മ​ന്ത്രി അ​ഡ്വ. പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

വ്യക്തിഹത്യകൾ മറുപടി അർഹിക്കുന്നില്ല

കേരളം വികസനപാതയിലെന്ന് കാണിക്കുന്ന റോഡ് വികസനം, ടൂറിസംരംഗത്തെ വളർച്ച... സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിനോടടുക്കുമ്പോൾ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന പ്രചാരണങ്ങളിൽ പ്രധാനപ്പെട്ടവയാണിത്. അതേസമയം പൊതുമരാമത്ത്-ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിക്കെതിരെ നിരന്തരം തുടരുന്ന വ്യക്തിഹത്യ മറുഭാഗത്തും. സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രതീക്ഷകളും പങ്കുവെക്കുകയാണ് പൊതുമരാമത്ത് -ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്.

ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും വലിയ തൂണുകളാകുക അവിടത്തെ അടിസ്ഥാന സൗകര്യ വികസനമാണ്. അതിൽ പ്രധാനമാണ് റോഡുകൾ. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിലെ റോഡുകളുടെയും പാലങ്ങളുടെയും അവസ്ഥയിലുണ്ടായ മാറ്റങ്ങളെന്താണ്?

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പശ്ചാത്തല വികസന മേഖലയിൽ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ദേശീയ ശരാശരിയേക്കാൾ ഏകദേശം മൂന്നിരട്ടിയാണ് കേരളത്തിലെ ജനസാന്ദ്രത. ഒരു സ്ക്വയർ കിലോമീറ്ററിൽ 800ൽ അധികം ആളുകൾ. ദേശീയ ശരാശരി 300ൽ അധികവും. അതുകൊണ്ടുതന്നെ വീതിയുള്ള റോഡ് സംസ്ഥാനത്ത് കൊണ്ടുവരിക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഭൂമി ഏറ്റെടുക്കലാണ് പ്രധാന വെല്ലുവിളി. മിക്കവാറും ഈ പ്രദേശങ്ങൾ വീടുകളോ കടകളോ ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശങ്ങളോ ആകാം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ടിവരും. കേരളത്തിലെ സാമ്പത്തിക സ്ത്രോതസ്സിൽ വരുമാനം വളരെ കുറവാണ്. കാലാവസ്ഥയാണ് കേരളത്തിൽ പരിഗണിക്കേണ്ട മറ്റൊരു വിഷയം. നിർമാണം അതുകൊണ്ടുതന്നെ കാലാവസ്ഥക്ക് അനുസൃതമായി നടപ്പാക്കണം.

ഇന്ത്യയിൽ ഏറ്റവും അധികം ഗ്രാമീണ റോഡുകൾ കേരളത്തിലാണ്. 1996ൽ എൽ.ഡി.എഫ് ഭരണകാലത്ത് നടപ്പാക്കിയ ജനകീയാസൂത്രണ പരിപാടിയാണ് ഇതിന് തുടക്കമിട്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ വീതിയുള്ള റോഡ് കാണാം. എന്നാൽ ഗ്രാമങ്ങളിൽ റോഡുകളുണ്ടാകില്ല. റോഡ് വികസനത്തിനായി ഫണ്ട് കണ്ടെത്തുക എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. അങ്ങനെ പശ്ചാത്തല വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി കൂടിയാണ് സംസ്ഥാന സർക്കാർ കിഫ്ബി അവതരിപ്പിച്ചത്. പത്തുവർഷത്തിനിടെ 2046ൽ കേരളത്തിൽ വരേണ്ട റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഇതിനോടകംതന്നെ വരികയും പ്രവൃത്തി നടക്കുകയും ചെയ്യുന്നു. രണ്ടാം എൽ.ഡി.എഫ് സർക്കാരിൽ അഞ്ചുവർഷം കൊണ്ട് നൂറ് പാലമായിരുന്നു ലക്ഷ്യം. എന്നാൽ, ഇപ്പോൾ 200നടുത്ത് പാലങ്ങൾ നിർമാണം പൂർത്തിയാക്കി കഴിഞ്ഞു. ഏറ്റവും ഗുണനിലവാരം ഉറപ്പുവരുത്തിയുള്ള ബി.എം ബി.സി റോഡുകൾ കൊണ്ടുവന്നു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനം വോട്ടാക്കി മാറ്റാൻ കഴിയുമോ? ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായിരുന്നല്ലോ?

ജനങ്ങൾ ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്ത രീതിയിലാണ് വോട്ട് രേഖപ്പെടുത്തുക. ലോക്സഭ തെരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ട് ചെയ്യുക. ഡൽഹിയിലേക്ക് എൽ.ഡി.എഫിന് വോട്ട് ചെയ്തിട്ട് എന്തുകാര്യം എന്ന പ്രചരണമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ രീതിയിൽ പ്രതിപക്ഷം നടത്തിയത്. എൽ.ഡി.എഫിനോടുള്ള എല്ലാ സ്നേഹവും നിലനിർത്തി, ബി.ജെ.പി വരാതിരിക്കാൻ യു.ഡി.എഫിന് വോട്ട് ചെയ്ത ഒരുപാടുപേരെ അറിയാം. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക വികാരമാണ് വോട്ടാകുക. അവിടെ രാഷ്ട്രീയത്തേക്കാളുപരി വ്യക്തിബന്ധങ്ങൾക്കാണ് വോട്ട്. പ്രതീക്ഷിച്ച വിജയമില്ലാത്ത തെരഞ്ഞെടുപ്പായിട്ടും യു.ഡി.എഫിന്റെ വളരെക്കാലമായുള്ള സിറ്റിങ് പഞ്ചായത്തുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയമാണ് സ്വാധീനിക്കുക. ആരുടെ കൈയിലായിരിക്കും ഭരണം ഭദ്രം എന്നതാണ് ജനങ്ങൾ നോക്കുക. പത്തുകൊല്ലം ഒരു വർഗീയ കലാപവുമില്ലാത്ത സംസ്ഥാനമായിരുന്നു കേരളം. പശ്ചാത്തല വികസനം, സർക്കാർ സ്കൂളുകൾ, സർക്കാർ ആശുപത്രി, സാമൂഹികക്ഷേമ പെൻഷൻ, സ്ത്രീ സുരക്ഷ പെൻഷൻ തുടങ്ങിയവയെല്ലാം എൽ.ഡി.എഫിന്റെ നേട്ടങ്ങളാണ്. 98 എം.എൽ.എമാർക്കും നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ 98ലധികം സീറ്റുകൾ നേടി എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്നാണ് വിശ്വാസം.

വർഗീയ കലാപങ്ങളില്ലാത്ത ഒരു ദശകം എന്നത് അഭിമാനകരവും അതിലുപരി ആശ്വാസകരവുമാണെങ്കിലും മതനിരപേക്ഷതയെ തകർക്കുന്ന അപകടകരമായ പ്രവണതകൾ വ്യാപകമല്ലേ?

അതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. കേരളത്തെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്നു. എൽ.ഡി.എഫ് ഇവിടെ ഭരിക്കുന്നതുകൊണ്ടുമാത്രമാണിത്. കർണാടകയിലും തെലങ്കാനയിലുമെല്ലാം ബി.ജെ.പി ഇതര ഭരണമാണ്. അവരെയൊന്നും ഇത്തരത്തിൽ ആക്രമിക്കുന്നില്ല. കർണാടകയിൽ ബുൾഡോസർ രാജിലൂടെ ന്യൂനപക്ഷങ്ങളെ നിരന്തരം ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. പൗരത്വ രജിസ്റ്റർ നടപ്പാക്കില്ല എന്നുപറഞ്ഞ് വിജ്ഞാപനം ഇറക്കിയ ഏക സംസ്ഥാനം കേരളമാണ്. പൗരത്വ നിയമത്തിന്റെ ഭാഗമായി ആളുകളെ അടിച്ചോടിക്കുന്നതിനെ പ്രതിരോധിക്കുന്നതിനായി നേറ്റിവിറ്റി കാർഡ് പുറത്തിറക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഏത് മതത്തിൽ വിശ്വസിക്കുന്നവർക്കും സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷം കേരളത്തിൽ നിലവിലുണ്ട്. ‘കേരള സ്റ്റോറി’ പോലുള്ള അസംബന്ധങ്ങൾ, ജനങ്ങളുടെ ഐക്യം തകർക്കുന്ന നിലപാടുകൾ എല്ലാം വരുമ്പോഴും ഒരു തുരുത്തുപോലെ മതസാഹോദര്യം കാത്തുസൂക്ഷിക്കാൻ കേരളത്തിന് കഴിയുന്നത് എൽ.ഡി.എഫ് സർക്കാറുള്ളതുകൊണ്ടാണ്.

മന്ത്രിയായി ചുമതലയേറ്റ അന്നുമുതൽ ഏറ്റവും കൂടുതൽ വ്യക്തിഹത്യ നേരിടേണ്ടിവന്ന ഒരാളാണ് താങ്കൾ. ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു?

എന്തെങ്കിലും ആരെങ്കിലും വിളിച്ചുപറഞ്ഞാൽ, അതിനെല്ലാം മറുപടി പറയേണ്ട ആവശ്യമില്ല. നമ്മളെ ബാധിക്കുന്ന വിഷയമാണെങ്കിൽ മാത്രം അതിനെ നേരിട്ടാൽ മതി. ജനങ്ങൾ ആഗ്രഹിക്കുന്നത് വിവാദമല്ല, കലഹങ്ങളല്ല. ആരോഗ്യകരമായ സംവാദവും രാഷ്ട്രീയ ചർച്ചയും വികസനവുമാണ് അവർക്കിഷ്ടം. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയുക, ആരോഗ്യകരമാകണം. ആവശ്യമില്ലാത്തതിൽ മറുപടി പറയാതിരിക്കുക. വ്യക്തിപരമായി ഒരുപാട് ആക്ഷേപങ്ങൾ നേരിട്ടയാളാണ് ഞാൻ. ഏത് തൊഴിൽ രംഗത്തും കരുത്തും ആത്മവിശ്വാസവും ഉണ്ടാകണം. ജനം നമ്മെ കാണുമ്പോൾ ഒരു കിലോമീറ്റർ അപ്പുറത്തേക്ക് ഓടിമാറിയാൽ ജനം നമ്മളിൽനിന്ന് അകലുന്നു, നമ്മെ ഇഷ്ടമില്ല എന്ന് മനസിലാക്കണം. എന്നാൽ നമ്മെ കാണുമ്പോൾ ഓടി അടുക്കുകയും സ്നേഹിക്കുകയും ചെയ്യുകയാണെങ്കിൽ ജനം ഇഷ്ടപ്പെടുന്നു എന്ന് മനസിലാക്കാം. വ്യക്തിഹത്യക്ക് തിരിച്ച് അതേനാണയത്തിൽ മറുപടി പറയുന്നതിനോട് യോജിക്കുന്നില്ല.

‘അഴിമതിയും കെടുകാര്യസ്ഥതയും’ നിറഞ്ഞ വകുപ്പ് എന്ന പേര് പതിഞ്ഞ വകുപ്പാണ് പൊതു മരാമത്ത്. എന്തു മാറ്റമാണ് താങ്കൾക്ക് വരുത്താനായത്? ‘വെള്ളാനകളുടെ നാട്ടി’ലെ അവസ്ഥയിൽ നിന്ന് കാര്യമായ പുരോഗതിയുണ്ടെന്ന് അവകാശപ്പെടാനാകുമോ?...

ആ ദുഷ്പേര് മാറ്റിയെടുക്കാനായി എന്ന് ഉറച്ച ബോധ്യത്തോടെ പറയാനാവും. ഒരിക്കൽ ഒരു പൊതുപരിപാടിയിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥ അടുത്തുവന്നിരുന്നു. ‘ഇതെന്റെ അവസാനത്തെ പൊതുമരാമത്ത് പരിപാടിയാണ്, ഞാൻ റിട്ടയർ ആകാൻ പോകുകയാണ്. എനിക്ക് ഇവിടേക്ക് പണമൊന്നും വാങ്ങാതെ സ്ഥലംമാറ്റം തന്നതിന് നന്ദി പറയുന്നു’ എന്നവർ പറഞ്ഞു. 2016 മുമ്പ് സ്ഥലംമാറ്റത്തിന് പണം നൽകണമായിരുന്നു. ആ പണം കരാറുകാരാണ് ഉദ്യോഗസ്ഥർക്ക് വേണ്ടി നൽകുക. ഇത്തരം പ്രശ്നങ്ങൾ ഇവിടെ നേരിട്ടിരുന്നു. അഴിമതിക്കെതിരെ എൽ.ഡി.എഫ് കൈക്കൊണ്ട ശക്തമായ നിലപാടാണ് ആ സ്ഥിതി മാറ്റിയെടുത്തത്.

കേന്ദ്രത്തിനും പ്രതിപക്ഷമായ കോൺഗ്രസിനും ഒരേപോലെ കണ്ണുള്ള മണ്ഡലമാണ് വയനാട്. മാത്രമല്ല, കോൺഗ്രസിന്റെ ദേശീയനേതാവിന്റെ മണ്ഡലവും. അവിടെ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ ജനങ്ങൾ എങ്ങനെയാകും നോക്കികാണുക?

മലയാളികളുടെ മനസ്സിൽ ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ച സംഭവമാണ് ചൂരൽമല ദുരന്തം. അതിഭീകരമായിരുന്നു അവിടെ കണ്ട കാഴ്ച. വീട്ടിൽ രണ്ടും മൂന്നും പേരെ നഷ്ടപ്പെട്ടവർ ജീവിച്ചിരിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞ് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ. അവിടെ പുനരധിവാസ പ്രവർത്തനം മനുഷ്യത്വത്തിലൂന്നിയാവണം. അവിടെ രാഷ്ട്രീയമില്ല. എല്ലാവരെയും ചേർത്തുനിർത്താനായിരുന്നു സർക്കാറിന്റെ ശ്രമം. അവിടെ വോട്ടിനുവേണ്ടിയല്ല ഒരു പ്രവർത്തനവും നടത്തിയത്, അത് ജനങ്ങൾക്കുവേണ്ടിയാണ്, ഒരു ജനതയുടെ അതിജീവനത്തിനുവേണ്ടിയാണ്.

എന്നാൽ, മലയോര മേഖലയോട് എന്നും അവഗണനയോടുള്ള നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. അതിനോട് മൃദുവായ സമീപനമാണ് എം.പിയും യു.ഡി.എഫും സ്വീകരിച്ചുവരുന്നത്. ഇതിനെതിരെ ശക്തമായ നിലപാടുകളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.

Tags:    
News Summary - Personal assassinations do not deserve a response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.