മഞ്ജു വാര്യർ, കാവ്യ, നവ്യ, അമ്പിളി ദേവി, മന്ത്രി വീണ ജോർജ് എന്നിവർ കലോത്സവത്തിൽ പ​ങ്കെടുത്തപ്പോൾ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം മലായാള കലാ ലോകത്തിന് സംഭാവന നൽകിയത് നിരവധി നടൻമാരെയും നടിമാരെയുമാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ​ങ്കെടുത്ത് സമ്മാനം ലഭിച്ച കാര്യം ആരോഗ്യ മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വഴി പങ്കുവെച്ചിരുന്നു. മിമിക്രി മത്സരത്തിൽ പ​ങ്കെടുക്കുന്ന ചിത്രം സഹിതമാണ് മന്ത്രി വാർത്ത പങ്കുവെച്ചത്.

കലോത്സവത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി പ​​ങ്കെടുത്ത നടിയും നർത്തകിയുമായ ആശ ശരത് വേദിയിൽ കലോത്സവ ഓർമകൾ പ​ങ്കുവെച്ചിരുന്നു. കലോത്സവ കാലത്തുതന്നെ വാർത്തകളിൽ നിറഞ്ഞുനിന്ന നടിമാരായിരുന്നു മഞ്ജുവാര്യർ,നവ്യ നായർ, അമ്പിളി ദേവി എന്നിവർ. കാവ്യാ മാധവനും കലോത്സവത്തിലൂടെ സിനിമ മേഖലയിൽ എത്തിയ നടിയാണ്. നടനും നർത്തകനുമായ വിനീതും കലോത്സവ വേദിയിലൂടെ ഉയർന്നുവന്ന നടനാണ്.

1956ൽ തുടങ്ങിയ കലോത്സവത്തിന് ഇക്കൊല്ലം കോഴിക്കോട് ആണ് വേദി. രണ്ട് പ്രളയം, കോവിഡ്, ഓഖി എന്നിവയെ ഒക്കെ അതിജീവിച്ചാണ് നമ്മുടെ കുട്ടികൾ ഇത്തവണ വേദിയിൽ എത്തുന്നത്. ഓരോ കലോത്സവം കഴിയുമ്പോഴും ഒട്ടനവധി പ്രതിഭകളെയാണ് കേരളത്തിന് ലഭിക്കുന്നത്. അവരിൽ പലരും ഭാവിയിൽ വെള്ളിത്തിരയിലേക്ക് എത്താനുള്ളവരായിരിക്കും. അത്തരത്തിൽ കേരളത്തിന് ലഭിച്ചിരിക്കുന്നത് ഒട്ടനവധി കലാകാരന്മാരെയാണ്. സ്‌കൂൾ കലോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ മിടുക്കികളായ ഒരുപാട് നടിമാരും നടൻമാരുമുണ്ട്.

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ പട്ടം കരസ്ഥമാക്കിയ മഞ്ജു വാര്യരും സ്‌കൂൾ കലോത്സവത്തിൽ നിന്നും വളർന്നുവന്ന താരമാണ്. സ്ഥിരം കലോത്സങ്ങളിൽ പങ്കെടുത്തിട്ടുള്ള മഞ്ജു രണ്ട് തവണയാണ് കലാതിലകമായത്. 1992ൽ തിരൂരിലും 1995ൽ കണ്ണൂരിലും നടന്ന കലോത്സവത്തിലും മഞ്ജുവായിരുന്നു കലാതിലകം. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം തുടങ്ങി നൃത്ത ഇനങ്ങളിൽ കഴിവ് തെളിയിക്കാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞിരുന്നു. പിന്നീടാണ് വെള്ളിത്തിരയിലേക്കുള്ള അവരുടെ അരങ്ങേറ്റം.

നടൻ ദിലീപുമായിട്ടുള്ള വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന മഞ്ജു വർഷങ്ങൾക്ക് ശേഷം ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു. ഇപ്പോൾ സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച്കൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യർ അന്നും വാർത്താ താരമായിരുന്നു. നൃത്ത ഇനങ്ങളിൽ പ്രമുഖ പത്രങ്ങളുടെ ഒക്കെ ഒന്നാം പേജ് ചിത്രം മഞ്ജുവിന്റെയായിരുന്നു. മഞ്ജു വാര്യർക്ക് പിന്നാലെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് കാവ്യാ മാധവനാണ്.

കാവ്യയും കലോത്വത്തിൽ മിന്നും താരമായിരുന്നഅവർ കലാ തിലകവും ആയിട്ടുണ്ട്. 1999ലെ കലോത്സവത്തിൽ കലാതിലകമായിരുന്നു കാവ്യ. ഭരതനാട്യം, കുച്ചിപ്പുടി എന്നിവയായിരുന്നു കാവ്യ അവതരിപ്പിച്ചിരുന്നത്. ‘പൂക്കാലം വരവായി’ എന്ന സിനിമയിലൂടെ ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ 14ാം വയസിൽ നായികയായി അഭിനയിച്ചിരുന്നു. സിനിമാഭിനയത്തിന് നിരവധി പുരസ്കാരങ്ങളും കാവ്യയെ തേടിയെത്തി.

അമ്പിളി ദേവി

കേരള സ്കൂൾ കലോത്സവം മലയാള സിനിമക്ക് സമ്മാനിച്ച മറ്റൊരു താരസുന്ദരിയായിരുന്നു അമ്പിളി ദേവി.ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം തുടങ്ങിയ നൃത്ത ഇനങ്ങളിൽ കഴിവ് തെളിയിച്ച അമ്പിളി ദേവി 2001ലായിരുന്നു കലാതിലകമായത്. അതിന് മുമ്പ് സിനിമയിലേക്കെത്തിയ അമ്പിളി ദേവി പൃഥ്വിരാജിനൊപ്പം ‘മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും’ എന്ന സിനിമയിൽ അഭിനയിച്ചു.

അമ്പിളി ദേവി, നവ്യ നായർ എന്നീ നടിമാർ സ്കൂൾ കലോത്സവങ്ങളിൽ ഒരുമിച്ചാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇവർ തമ്മിൽ സ്ഥാനങ്ങളിൽ ഉണ്ടായ തർക്കം അന്ന് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. നവ്യാ നായർ കരയുന്ന ചിത്രങ്ങൾ പത്രങ്ങളിൽ ഒന്നാം പേജിൽ ഇടം പിടിച്ചു.

നവ്യ നായർ

ഓരോ സ്‌കൂൾ കലോത്സവം വരുമ്പോഴും ഏറ്റവുമധികം വാർത്തയിൽ നിറയാറുള്ളത് നടി നവ്യ നായരാണ്. 2000, 2001 വർഷങ്ങളിൽ കലോത്സവേദികളിലൂടെയാണ് നവ്യ നായർ ശ്രദ്ധേയയാവുന്നത്. 2000ൽ തൊടുപ്പുഴയിൽ നടന്ന കലോത്സവത്തിൽ തലനാരിഴക്കാണ് നവ്യക്ക് കലാതിലകപ്പട്ടം നഷ്ടമായത്. അന്ന് കരഞ്ഞ് കൊണ്ട് വേദി വിട്ടിറങ്ങിയതും മാധ്യമങ്ങളോട് പ്രതികരിച്ചതും വലിയ വാർത്തയായിരുന്നു.

ആ വർഷം നടികൂടിയായ അമ്പിളി ദേവിക്കായിരുന്നു കലാതിലകപ്പട്ടം ലഭിച്ചത്. പിന്നീട് അഭിനയത്തികവിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് വരെ നവ്യ നേടി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഒരുത്തീ’ എന്ന അവരുടെ സിനിമയും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

ജോമോൾ

ഗൗരി ചന്ദ്രശേഖർ എന്ന ജോമോളും കലോത്സവം സമ്മാനിച്ച പ്രതിഭയായിരുന്നു. ‘ഒരു വടക്കൻ വീരഗാഥ’യിൽ ഉണ്ണിയാർച്ചയുടെ വേഷം അവതരിപ്പിച്ചാണ് ജോമോൾ സിനിമയിലേക്ക് എത്തുന്നത്. ശേഷം ഒരുപാട് സിനിമകളിൽ അഭിനയിച്ച ജോമോൾക്ക് എന്ന് ‘സ്വന്തം ജാനകിക്കുട്ടി’ എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരം വരെ ലഭിച്ചിരുന്നു. 1997 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും കേരള ഫിലിം ക്രിട്ടിക്സ് അവാർഡും ഇതേ സിനിമയിലൂടെ തന്നെ ജോമോൾക്ക് ലഭിച്ചിരുന്നു.

വിവാഹ ശേഷം സിനിമകളിൽനിന്നും വിട്ടുനിൽക്കുകയാണ് ജോമോൾ. നടൻ വിനീത്, ഗിന്നസ് പക്രു, ജയസൂര്യ അടക്കമുള്ള നടൻമാർക്കും കലോത്സവത്തിൽ പ​ങ്കെടുത്തതിന്റെ മധുരതരമായ ഓർമകൾ ഉള്ളവരാണ്. ചുരുക്കത്തിൽ മലയാള സിനിമ, സാഹിത്യ മേഖലകൾക്ക് ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കം നൽകിയിട്ടുള്ള സംഭാവനകൾ ചെറുതല്ല എന്നർത്ഥം. 

Tags:    
News Summary - manju warrier,kavya,navya,jomol,veena george,ambili devi in school youth festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.