിയിലെത്തി. സദസ്സിൽ തേങ്ങലടക്കി മറ്റൊരാൾ കൂടിയുണ്ടായിരുന്നു, അനന്യയുടെ സഹോദരി ഹെയ്തി സാദിയ.

ടൗൺ ഹാൾ വേദിയായ ‘ശ്രാവസ്തി’യാണ് ഈ നൊമ്പര നിമിഷങ്ങൾക്ക് സാക്ഷിയായത്. മൂകാഭിനയ വേദിയിൽ അനന്യയുടെ ദുരന്ത ജീവിതം പകർന്നാടുമ്പോഴത്രയും ഹെയ്തിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അനന്യ അനുഭവിച്ച വേദനകളെ തുറന്നുകാട്ടുന്നതായിരുന്നു വിദ്യാർഥികളുടെ പ്രകടനം. ‘അവരും മനുഷ്യരല്ലേ.. അവർക്കും വേദനയുണ്ടാവില്ലേ..?’ എന്ന ചോദ്യമുയർത്തിയാണ് മൂകാഭിനയം അവസാനിച്ചത്.

ഹെ​യ്തി സാ​ദി​യ

ഒരു ജന്മദിനാഘോഷ വേളയിൽ, താൻ അനുഭവിക്കുന്ന പ്രശ്നങ്ങളെ കലാവിഷ്കാരമായി എപ്പോഴെങ്കിലും കൊണ്ടുവരണമെന്ന് അനന്യ പറഞ്ഞിരുന്നതായി ഹെയ്തി സാദിയ ഓർമിച്ചു. വർഷങ്ങൾക്കുമുമ്പേ വീട്ടിൽനിന്ന് പുറത്തായതും കൊച്ചിയിലെ ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ പിന്തുണയോടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതും അതിനുശേഷം അനുഭവിച്ച പ്രയാസങ്ങളുമാണ് നടക്കാവിലെ പെൺകുട്ടികൾ അവതരിപ്പിച്ചത്.

ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകത കാരണം അനന്യക്ക് വളരെയധികം വേദന സഹിക്കേണ്ടിവന്നതും ആത്മഹത്യ ചെയ്യുന്നതുമെല്ലാം വിദ്യാർഥികൾ ഭംഗിയായി അവതരിപ്പിച്ചു. തൃശൂർ സ്വദേശിയായ സുമേഷാണ് പരിശീലിപ്പിച്ചത്. ഹെയ്തി സാദിയയുടെ സുഹൃത്താണ് സുമേഷ്. ഇങ്ങനെയൊരു വിഷയം അവതരിപ്പിക്കുന്നുണ്ടെന്നറിഞ്ഞ് ഹെയ്തി കോഴിക്കോട്ടേക്ക് വണ്ടികയറുകയായിരുന്നു. കുട്ടികളെ അഭിനന്ദിച്ചെന്നും എ ഗ്രേഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മാധ്യമപ്രവർത്തകയായ ഹെയ്തി പറഞ്ഞു.

Tags:    
News Summary - Mime on the story of Ananya in Kerala School Arts Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.