മ​ത്സ​ര​ത്തി​നു​ശേ​ഷം മീ​നാ​ക്ഷി​ക്ക് മു​ത്തം ന​ൽ​കു​ന്ന അ​ഞ്ജ​ന

മീനാക്ഷീ... അതിരുകൾക്കപ്പുറം അച്ഛനുണ്ട്...

ആകാശങ്ങളുടെയും അപ്പുറത്തിരുന്ന് മീനാക്ഷിയുടെ ചുവടുകൾ അച്ഛൻ കണ്ടിട്ടുണ്ടാവണം. അവളുടെ ചുവട് ഇടറിയോ എന്നു തോന്നിച്ചപ്പോൾ ‘അയ്യോ..!’എന്ന് അച്ഛന്റെ ഉള്ളം കലങ്ങിയിട്ടുണ്ടാവണം. എങ്കിലും മകൾ അത് നേടുമെന്ന് ആ ആത്മാവിന് ഉറപ്പുണ്ടായിരുന്നിരിക്കണം. ഒന്നാം വേദിയിൽ എച്ച്.എസ്.എസ് വിഭാഗം കുച്ചുപ്പുടിയിൽ എ ഗ്രേഡ് നേടിയ ഹരിപ്പാട് ജി.എം.ബി.എച്ച്.എസ്.എസ് സ്കൂളിലെ മീനാക്ഷിയുടെ അച്ഛൻ വേണുഗോപാലിനെ കഴിഞ്ഞ വർഷം കോവിഡ് അപഹരിച്ചു.

നാലാം വയസ്സുമുതൽ ചിലങ്കയണിയിച്ച് ഓരോരോ വേദികളിലും അവളെ കൊണ്ടുനടന്നത് ഹരിപ്പാട് ജാത ഭവനിൽ വേണുഗോപാലായിരുന്നു. അച്ഛൻ കൈപിടിച്ചുകയറ്റാതെ ഇന്നോളം ഒരു കലോത്സവവും മീനാക്ഷി കൂടിയിട്ടില്ല. രോഗപീഡകൾക്കിടയിൽ പോലും മകളുടെ മനസ്സിൽ കല നിറച്ചു.

ഗൾഫിൽ ഇലക്ട്രീഷ്യനായിരുന്ന വേണുഗോപാൽ ആരോഗ്യപ്രശ്നത്തെ തുടർന്ന് നാട്ടിൽ മടങ്ങിയെത്തി വിശ്രമത്തിലായപ്പോൾ അവളെ ഗുരു കലാമണ്ഡലം ഡോ. വിജയകുമാരി സൗജന്യമായാണ് പഠിപ്പിക്കുന്നത്. കോവിഡും ന്യുമോണിയയും ബാധിച്ച് 2021 ആഗസ്റ്റ് 16 നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വേണുഗോപാൽ മരണത്തിന് കീഴടങ്ങിയത്.

അച്ഛനോർമകൾ കണ്ണ് നനച്ചപ്പോൾ ചുവടുകൾക്കൊടുവിൽ കുഴഞ്ഞുവീണ അവളെ അമ്മ അഞ്ജനയും അധ്യാപകരും താങ്ങിയെടുത്താണ് പുറത്തെത്തിച്ചത്. കഴിഞ്ഞദിവസം മോഹിനിയാട്ടത്തിലും മുന്നിൽ തന്നെ. വേണുവിന്റെ കൂട്ടുകാരും അധ്യാപകരും സഹായിച്ചാണ് ഇത്തവണ കലോത്സവത്തിനെത്തിയത്. അച്ഛന്‍റെ ആഗ്രഹം പോലെ കലാമണ്ഡലത്തിൽ ചേർന്ന് വലിയ നർത്തകിയാവുകയാണ് മീനാക്ഷിയുടെ ലക്ഷ്യം.

Tags:    
News Summary - Meenakshi... There is a father beyond borders...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.