എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പേരാമ്പ്ര മണ്ഡലത്തിൽ നടത്തിയ പര്യടനത്തിൽ

സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ൾ പ്ര​തി​ഫ​ലി​ക്കി​ല്ല; ‘മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന്​ പി​ന്നീ​ട്​ തീ​രു​മാ​നി​ക്കും’

പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ചിലർ വിരുദ്ധ നിലപാടുകളുമായി ഇറങ്ങുകയും അവരിൽ ചിലർ എതിർപാളയത്തിലെ സ്ഥാനാർഥികളായി രംഗത്തുവരികയും ചെയ്യുമ്പോഴും അതൊന്നും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന പരിപൂർണ വിശ്വാസത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ. മൂന്നാം തവണയും എൽ.ഡി.എഫ് ഭരണം പിടിക്കുമെന്ന് ഉറച്ചു പറയുന്നു മാധ്യമത്തിനനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം.

തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത പൊട്ടിത്തെറികളാണല്ലോ സി.പി.എമ്മിൽ സംഭവിക്കുന്നത്. അമ്പലപ്പുഴയിലും പയ്യന്നൂരിലും തളിപ്പറമ്പിലുമെല്ലാം മുതിർന്ന നേതാക്കളാണ് പാർട്ടിയോട് ഇടഞ്ഞ് മത്സരരംഗത്തുള്ളത്. ഇത് തെരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കില്ലേ?

സി.പി.എമ്മിൽ അങ്ങനെ പൊട്ടിത്തെറിയൊന്നുമില്ല. സംഘടനാപരമായ അച്ചടക്കം ലംഘിക്കപ്പെടുന്ന പ്രവണതകൾ ചില സന്ദർഭങ്ങളിലൊക്കെ ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ പാർട്ടി സംഘടനാപരമായി നേരിട്ട്, പരിഹാര നടപടിയുമായി മുന്നോട്ടുപോവുകയാണ് ചെയ്യുന്നത്. വ്യത്യസ്ത നിലകളിലാണ് പ്രശ്നങ്ങളുണ്ടായിട്ടുള്ളത്. സുധാകരൻ പാർട്ടിയുടെ ഭാഗമായി വളർന്നുവന്ന ആളാണ്. അദ്ദേഹം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്തതെന്നാണ് എന്‍റെ അഭിപ്രായം. പാർട്ടിയിൽ അംഗത്വം പുതുക്കാനുള്ള സന്ദർഭം അദ്ദേഹത്തിനുണ്ട്.

അതിന് സഹായകമാകുന്ന നിലപാട് അദ്ദേഹം സ്വീകരിച്ചാൽ പാർട്ടിയിൽ തിരിച്ചുവരാം. പക്ഷേ, അങ്ങനെയല്ല അദ്ദേഹത്തിന്‍റെ നിലപാട്. അതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റി നിർത്തുന്ന സമീപനം സ്വീകരിക്കേണ്ടിവന്നത്. മറ്റു സ്ഥലങ്ങളിലും ഇതുപോലുള്ള ചില പ്രശ്നങ്ങളാണ്. പാർലമെന്‍ററി സ്ഥാനങ്ങൾക്കുവേണ്ടി ഇങ്ങനെ തെറ്റായ സംഘടനാരീതി സ്വീകരിക്കുന്നത് സി.പി.എമ്മിനകത്ത് ഒരിക്കലും അനുവദനീയമായ കാര്യമല്ല. ഇപ്പോൾ ഉയർന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ പാർട്ടിക്ക് സംഘടനാപരമായ ശേഷിയുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിൽ ഒരിക്കലും ഇതൊന്നും പ്രതിഫലിക്കില്ല.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കില്ലേ?

ഏതെങ്കിലും പി.ആർ ഏജൻസികളെ ഏൽപിച്ചുള്ള നിലപാടല്ല ഇക്കാര്യത്തിൽ ഞങ്ങൾ എടുത്തിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ഇടത് മുന്നണിക്ക് കിട്ടിയിട്ടില്ല എന്നത് യാഥാർഥ്യമാണ്. ആ വസ്തുത ഞങ്ങൾ അംഗീകരിക്കുന്നുണ്ട്. അതിന്‍റെ കാരണം കണ്ടെത്താൻ ഞങ്ങൾ വീടുകൾ കയറി കുടുംബങ്ങളുമായി സംവദിച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായി ആരും ഭരണവിരുദ്ധ വികാരമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്ന് പറഞ്ഞിട്ടില്ല. പ്രാദേശികമായ അഭിപ്രായ വ്യത്യാസം, ചില പ്രവർത്തകരോടുള്ള അനിഷ്ടം എന്നിങ്ങനെയുള്ള ചില കാരണങ്ങളാണുണ്ടായിട്ടുള്ളത്. അത് ഒരിക്കലും സർക്കാറിനെതിരായ വികാരമായി കാണാൻ കഴിയില്ല. പ്രവർത്തകരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പോരായ്മ ഉണ്ടായെങ്കിൽ തിരുത്തി മുന്നോട്ടുപോവുക എന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. സർക്കാർ നടപടികളോട് ജനങ്ങൾക്ക് അഭിപ്രായ വ്യത്യാസമില്ല. ജനം നല്ല നിലയിൽ മുന്നണിയെ സഹായിക്കുമെന്നു തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

തെരഞ്ഞെടുപ്പ് വിജയത്തിന് മുന്നണി എത്രത്തോളം സജ്ജമാണ്?

മുന്നണി പൂർണ സജ്ജമായാണ് ഗോദയിൽ ഇറങ്ങിയിട്ടുള്ളത്. സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയങ്ങളിലുമൊന്നും ഒരുതരത്തിലുള്ള പ്രശ്നങ്ങളുമുണ്ടായിട്ടില്ല.

മൂന്നാം തവണയും ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിന് പിൻബലം എന്താണ്?

ഇടതുമുന്നണി ഭരണം 10 വർഷം പൂർത്തിയായി. മൂന്നാംതവണയും ഭരണത്തിൽ വരുമെന്നതിന്‍റെ പിൻബലം കേരളത്തിലുണ്ടായ വികസന പ്രവർത്തനം തന്നെയാണ്. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം വൻതോതിൽ വികസനം കൊണ്ടുവരാൻ കഴിഞ്ഞ നയങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. കേരളത്തിന്‍റെ ഭാവിയുമായി ബന്ധപ്പെട്ട് ആ വികസനത്തിന് തുടർച്ച വേണം. മുമ്പ് ഒരു തെരഞ്ഞെടുപ്പിൽ ഇന്ദിരഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ‘ഗരീബി ഹഠാവോ’-ദാരിദ്യ്രം നിർമാർജനം ചെയ്യുക എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചിരുന്നു. പക്ഷേ, രാജ്യത്തൊരിടത്തും ദാരിദ്ര്യം ഒരുനിലക്കും നിർമാർജനം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ, കേരളത്തിൽ അതിദാരിദ്ര്യം ഒഴിവാക്കാൻ എൽ.ഡി.എഫ് സർക്കാറിന് സാധിച്ചു. റേഷൻ കാർഡില്ലാത്തവർ, അസുഖമായാൽ ചികിത്സിക്കാൻ കഴിയാത്തവർ ഇങ്ങനെ ഒരു പരിശോധന നടത്തി കേരളത്തിൽ 64006 കുടുംബങ്ങൾ അതിദരിദ്രരാണെന്ന് കണ്ടെത്തുകയും കഴിഞ്ഞ നാലുവർഷത്തെ ഭരണത്തിൽ അതിദാരിദ്ര്യത്തിന്‍റെ ഓരോ ഘടകവും പരിശോധിച്ച് പരിഹാരമുണ്ടാക്കുകയും ചെയ്തു. ഇനി കേവല ദാരിദ്ര്യം നിലനിൽക്കുകയാണ്. ഇതും ഒഴിവാക്കാൻ കഴിയുമെന്നതാണ് ഇടതുമുന്നണിയുടെ നിലപാട്. അതിന് വീടുകളിൽ വരുമാനം വർധിക്കണം. അതിനുള്ള വഴി തൊഴിൽ ലഭ്യമാക്കുക എന്നതാണ്. കേരളത്തിലെ സ്ത്രീകളിൽ പകുതി പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കണം. അതിനായി വൈജ്ഞാനിക മിഷൻ പ്രവർത്തിക്കുന്നുണ്ട്. അതിന്‍റെ തുടർ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ, ജനജീവിതത്തിന്‍റെ എല്ലാ മേഖലകളിലും അഭിവൃദ്ധി ഉണ്ടാക്കാൻ കഴിയണമെങ്കിൽ, ഇവിടെ നടപ്പിലാക്കിയ പ്രവർത്തനത്തിന്‍റെ അനുഭവങ്ങളിൽനിന്ന് ഞാൻ പറയുന്നു ഇടതുമുന്നണിക്ക് ഭരണത്തുടർച്ച വേണം.

പ്രകടന പത്രികയുടെ ഊന്നൽ എന്തിനായിരിക്കും?

തൊഴിലിന് തന്നെയാണ് പ്രഥമ പരിഗണന. കൃഷി, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളിലും കൂടുതൽ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതിന് ഫലപ്രദമായി ഇടപെടുന്നതിനാവശ്യമായ ഭരണകാഴ്ചപ്പാട് ഉയർത്താനാണ് ശ്രമമുണ്ടാവുക.

മൂന്നാംവട്ടവും അധികാരത്തിലേറിയാൽ പിണറായി വിജയൻ തന്നെയായിരിക്കുമോ മുഖ്യമന്ത്രി?

അത് അങ്ങനെ തീരുമാനിക്കുന്ന നിലയില്ല. പിണറായിയാണ് ഇപ്പോൾ കേരളത്തിൽ ഇടതുമുന്നണിക്ക് നേതൃത്വം നൽകുന്നത്. കരുത്തുറ്റ നേതൃത്വമായി അത് തുടരുന്നുണ്ട്. മുഖ്യമന്ത്രി ആര് എന്നതിലെല്ലാം അതത് ഘട്ടത്തിൽ ആവശ്യമായ തീരുമാനം ഞങ്ങൾ കൈക്കൊള്ളും.

Tags:    
News Summary - TP Ramakrishanan says Who will be the Chief Minister will be decided later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.