തുര്‍ക്കിയില്‍ ഭരണകക്ഷിയുടെ 30,0000 ഇ-മെയിലുകള്‍ വിക്കിലീക്സ് ചോര്‍ത്തി

അങ്കാറ: തുര്‍ക്കിയില്‍ ഭരണകക്ഷിയായ അക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട 30,0000ത്തോളം ഇ-മെയിലുകള്‍ വിക്കിലീക്സ് ചോര്‍ത്തി പ്രസിദ്ധീകരിച്ചു. ഭരണകക്ഷിയുടെ അക്പാര്‍ട്ടി ഡോട്ട് ഓര്‍ഗ് എന്ന വെബ് ഡൊമൈനില്‍നിന്നുള്ള ഇ-മെയിലുകളാണ് ചോര്‍ത്തിയത്. ഇതേതുടര്‍ന്ന്, വെബ്സൈറ്റിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി. രാജ്യത്തെ ഇന്‍റര്‍നെറ്റ് നിരീക്ഷകരായ ടി.ഐ.ബിയുടേതാണ് നടപടി. പട്ടാള അട്ടിമറിശ്രമം പരാജയപ്പെട്ടതിനുശേഷം, രാജ്യത്ത് ഉദ്യോഗസ്ഥര്‍ക്കും ജഡ്ജിമാര്‍ക്കുമെതിരെ നടപടി തുടരുന്നതിനിടെയാണ് പുതിയ സംഭവം. വരുംദിവസങ്ങളില്‍ കൂടുതല്‍ ഇ-മെയിലുകള്‍ പ്രസിദ്ധീകരിക്കുമെന്ന് വിക്കിലീക്സ് വ്യക്തമാക്കിയിട്ടുണ്ട്.

2010 മുതല്‍ ഇക്കഴിഞ്ഞ ജൂലൈ ആറു വരെയുള്ള ഇ-മെയിലുകളാണ് കഴിഞ്ഞ ദിവസം വിക്കിലീക്സ് പുറത്തുവിട്ടത്. ജൂലൈ 16നാണ് അട്ടിമറി ശ്രമം നടന്നത്. എന്നാല്‍, അന്താരാഷ്ട്രീയ വിഷയങ്ങള്‍ക്കപ്പുറം, അട്ടിമറിശ്രമം പോലുള്ള ആഭ്യന്തര കാര്യങ്ങളുടെ വിവരങ്ങളൊന്നും ഇ-മെയിലുകളിലില്ളെന്ന് വിക്കിലീക്സ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇപ്പോര്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ള നടപടികളുടെ പ്രതികരണമെന്നോണമാണ് ഇവ പുറത്തുവിട്ടിരിക്കുന്നത്. അട്ടിമറിയുമായോ അക് പാര്‍ട്ടിയുടെ എതിരാളികളുമായോ ബന്ധപ്പെട്ട വിവരങ്ങളൊന്നും പ്രസിദ്ധീകരിച്ച ഇ-മെയിലുകളിലില്ല. അതേസമയം, ചുരുങ്ങിയത് അക് പാര്‍ട്ടിയുടെ 10 പാര്‍ലമെന്‍റ് അംഗങ്ങളുടെയെങ്കിലും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

നിയമവിരുദ്ധമായി ശേഖരിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനും വ്യക്തികളുടെ സ്വകാര്യത ഹനിച്ചതിനുമാണ് വിക്കിലീക്സിന് വിലക്കേര്‍പ്പെടുത്തിയതെന്ന് തുര്‍ക്കി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അക് പാര്‍ട്ടിയുമായോ തുര്‍ക്കിയുമായോ ബന്ധപ്പെട്ട പ്രധാന വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ളെന്നാണ് സൂചന. അക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ഏതാനും സ്പാം മെയിലുകളും മറ്റുമാണ് പ്രസിദ്ധീകരിച്ചവയിലധികവും.

അതിനിടെ രാജ്യത്ത് അധ്യാപകര്‍ തുടര്‍പഠനത്തിനായി  വിദേശത്ത്പോകുന്നത് വിലക്കി. വിദേശത്ത് തങ്ങുന്നവരോട് ഉടന്‍ തിരികെയത്തൊനും ഉന്നത വിദ്യാഭ്യാസ സമിതി നിര്‍ദേശിച്ചിട്ടുണ്ടെന്ന്  ദേശീയ പത്രം അനദൊലു റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലെ സൈനിക അട്ടിമറിയുടെ ആസൂത്രകനെന്നു കരുതുന്ന ഫത്ഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് കരുതുന്ന സൈനിക-പൊലീസ് മേധാവികളെയും വിദ്യാഭ്യാസ വിദഗ്ധരെയും പിരിച്ചുവിട്ടിരുന്നു. അക്കാദമിക-ഭരണ രംഗത്തെ ഉന്നതര്‍ക്ക് യു.എസ് ആസ്ഥാനമായുള്ള ഗുലന്‍െറ സംഘടനയുമായി (ഫെറ്റോ) ബന്ധമുണ്ടോ എന്നതും സമിതി പരിശോധിച്ചുവരുകയാണ്. യു.എസിലെ പെന്‍സല്‍വേനിയയിലാണ് ഗുലന്‍ താമസിക്കുന്നത്.

 തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ ഹോട്ടല്‍ സൈന്യം ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. കൊട്ടാരം സംരക്ഷിക്കാന്‍ ജനം നടുറോഡിലിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. ഇവര്‍ക്കുനേരെ സൈന്യം ടാങ്കര്‍ ഓടിച്ചുകയറ്റുന്നതും കാണാം. കഴിഞ്ഞ ദിവസമാണ് പ്രസിഡന്‍റിന്‍െറ ഓഫിസ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.