അസ്മീനയും ജിയന്ന ഹെറോൾഡും ഫസൽ കൊടുവള്ളിക്കൊപ്പം

രചയിതാവിനെക്കണ്ട് സന്തോഷമടക്കാനാവാതെ മത്സരാർഥികൾ...

 കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ പെൺകുട്ടികളുടെ ഹയർ സെക്കണ്ടറി മാപ്പിളപ്പാട്ട് വേദിയാണ് മനോഹരമായ മുഹൂർത്തങ്ങൾക്ക് സാക്ഷിയായത്. വയനാട്ടിലെ ജി.എച്ച്.എസ്.എസ് മേപ്പാടിയിൽ നിന്ന് മത്സരത്തിനെത്തിയ അസ്മീനയും ആലപ്പുഴ ചേർത്തല ഹോളി ഫാമിലി എച്ച്.എസ്.എസ് സ്കൂളിൽ നിന്നുള്ള ജിയന്ന ഹെറോൾഡും. അവർ പാടിയ

"അലിയാരെ തരുൾ നാരി തിരുനൂറിൻ മകൾ ഹൂറി

അലരാകും സുറു റിൻ സീറാം സുരറാണി...

എന്ന് തുടങ്ങുന്ന പ്രാവചകന്‍റെ പ്രിയപുത്രി ഫാതിമയുടെയും മണവാളനായ അലിയുടെയും കല്ല്യാണ വിശേഷങ്ങൾ ഇതിവൃത്തമാക്കിയ, പാട്ടിന്‍റെ രചയിതാവ് ഫസൽ കൊടുവള്ളിയെ കണ്ടപ്പോഴാണ് സന്തോഷം കൊണ്ട് മതി മറന്നത്.

നേരിട്ടൊരിക്കലും കണ്ടിട്ടില്ലാത്ത രചയിതാവിനെയറിയാതെ, ഫസൽ പോസ്റ്റ് ചെയ്ത യൂട്യൂബിൽ നിന്നെടുത്ത പാട്ട് കേട്ടാണ് ഇരുവരും പരിശീലിച്ചത്. പാട്ട് പാടിക്കഴിഞ്ഞപ്പോൾ സദസിന്‍റെ മുൻനിരയിലുണ്ടായിരുന്ന രചയിതാവിനോട് ഇരുവരും വിശേഷം പങ്കിട്ടപ്പോൾ സംഗീതം സമ്മാനിക്കുന്ന സ്നേഹ സൗഹാർദ്ദത്തിന്‍റെ പുതിയൊരിശലിന് തുടക്കമിടുകയായിരുന്നു.

Full View

ഇർഷാദ് സ്രാമ്പിക്കല്ലാണ് ഗാനത്തിന് ഈണം നൽകി പരിശീലിപ്പിച്ചത്. ഈ വർഷത്തെ സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ ഫസലിന്‍റെയും ഇർഷാദിന്‍റെയും മാപ്പിളപ്പാട്ടുകളാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയത്.

തനത് മാപ്പിളപ്പാട്ട് ശാഖയിൽ ഇരുപതോളം ട്രഡീഷണൽ പാട്ടുകൾക്ക് ഫസൽ രചന നിർവ്വഹിച്ചിട്ടുണ്ട്. 2017ൽ തൃശൂരിൽ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിലും തുടർന്നുള്ള ആലപ്പുഴ, കാസർകോട് കലാമേളകളിലും ഫസലിന്‍റെ പാട്ടുകൾ ശ്രദ്ധേയമായിരുന്നു. സിനിമാ താരം അനു സിതാരയുടെ സഹോദരി അനുസോനാര അടക്കം നിവരവധി മത്സരാർഥികൾ മൂന്ന് കലോത്സവങ്ങളിലും മാറ്റുരച്ചു.

യൂസുഫ് നബി ചരിത്രത്തിലെ

...ചിന്താരചെങ്കതിർ ചുന്ദരി ചിങ്കരിയാൾ സുലൈഖ,

പ്രളയ ദുരന്തമാലയിലെ..

പകയാലെ ബലദിതിൽ പല ബിധം പുകിന്ത പുകിൽ....

ബദർ ഖസീദയിലെ

...'തങ്കത്തേൻ തിരുനബി തരുൾതരമാൽ മക്കത്തെ തിങ്കും ബദർ...

ഹിജ്റയിലെ..

ദൂതരാം നബി ഒരു ദിനം തിരുബൈത്തിൽ..

പൂക്കോട്ടുർ പടയിലെ,

തൊള്ളായിരത്തിരുപത്തിയൊന്നിൽ..

തുടങ്ങി പോയ വർഷങ്ങളിൽ മാറ്റുരച്ച മികച്ച ഒട്ടേറെ പാട്ടുകൾ ഫസലിന്‍റേതായുണ്ട്. കൊടുവള്ളി വലിയപറമ്പ് സ്കൂളിലെ അധ്യാപകനായ ഫസൽ തനത് മാപ്പിളപ്പാട്ടുകൾക്ക് പുറമെ മൗനാക്ഷരം എന്ന സിനിമക്ക് വേണ്ടിയും മറ്റ് ആൽബങ്ങളുംഅഞ്ഞൂറോളം തെരഞ്ഞെടുപ്പ് ഗാനങ്ങളും എഴുതിയിട്ടുണ്ട്.

നടൻ വിനോദ് കോവൂർ പാടിയ കൊറോണപ്പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കോഴിക്കോട് ആകാശവാണിയിൽ കാഷ്വൽ അനൗൺസർ കൂടിയായി സേവനം ചെയ്യുന്ന ഫസലിന് മോയിൻകുട്ടി വൈദ്യരുടെ ശൈലിയിൽ മാപ്പിളപ്പാട്ടുകൾക്ക് രചന നിർവഹിക്കാനാണ് ഏറെ ഇഷ്ടം.

Tags:    
News Summary - Azmeena and Gianna Harold with Fazal Koduvally and Irshad Srampical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.